ആഭ്യന്തര ക്രിക്കറ്റ് ഒഴിവാക്കാൻ പരുക്ക് അഭിനയിച്ചു? കാറോട്ട മത്സരത്തിനു പോയ ഓസീസ് സൂപ്പർ താരം വിവാദത്തിൽ

Mail This Article
സിഡ്നി∙ പരുക്കാണെന്ന പറഞ്ഞ് ആഭ്യന്തര ക്രിക്കറ്റ് കളിക്കാതിരുന്ന ഓസ്ട്രേലിയൻ താരം ഉസ്മാൻ ഖവാജ വിവാദത്തിൽ. മെൽബണിൽ നടന്ന ഓസ്ട്രേലിയൻ ഗ്രാൻഡ്പ്രി കാറോട്ടമത്സരം കാണാൻ ഖവാജ പോയതോടെയാണു പ്രശ്നങ്ങളുടെ തുടക്കം. താരത്തിനു പരുക്കൊന്നുമില്ലെന്ന് ക്വീൻസ്‍ലൻഡ് ഹെഡ് ഓഫ് ക്രിക്കറ്റ് ജോ ഡാവസ് ആരോപിച്ചു. കാലിനു പരുക്കുള്ളതിനാൽ ക്വീൻസ്‍ലൻഡിനു വേണ്ടി ഖവാജ കളിച്ചിരുന്നില്ല.
‘‘ഖവാജ സിലക്ഷന് ഉണ്ടാകുമെന്നാണു ഞങ്ങളുടെ മെഡിക്കൽ സ്റ്റാഫ് പറഞ്ഞിരുന്നത്. ക്രിക്കറ്റ് ഓസ്ട്രേലിയയിൽനിന്നും ഇതേ നിർദേശമായിരുന്നു ലഭിച്ചത്. ആശങ്കപ്പെടേണ്ട രീതിയിൽ ഖവാജയ്ക്ക് ഒരു പരുക്കുമില്ല. അവസരമുണ്ടായിട്ടും അദ്ദേഹം കളിച്ചില്ല.’’– ഡാവസ് പ്രതികരിച്ചു. ഷെഫീൽഡ് ഷീൽഡ് ടൂർണമെന്റിൽ സൗത്ത് ഓസ്ട്രേലിയയ്ക്കെതിരായ മത്സരം പരുക്കു കാരണം ഖവാജ കളിച്ചിരുന്നില്ല.
എന്നാൽ ക്വീൻസ്‍ലൻഡ് ഡയറക്ടർക്കെതിരെ രൂക്ഷവിമർശനവുമായി ഖവാജ രംഗത്തെത്തി. ഡാവസിന്റെ വാക്കുകൾ നുണയാണെന്നു ഖവാജ തുറന്നടിച്ചു. ‘‘ഒരു ക്രിക്കറ്റ് താരമെന്ന നിലയിൽ നിരാശപ്പെടുത്തുന്ന പ്രതികരണമാണിത്. എങ്കിലും എന്റെ ഭാഗം പറയണമെന്നതു കൊണ്ടു മാത്രമാണ് ഇപ്പോൾ സംസാരിക്കുന്നത്. മെഡിക്കൽ സ്റ്റാഫിന് എന്റെ പരുക്കിനെക്കുറിച്ച് ഒന്നും അറിയില്ലെന്നായിരുന്നു ജോ ഡാവസിന്റെ വാക്കുകൾ. അതു 100 ശതമാനം തെറ്റായ കാര്യമാണ്.’’– ഖവാജ മാധ്യമങ്ങളോടു പറഞ്ഞു.
ഈ വിഷയം പൊതുചർച്ചയാക്കാൻ താൽപര്യമില്ലെന്നും ഖവാജ വ്യക്തമാക്കി. ഓസ്ട്രേലിയയ്ക്കായി 80 ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടുള്ള ബാറ്ററാണ് ഖവാജ. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ ഖവാജ കളിച്ചേക്കും. ഷെഫീൽഡ് ഷീൽഡ് കളിക്കാതെ കാറോട്ട മത്സരം കാണാൻ പോയതിന്റെ പേരിൽ ഓസ്ട്രേലിയയുടെ ഇതിഹാസ സ്പിന്നർ നേഥൻ ലയണും വിവാദത്തിൽ കുടുങ്ങി.