റിയാൻ പരാഗിനെ ക്യാപ്റ്റനാക്കി, ജയ്സ്വാൾ രാജസ്ഥാൻ വിടണമെന്ന് ആവശ്യം; ‘നെപ്പോട്ടിസമെന്ന്’ ആരോപണം

Mail This Article
ജയ്പൂർ∙ ഇന്ത്യൻ പ്രീമിയർ ലീഗിലെ ആദ്യ മൂന്നു മത്സരങ്ങളിൽ രാജസ്ഥാൻ റോയല്‍സിനെ നയിക്കാൻ റിയാൻ പരാഗിനെ ക്യാപ്റ്റനായി പ്രഖ്യാപിച്ചതു കഴിഞ്ഞ ദിവസമായിരുന്നു. ടീമംഗങ്ങളുടെ സാന്നിധ്യത്തിൽ ക്യാപ്റ്റൻ സഞ്ജു സാംസൺ തന്നെയായിരുന്നു താല്‍ക്കാലിക ക്യാപ്റ്റനെ പ്രഖ്യാപിച്ചത്. സഞ്ജുവിന് കയ്യിൽ പരുക്കേറ്റതിനാൽ വിക്കറ്റ് കീപ്പറായി കളിക്കാൻ അനുമതി ലഭിച്ചിട്ടില്ല. അതിനാൽ ബാറ്റിങ്ങിൽ സഞ്ജുവിനെ ഇംപാക്ട് പ്ലേയറായി ഇറക്കാനാണ് രാജസ്ഥാൻ ഫ്രാഞ്ചൈസി ആലോചിക്കുന്നത്.
എന്നാൽ റിയാൻ പരാഗിനെ ക്യാപ്റ്റനായി പ്രഖ്യാപിച്ചത് രാജസ്ഥാൻ റോയൽസിന്റെ ആരാധകർക്കു രസിച്ചിട്ടില്ല. യശസ്വി ജയ്സ്വാളിനെ ഒഴിവാക്കി പരാഗിനെ പരിഗണിച്ചതാണ് ആരാധകരെ ചൊടിപ്പിച്ചത്. രാജ്യാന്തര ക്രിക്കറ്റിലും ഐപിഎല്ലിലും റിയാൻ പരാഗിനേക്കാളും ഏത്രയോ മുകളിൽ നിൽക്കുന്ന ജയ്സ്വാളിനെ ഫ്രാഞ്ചൈസി ബോധപൂർവം ഒഴിവാക്കുകയാണെന്നാണ് ആരാധകരുടെ വിമർശനം. അസം ക്രിക്കറ്റ് താരമായ റിയാൻ പരാഗ് ആദ്യമായാണ് ഐപിഎലിൽ ക്യാപ്റ്റനാകുന്നത്. കഴിഞ്ഞ ഐപിഎല്ലിൽ തകർപ്പൻ ബാറ്റിങ് പ്രകടനം നടത്തിയ പരാഗ് 573 റൺസ് അടിച്ചെടുത്തിരുന്നു.
പിന്നാലെ ഇന്ത്യൻ ടീമിലും താരത്തിന് അവസരം ലഭിച്ചു. സ്ഥിരതയാർന്ന പ്രകടനം നടത്തുന്ന ജയസ്വാളിന്റെ അവസരം റിയാൻ പരാഗ് തട്ടിയെടുത്തെന്നാണ് ആരാധകരുടെ പരാതി. രാജസ്ഥാൻ റോയൽസിൽ തുടരുന്നത് ജയ്സ്വാളിന്റെ കരിയർ വരെ ഇല്ലാതാക്കുമെന്നും ആരാധകരിൽ ചിലർ തുറന്നടിച്ചു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അസമിനായി കളിച്ചിട്ടുള്ള പരാഗ് ദാസിന്റെ മകനാണ് റിയാൻ പരാഗ്. രാജസ്ഥാൻ റോയൽസ് ഫ്രാഞ്ചൈസി ചെയർമാൻ രഞ്ജിത് ബർതകൂർ അസം സ്വദേശിയുമാണ്.
ഈ സാഹചര്യത്തിൽ ‘നെപ്പോട്ടിസമാണ്’ ജയ്സ്വാളിന്റെ ക്യാപ്റ്റൻസി സാധ്യതകളെ ഇല്ലാതാക്കിയതെന്നും ആരോപണമുണ്ട്. ഞായറാഴ്ച സൺറൈസേഴ്സ് ഹൈദരാബാദിനെതിരെയാണ് രാജസ്ഥാന്റെ സീസണിലെ ആദ്യ മത്സരം. അതിനു ശേഷം രാജസ്ഥാന്റെ രണ്ടു ‘ഹോം’ മത്സരങ്ങളും അസമിലെ ഗുവാഹത്തിയിലാണു നടക്കേണ്ടത്. അസം കാരനായ ക്യാപ്റ്റൻ നയിക്കുന്നതിലൂടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കൂടുതൽ സ്വാധീനമുണ്ടാക്കാനാണു രാജസ്ഥാന്റെ ശ്രമം.