ഇഷാന്റെ കന്നി സെഞ്ചറിക്ക് മറുപടിയില്ല, പൊരുതിവീണ് രാജസ്ഥാൻ റോയൽസ്; സൺറൈസേഴ്സിന് 44 റൺസ് വിജയം

Mail This Article
ഹൈദരാബാദ്∙ ഇഷാൻ കിഷന്റെ കന്നിസെഞ്ചറിക്കരുത്തിൽ, നിറഞ്ഞുകവിഞ്ഞ രാജീവ്ഗാന്ധി സ്റ്റേഡിയത്തിലെ ‘ഓറഞ്ച്’ പടയെ സാക്ഷിയാക്കി സൺറൈസേഴ്സ് ഹൈദരാബാദിന് വിജയത്തുടക്കം. ഹൈദരാബാദ് ഉയർത്തിയ 287 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന് 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 242 റൺസെടുക്കാൻ മാത്രമാണു സാധിച്ചത്. ഹൈദരാബാദിന് 44 റൺസ് വിജയം. സൺറൈസേഴ്സ് ജഴ്സിയിലെ അരങ്ങേറ്റ മത്സരത്തിൽ തന്നെ സെഞ്ചറി നേടിയ ഇഷാൻ കിഷനാണു കളിയിലെ താരം. മറുപടി ബാറ്റിങ്ങില്‍ തുടക്കത്തിൽ തന്നെ ഓപ്പണർ യശസ്വി ജയ്സ്വാളിനെ നഷ്ടമായ രാജസ്ഥാന് സഞ്ജു സാംസണിന്റെയും ധ്രുവ് ജുറേലിന്റെ അർധ സെഞ്ചറികളാണ് കരുത്തായത്. പക്ഷേ ഹൈദരാബാദിന്റെ വമ്പൻ വിജയലക്ഷ്യത്തിലേക്കെത്താൻ റിയാൻ പരാഗ് നയിച്ച രാജസ്ഥാനു സാധിച്ചില്ല.
35 പന്തുകളിൽനിന്ന് ധ്രുവ് ജുറേൽ 70 റൺസെടുത്തപ്പോൾ, 37 പന്തുകൾ നേരിട്ട സഞ്ജു സാംസൺ 66 ഉം റൺസ് നേടി പുറത്തായി. അവസാന ഓവറുകളിൽ ഷിമ്രോൺ ഹെറ്റ്മിയറും (42 റൺസ്) ശുഭം ദുബെയും (34 റൺസ്) പൊരുതിനോക്കിയെങ്കിലും ഹൈദരാബാദ് സ്കോർ എത്തിപ്പിടിക്കാന്‍ സാധിച്ചില്ല. ക്യാപ്റ്റൻ റിയാൻ പരാഗും (നാല്), നിതീഷ് റാണയും (11) ചെറിയ സ്കോറുകൾക്കു പുറത്തായത് രാജസ്ഥാനു തിരിച്ചടിയായി. ഹൈദരാബാദിനായി സിമർജീത് സിങ് മൂന്നും ഹർഷൽ പട്ടേൽ രണ്ടു വിക്കറ്റുകളും വീഴ്ത്തി. മുഹമ്മദ് ഷമിയും ആദം സാംപയും ഓരോ വിക്കറ്റുവീതവും നേടി.
രാജസ്ഥാൻ റോയൽസ് ബോളർമാർ റൺസ് വാരിക്കോരി നൽകിയ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റു ചെയ്ത ഹൈദരാബാദ് 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 286 റൺസ്. അരങ്ങേറ്റ മത്സരത്തിൽ തകർത്തുകളിച്ച ഇഷാൻ കിഷൻ 47 പന്തിൽ 106 റൺസടിച്ച് ഹൈദരാബാദിന്റെ ടോപ് സ്കോററായി. ആറു സിക്സുകളും 11 ഫോറുകളുമാണ് ഇഷാൻ ഹൈദരാബാദിൽ അടിച്ചുകൂട്ടിയത്.
ഹൈദരാബാദിന്റെ ഓസീസ് ബാറ്റർ ട്രാവിസ് ഹെഡ് 31 പന്തിൽ 67 റൺസെടുത്തു പുറത്തായി. നിതീഷ് കുമാർ റെഡ്ഡി (15 പന്തിൽ 30), അഭിഷേക് ശർമ (11 പന്തിൽ 24), ഹെൻറിച് ക്ലാസന്‍ (14 പന്തില്‍ 34 എന്നിവരാണ് ഹൈദരാബാദിന്റെ മറ്റു പ്രധാന സ്കോറർമാർ. ടോസ് ജയിച്ച രാജസ്ഥാൻ ക്യാപ്റ്റൻ റിയാൻ പരാഗ് ഹൈദരാബാദിനെ ബാറ്റിങ്ങിനു വിടുകയായിരുന്നു. ആദ്യ ആറ് ഓവറുകളിൽ 94 റണ്‍സടിച്ച് ഹൈദരാബാദ് തുടങ്ങിയതോടെ കളിയുടെ ഗതി ഏറക്കുറെ വ്യക്തമായി. പവർപ്ലേ ഓവറുകൾക്കു ശേഷവും അടി തുടർന്ന ഹൈദരാബാദ് 6.4 ഓവറിൽ 100 പിന്നിട്ടു. 21 പന്തുകളിലാണ് ഹെഡ് അർധ സെഞ്ചറിയിലെത്തിയത്. തുഷാർ ദേശ്പാണ്ഡെയുടെ പന്തിൽ ഹെറ്റ്മിയർ ക്യാച്ചെടുത്ത് ഹെഡിനെ പുറത്താക്കി. 14.1 ഓവറില്‍ ഹൈദരാബാദ് 200 കടന്നു.
ജോഫ്ര ആർച്ചറുടെ 13–ാം ഓവറിലെ ആദ്യ രണ്ടു പന്തുകൾ സിക്സർ പറത്തിയാണ് ഇഷാന്‍ 50 ൽ എത്തിയത്. 19–ാം ഓവറിൽ സന്ദീപ് ശർമയെ തുടർച്ചയായി രണ്ടു സിക്സുകൾ ബൗണ്ടറി പായിച്ച് മുൻ മുംബൈ ഇന്ത്യൻസ് താരം സെഞ്ചറിയിലെത്തി. രാജസ്ഥാന്റെ ഇന്ത്യൻ ബോളർമാർ പിടിച്ചെറിഞ്ഞതോടെയാണ് 300 റൺസെന്ന വലിയ സ്കോറിലേക്ക് ഹൈദരാബാദ് എത്താതെ പോയത്. നാലോവറുകൾ പന്തെറിഞ്ഞ ജോഫ്ര ആര്‍ച്ചർ 76 റൺസ് വഴങ്ങിയത് രാജസ്ഥാന് നിരാശയായി. താരത്തിന് വിക്കറ്റൊന്നും ലഭിച്ചില്ല. ശ്രീലങ്കൻ സ്പിന്നർ മഹീഷ് തീക്ഷണ 52 റൺസ് വഴങ്ങിയെങ്കിലും രണ്ടു വിക്കറ്റുകളും വീഴ്ത്തി. മൂന്നോവർ എറിഞ്ഞ് അഫ്ഗാൻ പേസര്‍ ഫസൽഹഖ് ഫറൂഖി 49 റൺസ് വിട്ടുകൊടുത്തു. ഇന്ത്യൻ താരം തുഷാർ ദേശ്പാണ്ഡെയ്ക്ക് മൂന്നു വിക്കറ്റുണ്ട്.