കോലിക്ക് ‘ഷെയ്ക് ഹാൻഡ്’ നൽകാതെ റിങ്കു സിങ്! സൂപ്പർ താരത്തെ ഒഴിവാക്കിയതോ?- വിഡിയോ

Mail This Article
കൊൽക്കത്ത∙ ഇന്ത്യൻ പ്രീമിയർ ലീഗ് ഉദ്ഘാടനച്ചടങ്ങിനിടെ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ സൂപ്പർ താരം വിരാട് കോലിക്കു കൈകൊടുക്കാതെ കൊൽക്കത്തയുടെ റിങ്കു സിങ്. ബോളിവുഡ് താരവും കൊൽക്കത്ത ടീമിന്റെ ഉടമയുമായ ഷാറുഖ് ഖാനും കോലിയും വേദിയിൽ നിൽക്കെയാണ് റിങ്കു സിങ് എത്തിയത്. ഷാറുഖിനു റിങ്കു ഷെയ്ക് ഹാൻഡ് നൽകി, പിന്നാലെ വിരാട് കോലിയെ താരം ഒഴിവാക്കുകയായിരുന്നു. റിങ്കുവിന്റെ കൈ പിടിക്കാൻ കോലി ഒരുങ്ങുന്നുണ്ടെങ്കിലും പിന്നീട് പിൻവാങ്ങി.
ഇന്ത്യൻ ജഴ്സിയിൽ മികച്ച സൗഹൃദം സൂക്ഷിക്കുന്നവരാണു വിരാട് കോലിയും റിങ്കു സിങ്ങും. യുവതാരമായ റിങ്കുവും കോലിയും തമ്മിൽ അടുത്ത ബന്ധമാണുള്ളതെന്നും നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നിട്ടും എന്തുകൊണ്ടാണ് റിങ്കു സിങ് കോലിയെ ഒഴിവാക്കിയതെന്നാണ് ആരാധകർ ആശ്ചര്യപ്പെടുന്നത്. വേദിയിലെത്തിയ റിങ്കു സിങ്ങിന്റെ കയ്യിൽ പിടിച്ചാണ് ഷാറുഖ് ഖാൻ ഏറെ നേരം സംസാരിച്ചത്. എന്തായാലും സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
കോലി തന്നെയും ലക്ഷക്കണക്കിന് ആരാധകരെയും ദിവസവും പ്രചോദിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നു ഷാറുഖ് ഖാൻ ഉദ്ഘാടനച്ചടങ്ങില്‍ പ്രതികരിച്ചു. ‘‘ഐപിഎൽ തുടങ്ങിയതു മുതൽ ഇതുവരെ ഒരു ടീമിനു വേണ്ടി മാത്രം കളിച്ചിട്ടുള്ള താരമാണു വിരാട് കോലി. അദ്ദേഹം വലിയ പ്രചോദനമാണ്. കോലിയുടെ അണ്ടർ 19 കാലത്തെ ബാറ്റിങ് രാത്രിയേറെ വൈകിയ സമയത്തുവരെ ഞാൻ കണ്ടിട്ടുണ്ട്. അദ്ദേഹത്തിനൊപ്പം നിൽക്കാൻ കഴിഞ്ഞതിൽ സന്തോഷം.’’– ഷാറുഖ് ഖാൻ പ്രതികരിച്ചു.
പുതിയ തലമുറയുടെ സ്വാധീനം ക്രിക്കറ്റിൽ ഇപ്പോൾ തന്നെയുണ്ടെന്നു ഷാറുഖിന്റെ ചോദ്യത്തിനു മറുപടിയായി കോലി പറഞ്ഞു. ‘‘പഴയ തലമുറ അതിനൊപ്പം ഇവിടെയുണ്ട്. ആരാധകർക്കൊപ്പം കൂടുതൽ നല്ല ഓർമകൾ സൃഷ്ടിച്ചെടുക്കാനാകുമെന്നാണ് അവർ പ്രതീക്ഷിക്കുന്നത്.’’– കോലി വ്യക്തമാക്കി. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഏഴു വിക്കറ്റു വിജയവുമായി റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ഐപിഎല്ലിന്റെ തുടക്കം ഗംഭീരമാക്കി.