ADVERTISEMENT

കൊൽക്കത്ത∙ ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) 18–ാം സീസണിലെ ഉദ്ഘാടന മത്സരത്തിൽ ശ്രദ്ധ നേടി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം വെങ്കടേഷ് അയ്യരും റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു താരം ക്രുനാൽ പാണ്ഡ്യയും തമ്മിലുള്ള പോരാട്ടം. ക്രിക്കറ്റിൽ മൈൻഡ് ഗെയിം എത്രമാത്രം പ്രാധാന്യമുള്ളതാണെന്ന് തെളിയിക്കുന്നതായിരുന്നു ക്രുനാലിന്റെ പന്തിൽ വെങ്കടേഷ് അയ്യരുടെ പുറത്താകൽ. സ്പിന്നറെ നേരിടുന്നതിൽ ലാഘവത്തിൽ ഹെൽമറ്റ് പോലും ധരിക്കാതെ ക്രീസിൽ നിന്ന വെങ്കടേഷ് അയ്യരെ ഒറ്റ പന്തുകൊണ്ട് വിറപ്പിച്ച് ഹെൽമറ്റിന്റെ സുരക്ഷിതത്വത്തിലേക്ക് മാറാൻ നിർബന്ധിതനാക്കിയ ക്രുനാൽ, മനസ്സിളകിയ വെങ്കടേഷ് അയ്യരെ തൊട്ടടുത്ത പന്തിൽ ക്ലീൻ ബൗൾഡാക്കി.

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കൊൽക്കത്ത ഇന്നിങ്സിലെ 13–ാം ഓവറിലായിരുന്നു സംഭവം. ബോൾ ചെയ്യാനെത്തിയ ക്രുനാൽ പാണ്ഡ്യയെ നേരിടാൻ ഹെൽമറ്റ് ഇല്ലാതെയാണ് വെങ്കടേഷ് ക്രീസിൽ നിന്നത്. സ്പിന്നർമാരെ നേരിടുമ്പോൾ ഹെൽമറ്റ് വയ്ക്കുന്ന പതിവ് വെങ്കടേഷിന് ഇല്ല. ഇതറിയാവുന്ന ക്രുനാൽ ആദ്യ പന്ത് 110 കിലോമീറ്റർ/ മണിക്കൂർ വേഗത്തിൽ ബൗൺസർ എറിഞ്ഞു. വെങ്കടേഷ് കഷ്ടിച്ചാണ് ആ പന്തിൽ നിന്നു തലവെട്ടിച്ചുമാറിയത്.

അംപയർ ആ പന്ത് വൈഡ്ബോൾ വിളിച്ചെങ്കിലും ആ ബൗൺസറിനു പിന്നാലെ വെങ്കടേഷ് ഹെൽമറ്റ് ധരിക്കാൻ തീരുമാനിച്ചു. ആദ്യ പന്ത് ബൗൺസർ ആയിരുന്നതിനാ‍ൽ രണ്ടാം പന്തിൽ വെങ്കടേഷ് ബാക്ക് ഫൂട്ടിലേക്ക് ഇറങ്ങി. ഇതു മുൻകൂട്ടിക്കണ്ട ക്രുനാൽ ഗുഡ് ലെങ്ത്തിൽ വേഗം കൂട്ടിയെറിഞ്ഞ പന്ത്, വെങ്കടേഷിന്റെ ബാറ്റ് മറികടന്ന് സ്റ്റംപ് തെറിപ്പിച്ചു. ഇക്കഴിഞ്ഞ താരലേലത്തിൽ ഏറ്റവും ഉയർന്ന തുകയായ 23.75 കോടി രൂപയ്ക്ക് കൊൽക്കത്ത സ്വന്തമാക്കിയ വെങ്കടേഷ്, ഏഴു പന്തിൽ ഒരു ഫോർ സഹിതം ആറു  റൺസുമായി മടങ്ങിയത് മത്സരത്തിൽ കൊൽക്കത്തയുടെ വിധി നിർണയിക്കുന്നതിൽ നിർണായകമാകുകയും ചെയ്തു.

മാത്രമല്ല, വെങ്കടേഷ് അയ്യർക്കു പുറമേ കൊൽക്കത്ത നായകൻ അജിൻക്യ രഹാനെ, വമ്പനടികൾക്കു കെൽപ്പുള്ള റിങ്കു സിങ് എന്നിവരെയും പുറത്താക്കിയ ക്രുനാൽ പാണ്ഡ്യ, കളിയിലെ കേമനായും തിരഞ്ഞെടുക്കപ്പെട്ടു. ഇതിൽ റിങ്കു സിങ്ങിനെ പുറത്താക്കിയ പന്ത്, വെങ്കടേഷ് അയ്യരെ നിരായുധനാക്കിയ പന്തിന്റെ ആവർത്തനമായിരുന്നു. ആദ്യ മത്സരത്തിൽ ഏഴു വിക്കറ്റിനാണ് ക്രുനാലിന്റെ ആർസിബി, കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനനെ തകർത്തത്.

English Summary:

Mind Games in Cricket: Krunal Pandya's strategic bowling trapped Venkatesh Iyer. The clever use of a bouncer and subsequent accurate delivery demonstrated the importance of mind games in cricket.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com