ദോശമാവ് പുളി കൂടിപ്പോയോ? കളയേണ്ട, ഈ വഴികള്‍ പരീക്ഷിക്കൂ!

Mail This Article
പ്രാതലിന് നല്ല മൊരിഞ്ഞ ദോശയും ചട്ണിയും സാമ്പാറുമൊക്കെ കഴിക്കാന്‍ ഇഷ്ടമല്ലാത്ത ആരും ഉണ്ടാവില്ല. ഒരിക്കല്‍ തയ്യാറാക്കിയാല്‍ അനേകനാള്‍ കേടാകാതെ നില്‍ക്കും എന്നതാണ് ദോശമാവിന്‍റെ ഒരു പ്രത്യേകത. എന്നാല്‍ കുറച്ചു ദിവസങ്ങള്‍ കഴിയുമ്പോള്‍ ഇത് പുളിച്ചു പോകും എന്നത് ഒരു പ്രശ്നമാണ്.

ദോശമാവ് പുളിച്ചു പോയാല്‍പ്പിന്നെ അത് കളയുകയല്ലാതെ വേറെ വഴി ഇല്ല. ഇതുകൊണ്ട് ദോശ ഉണ്ടാക്കിയാല്‍ വാളന്‍പുളി തോല്‍ക്കുന്ന പുളിയായിരിക്കും. ദോശമാവ് പുളിച്ച് പോവാതിരിക്കാന്‍ നമുക്ക് ചില പൊടിക്കൈകള്‍ പരീക്ഷിച്ചാലോ?
ദോശമാവ് ഉണ്ടാക്കുമ്പോള്‍
മൂന്നു ഗ്ലാസ് പച്ചരിയും ഒന്നര ഗ്ലാസ് ഉഴുന്നും വെവ്വേറെ എടുത്ത് നന്നായി കഴുകിയ ശേഷം, വെള്ളത്തില്‍ കുതിര്‍ക്കാന്‍ വെക്കുക. അരിയില്‍ രണ്ടു ടേബിള്‍സ്പൂണ്‍ ഉലുവ കൂടി ചേര്‍ക്കുക. രണ്ടു മണിക്കൂര്‍ നേരം നേരം പുറത്തും പിന്നീട് മൂന്നു മണിക്കൂര്‍ നേരം ഫ്രിജിലും വച്ചാണ് കുതിര്‍ത്തെടുക്കുന്നത്. ഇങ്ങനെ ചെയ്യുമ്പോള്‍ മിക്സിയില്‍ അടിച്ചെടുക്കുമ്പോള്‍ മാവ് ചൂടാവില്ല. മാവ് ചൂടായാല്‍ പെട്ടെന്ന് പുളിച്ചു പോകാന്‍ സാധ്യതയുണ്ട്.

ആദ്യം ഉഴുന്ന് മുഴുവന്‍ നന്നായി അടിച്ചെടുക്കുക. പിന്നീട് അരിയും അടിച്ചെടുക്കണം. ഇതിനായി, അരിയും അല്‍പ്പം വെള്ളവും ചേര്‍ത്ത് മിക്സിയില്‍ ഐസ്ക്യൂബ്സ് കൂടി ഇട്ട് അടിച്ചെടുക്കുക. അരി ഒട്ടും തന്നെ ചൂടാകാന്‍ പാടുള്ളതല്ല. അടിക്കുമ്പോള്‍ ഒരു പിടി ചോറ് കൂടി ഇതിലേക്ക് ചേര്‍ക്കുക.
ഇനി അടിച്ചെടുത്ത ഉഴുന്ന് മാവും അരിമാവും കൂടി കൈ ഉപയോഗിച്ച് നന്നായി ഇളക്കി മിക്സ് ചെയ്യണം.
ഈ മാവ് അരമണിക്കൂര്‍ നേരം തണുത്ത വെള്ളത്തില്‍ ഇറക്കിവയ്ക്കുക. ശേഷം ഇത് ഫ്രിഡ്ജില്‍ കയറ്റിവയ്ക്കുക. ഒരിക്കലും ദോശമാവ് പുറമേ സൂക്ഷിക്കരുത്. ഫ്രിഡ്ജിനുള്ളിലെ പരിതസ്ഥിതിയില്‍ ബാക്ടീരിയകള്‍ ശരിക്ക് പ്രവര്‍ത്തിക്കാത്തതിനാല്‍ മാവ് പുളിച്ച് പോവില്ല. ഇതില്‍ നിന്നും ആവശ്യത്തിനനുസരിച്ച് കുറച്ചു കുറച്ച് മാവായി എടുത്ത് ഉപ്പ് ചേര്‍ത്ത് ഉപയോഗിക്കാം.

മാവില്‍ അല്‍പ്പം പഞ്ചസാര
മാവ് പുളിച്ച് പോവാതിരിക്കാന്‍ ചെയ്യാവുന്ന മറ്റൊരു കാര്യമാണ് പഞ്ചസാര ചേര്‍ക്കുക എന്നത്. ഇത് അമിതപുളിയെ ഇല്ലാതാക്കുന്നു. ഒരു നുള്ള് പഞ്ചസാര ചേര്‍ക്കുന്നത് മാവിന്‍റെ രുചി സന്തുലിതമാക്കുന്നതിനും പുളി രുചി കുറക്കുന്നതിനും സഹായിക്കുന്നു.
പുളിച്ച മാവ് കളയേണ്ട
പുളിച്ചു പോയ മാവ് കളയേണ്ട ആവശ്യമില്ല. അതിലേക്ക് അല്‍പം അരിമാവ് ചേര്‍ക്കുക. എന്നിട്ട് അരമണിക്കൂര്‍ മാറ്റി വെക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ മാവിന്‍റെ പുളി കുറയുന്നു. മാത്രമല്ല ഈ മാവ് ഉപയോഗിച്ചാല്‍ നല്ല മൊരിഞ്ഞ ദോശ കിട്ടും, മാത്രമല്ല രുചിയും കൂടും. പുളിച്ച മാവ് ഉപയോഗിച്ച് മസാല ദോശയുണ്ടാക്കാം. ഉരുളക്കിഴങ്ങ്, ബീറ്റ്റൂട്ട്, ഉള്ളി, മസാലകള്‍ എന്നിവ ഉപയോഗിച്ച് തയ്യാറാക്കുന്ന മസാല മാവിന്‍റെ പുളിപ്പ് കുറയ്ക്കുന്നു.