‘എന്നെ കൊന്ന് തരൂ, പ്ലീസ്...’; 28ാം വയസ്സിൽ ദയാവധത്തിന് അനുമതി തേടി ഗായകൻ

Mail This Article
ദയാവധത്തിന് അനുമതി തേടി ഗായകൻ ജോസഫ് അവ്വ ഡാർകോ. നെതർലൻഡ്സ് സർക്കാരിനോടാണ് 28കാരനായ ഗായകൻ ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. കടുത്ത മാനസിക പ്രശ്നത്തിലൂടെയാണ് കടന്നുപോകുന്നതെന്നും നിയപരമായി ജീവിതം അവസാനിപ്പിക്കാനാണ് ആഗ്രഹിക്കുന്നതെന്നും ജോസഫ് അവ്വ ഡാർകോ പറയുന്നു. ഔദ്യോഗിക സമൂഹമാധ്യമ പേജിലൂടെ തന്റെ ജീവിതകഥയും ദയാവധത്തിന് അനുമതി തേടുന്നതുമായി ബന്ധപ്പെട്ട വിവരങ്ങളും അദ്ദേഹം പങ്കുവച്ചു. ‘ദ് ലാസ്റ്റ് സപ്പർ പ്രോജക്ട്’ എന്ന പേരിലാണ് ജോസഫ് തന്റെ കഥ മറ്റുള്ളവര്‍ക്കായി വിവരിക്കുന്നത്.
ബ്രിട്ടനിൽ നിന്നുള്ള ഗായകനായ ജോസഫ്, കഴിഞ്ഞ കുറേ മാസങ്ങളായി നെതർലൻഡ്സിലാണ് താമസം. ദയാവധം നിയമപരമായി നടപ്പിലാക്കുന്ന രാജ്യമാണ് നെതര്‍ലന്‍ഡ്സ് എന്നും അതുകൊണ്ടാണ് താൻ സ്വദേശം വിട്ട് അവിടേക്കു മാറിയതെന്നും അദ്ദേഹം പറയുന്നു. കടുത്ത മാനസിക പ്രശ്നങ്ങളിലൂടെ കടന്നു പോകുന്നതിനാൽ ഇനി ജീവിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും കഴിഞ്ഞ 5 വർഷങ്ങൾ കൊണ്ട് ആലോചിച്ചെടുത്ത തീരുമാനമാണ് ഇതെന്നും ഗായകൻ വെളിപ്പെടുത്തി.
‘ജീവിതത്തെ ഞാന്‍ ഒരിക്കലും വില കുറച്ച് കണ്ടിട്ടില്ല. ജീവിക്കാൻ എനിക്കു യോഗ്യതയില്ലെന്നു തോന്നിയിട്ടുമില്ല. എന്നാല്‍ ഞാൻ കടന്നുപോകുന്ന മാനസിക പ്രശ്നങ്ങൾ സഹിക്കാനാകാത്തതാണ്. ഇത്തരത്തില്‍ ജീവിതം അവസാനിപ്പിക്കുന്നതിനൊരു അന്തസുണ്ടെന്ന് എനിക്കു തോന്നുന്നു’– ജോസഫ് പറഞ്ഞു. ബൈപോളാര്‍ ഡിസോഡർ ആണ് തന്‍റെ പ്രധാനപ്രശ്നമെന്നും ഈ വിഷയം സംബന്ധിച്ച് നിരവധിപേരുമായി താൻ ആശയവിനിമയം നടത്തിയെന്നും പറഞ്ഞ ജോസഫ്, തന്‍റെ ഈ തീരുമാനം മറ്റൊരാളും അനുകരിക്കരുതെന്നും അഭ്യർഥിച്ചു. പിടിഎസ്ഡി (Post-traumatic stress disorder) എന്ന അവസ്ഥയിലൂടെയും താന്‍ ദിനംപ്രതി കടന്നു പോവുകയാണെന്ന് ജോസഫ് പറയുന്നു.
ഗായകന്‍റെ കുറിപ്പുകള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ നിരവധി പേരാണ് പ്രതികരണങ്ങളുമായി എത്തുന്നത്. ദയാവധം എന്ന തീരുമാനത്തില്‍ നിന്ന് മാറി മാനസികാരോഗ്യം വീണ്ടെടുക്കാന്‍ ഉപദേശിക്കുകയാണ് പലരും. ഇതിനിടെ 'ഡിയര്‍ ആര്‍ട്ടിസ്റ്റ്' എന്ന പുസ്തകം പ്രസിദ്ധീകരിക്കാനൊരുങ്ങുകയാണ് ജോസഫ് അവ്വ ഡാർകോ. അതില്‍ നിന്നു ലഭിക്കുന്ന വരുമാനം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുമെന്നും ജോസഫ് പറയുന്നു. അതുവരെ ജീവിച്ചിരിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക)