പ്രസാദാത്മക മുഖം മാറ്റി വക്രീകരിച്ച മോന്തയുള്ള കുഞ്ചാക്കോ ബോബൻ: ‘ഓഫിസറി’നെതിരെ ഡോ. സി.ജെ. ജോൺ

Mail This Article
കുഞ്ചാക്കോ ബോബൻ നായകനായെത്തിയ ‘ഓഫിസർ ഓൺ ഡ്യൂട്ടി’ സിനിമയെ വിമർശിച്ച് മനശാസ്ത്ര വിദഗ്ധൻ ഡോ.സി ജെ ജോൺ. വയലൻസിന്റെ അതിപ്രസരമുള്ള ‘മാർക്കോ’ സീരിസിൽ പെടുത്താവുന്ന സിനിമയാണിതെന്നും പതിനെട്ട് വയസ്സിൽ താഴെയുള്ള ആരെയും ഒടിടിയിൽ പോലും ഇത് കാണിക്കരുതെന്നും അദ്ദേഹം പറയുന്നു.
‘‘തികച്ചും അവിശ്വസനീയമായ കഥാ തന്തുവിൽ അതിനേക്കാൾ അവിശ്വസനീയങ്ങളായ പ്രതികാരങ്ങളും ക്രൈമുകളും കോർത്തിണക്കിയ ആന്റി സോഷ്യൽ സിനിമയാണ് കുഞ്ചാക്കോ ബോബൻ നായകനായി അഭിനയിച്ച ഓഫിസർ ഓൺ ഡ്യൂട്ടി. തൂങ്ങി മരണത്തിന്റെ ഡെമോൺസ്‌ട്രേഷനുണ്ട്.
മാർക്കോ സീരിസിൽ പെടുത്താവുന്ന സിനിമയാണ്. സമൂഹത്തിൽ അക്രമം പൊടി പൊടിക്കുന്നുണ്ട്. പ്രസാദാത്മക മുഖം മാറ്റി വക്രീകരിച്ച മോന്തയുള്ള കുഞ്ചാക്കോ ബോബൻ, സിനിമയുടെ മുഖം മാറ്റത്തിന്റെ പ്രതീകമാണ്. കാശ് വീഴാൻ ഇതേ വഴിയുള്ളൂ. ഇരകളാണെന്ന സാധ്യതയുള്ളവരുമായി ഡ്യൂട്ടിയിൽ ഉള്ള പൊലീസ് ഓഫിസർ ഇടപെടുന്ന രീതി ഒട്ടും മാതൃകാപരമല്ല. മാനസിക പ്രശ്നമെന്ന നയം നീതികരിക്കാവുന്നതുമല്ല.
വില്ലൻ ഗാങ്ങിന്റെ ക്രൂരത അവരുടെ വ്യക്തിപരമായ സ്വഭാവ ദൂഷ്യം. മറ്റുള്ളവർക്ക് ശല്യമാകുന്ന ഇവരുടെ പെരുമാറ്റങ്ങളോട് അനിഷ്ടം കാട്ടിയവരേ ക്രൂരമായി ഉപദ്രവിക്കുന്നതിലെ ലോജിക്ക് തീരെ വർക്ക് ആകുന്നില്ല. ഇമ്മാതിരി മുതലുകളോട് എതിർക്കാൻ പോയി പണി വാങ്ങരുതെന്ന സന്ദേശവും കിട്ടും. അവരുടെ രോഗാതുരമായ റിവഞ്ചിന് കൈയ്യടിക്കുന്നവരും ഉണ്ടാകാം.
പട്ടാപകൽ കൊല ചെയ്തവർക്ക് പാട്ടും പാടി ജാമ്യം വാങ്ങി പുറത്തിറങ്ങാമെന്ന സൂചന നൽകുന്ന സന്ദേശവും കേമം തന്നെ. എന്നാലല്ലേ നായകന് കൊല്ലാനാകൂ. ആ നന്മ കൊലയ്ക്കും ക്ലാപ്പ്. എത്ര ക്രൂര മനോഹര സിനിമ. തികച്ചും ‘കൊലാപരമായ’ അഭ്ര കാവ്യം ഈ സിനിമ പതിനെട്ട് വയസ്സിൽ താഴെയുള്ള ആരെയും ഒടിടിയിൽ പോലും കാണിക്കാതിരിക്കുക. സിനിമ കാണുമ്പോഴുള്ള ഞരമ്പ് മുറുക്കം മാത്രം പരിഗണിച്ചല്ല സിനിമയെ വിലയിരുത്തേണ്ടത്. സത്യം കേൾക്കുമ്പോൾ പൊള്ളുന്നവർക്ക് പൊള്ളട്ടെ.’’–ഡോ. സി.ജെ. ജോണിന്റെ വാക്കുകൾ.