മൾബറിക്ക് ഇത്രയും ഗുണങ്ങളുണ്ടായിരുന്നോ! വീട്ടുവളപ്പിൽ നടുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

Mail This Article
ഔഷധ, പോഷകഗുണങ്ങളുള്ള മൾബറിപ്പഴങ്ങൾ കുട്ടികൾക്കാണ് ഏറെ ഇഷ്ടം. വൈറ്റമിനുകൾ (സി, കെ, ഇ), പൊട്ടാസ്യം, മഗ്നീഷ്യം, നിരോക്സീകാരികൾ എന്നിവ മൾബറി പഴത്തിൽ അടങ്ങിയിരിക്കുന്നു. കൊളസ്ട്രോൾ, വിശേഷിച്ചും ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായകം. കണ്ണിന്റെയും ഹൃദയത്തി ന്റെയും ആരോഗ്യം സംരക്ഷിക്കും, രക്തസമ്മർദം നിയന്ത്രിക്കും, രോഗപ്രതിരോധശേഷി വർധിപ്പിക്കും. യുവത്വം നിലനിർത്താനും സഹായകം. മൾബറി ഇലകൊണ്ടുള്ള ചായയ്ക്കും ഏറെ ഔഷധഗുണമുണ്ട്. പക്ഷേ, ആരോഗ്യവിദഗ്ധരുടെ നിർദേശപ്രകാരം മാത്രമേ ഉപയോഗിക്കാവൂ. മൾബറിയിൽനിന്ന് ജാം, ജെല്ലി, വൈൻ, ഷെയ്ക്ക്, സിറപ്പ്, ഇലച്ചായ തുടങ്ങി ഒട്ടേറെ മൂല്യവർധിത ഉൽപന്നങ്ങൾ നിർമിക്കാം. ഔഷധ, സൗന്ദര്യവർധക ഉൽപന്നങ്ങളുടെ നിർമാണത്തിലും മൾബറി ഉപയോഗിച്ചുവരുന്നു.
വളർത്താൻ എളുപ്പം
വലിയ പരിചരണമൊന്നും കൂടാതെ മൾബറി നട്ടുവളർത്താം. ഏതു കാലാവസ്ഥയിലും വളരും. ഇലകൾ നല്ല കാലിത്തീറ്റയാണ്. മൾബറി ഇല പട്ടുനൂൽപ്പുഴുവിന്റെ ആഹാരമായതിനാൽ ആ രംഗത്തും ഉപയോഗമുണ്ട്. മോറേസിയേ കുടുംബത്തിൽപ്പെട്ട മൾബറിക്ക് ബ്ലാക്ക്ബെറിയോട് സാമ്യമുണ്ട്. ചുവപ്പ്, വെളുപ്പ്, കറുപ്പ് എന്നിങ്ങനെ പല നിറത്തിൽ പഴങ്ങളുള്ള മൾബറിയിനങ്ങളിൽ 70 അടിവരെ ഉയരത്തിൽ വളരുന്നവയുണ്ട്.
നല്ല സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലമാണ് വളർച്ചയ്ക്കു നല്ലത്. വളക്കൂറും നീർവാർച്ചയും ഈർപ്പവുമുള്ള മണ്ണാണ് യോജ്യം.
ഒരു വർഷം പ്രായമായ മരത്തിൽനിന്ന് 10–12 സെ.മീ. നീളമുള്ള കമ്പുകൾ മുറിച്ചെടുത്ത് നടീൽവസ്തുവായി ഉപയോഗിക്കാം. രോഗ–കീടബാധയില്ലാത്ത, ആരോഗ്യമുള്ള, നല്ല വിളവു തരുന്ന മരത്തിൽനിന്നു വേണം നടീൽകമ്പ് ശേഖരിക്കാൻ. ട്രൈക്കോഡെർമ സമ്പുഷ്ട ചാണകം ചേർത്ത മണ്ണുമിശ്രിതത്തിൽ വേണം കമ്പുകൾ നടാൻ. 2 ആഴ്ചകൊണ്ട് കമ്പുകൾ വേരുപിടിച്ചു തളിർത്തുവരും. നിലമൊരുക്കി കുഴിയെടുത്ത് ട്രൈക്കോഡെർമ സമ്പുഷ്ട ചാണകം, എല്ലുപൊടി, വേപ്പിൻപിണ്ണാക്ക് എന്നി വ നിറച്ച് ഒരാഴ്ചയ്ക്കുശേഷം അതിൽ അൽപം വാം (Vam) കൂടി ചേർത്തശേഷം അതിൽ കമ്പു നടുക. പുളിപ്പിച്ച പിണ്ണാക്ക് നേർപ്പിച്ചതും കാലിവളവും മാസത്തിലൊരിക്കൽ നൽകാം. എൻപികെ വളം 5 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ വർഷത്തിൽ 4 പ്രാവശ്യം തളിക്കുക.
കമ്പുകൾ നട്ടാൽ 4–5 മാസങ്ങൾക്കുള്ളിൽ കായ്ക്കുമെങ്കിലും ഒരു വർഷം പ്രായമെത്തിയശേഷം മാത്രമേ കായ്ക്കാൻ അനുവദിക്കാവൂ. കായ്കൾ എളുപ്പത്തിൽ വിളവെടുക്കാൻ പാകത്തിന് കമ്പുകൾ വെട്ടി നിർത്തണം. ഉണങ്ങിയതും കീട, രോഗബാധയേറ്റതുമായ കമ്പുകൾ വെട്ടിമാറ്റണം.