കൊൽക്കത്തയുടെ 8 ഓവർ സ്പിന്നർമാര് ‘സേഫാക്കും’, ബെംഗളൂരുവിന് കൊള്ളാവുന്ന സ്പിന്നറില്ല! റസ്സലും നോർട്യയും വിറച്ച ലവ്നിതിനു നിര്ണായകം

Mail This Article
കൊൽക്കത്ത ∙ പൂരം കൊടിയേറാൻ ആചാരവെടി നിർബന്ധമാണ്. ഐപിഎൽ പൂരത്തിന് ഇന്നു കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ കൊടിയേറുമ്പോൾ ആചാരവെടി മുഴക്കി ആനയിക്കാൻ ലീഗിലെ ഏറ്റവും മികച്ച ബാറ്റിങ് വെടിക്കെട്ടു സംഘങ്ങളായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവും ഒരുങ്ങിക്കഴിഞ്ഞു. നിലവിലെ ചാംപ്യൻമാർ എന്ന പകിട്ടോടെയാണ് കൊൽക്കത്ത സ്വന്തം നാട്ടിൽ ആവേശപ്പോരാട്ടത്തിന് ഇറങ്ങുന്നതെങ്കിൽ 18–ാം സീസണിലെങ്കിലും മോഹക്കപ്പ് സ്വന്തമാക്കാൻ സാധിക്കുമെന്ന ശുഭപ്രതീക്ഷയോടെയാണ് ബെംഗളൂരുവിന്റെ വരവ്. മത്സരം രാത്രി 7.30 മുതൽ സ്റ്റാർ സ്പോർട്സ് ചാനലുകളിലും ജിയോ ഹോട്സ്റ്റാറിലും തത്സമയം.
കമോൺ കൊൽക്കത്ത
നിലവിലെ ചാംപ്യൻമാരാണെങ്കിലും കഴിഞ്ഞ വർഷത്തെ ടീമിൽ കാര്യമായ പൊളിച്ചെഴുത്തുകൾ നടത്തിയാണ് കൊൽക്കത്ത എത്തുന്നത്. ക്യാപ്റ്റൻ ശ്രേയസ് അയ്യരെ മെഗാലേലത്തിൽ വിട്ടുകളഞ്ഞ ടീം വെറ്ററൻ താരം അജിൻക്യ രഹാനെയെയാണ് ഇത്തവണ നായകനാക്കിയത്. കഴിഞ്ഞ വർഷം ടീമിനു മികച്ച തുടക്കം നൽകിയ സ്റ്റാർ ഓപ്പണർ ഫിൽ സോൾട്ട് ഇത്തവണ ബെംഗളൂരുവിലാണ്. പേസ് അറ്റാക്കിന്റെ കുന്തമുനയായിരുന്ന മിച്ചൽ സ്റ്റാർക്കിനെയും ലേലത്തിൽ കൈവിട്ടു. റിങ്കു സിങ്, ആന്ദ്രെ റസൽ, റഹ്മാനുല്ല ഗുർബാസ്, വെങ്കടേഷ് അയ്യർ തുടങ്ങിയ ബാറ്റർമാരാണ് ടീമിന്റെ ബലം. മോയിൻ അലി, റോവ്മൻ പവൽ, ക്വിന്റൻ ഡികോക്ക് തുടങ്ങിയവരെയും ഇവർക്കു കൂട്ടായി ഇത്തവണ ടീമിൽ എത്തിച്ചിട്ടുണ്ട്. ബോളിങ്ങിൽ സുനിൽ നരെയ്ൻ– വരുൺ ചക്രവർത്തി സ്പിൻ ജോടിയുടെ 8 ഓവർ കൊൽക്കത്തയ്ക്കു പേടിക്കാനില്ല. എന്നാൽ ആൻറിച് നോർട്യ നയിക്കുന്ന പേസ് പടയ്ക്കു കാര്യമായ ബലമില്ലാത്തതു കൊൽക്കത്തയ്ക്കു തലവേദനയാണ്. കഴിഞ്ഞ തവണ ടീമിന്റെ കിരീടക്കുതിപ്പിനു തന്ത്രങ്ങൾ മെനഞ്ഞതു ചന്ദ്രകാന്ത് പണ്ഡിറ്റ്– ഗൗതം ഗംഭീർ കൂട്ടുകെട്ടാണെങ്കിൽ ഇത്തവണ പണ്ഡിറ്റിന് ഒപ്പമുള്ളത് ഡ്വെയ്ൻ ബ്രാവോയാണ്.
ഭയരഹിതം ബെംഗളൂരു
പോയാൽ പതിവുപോലെ ഒരു സീസൺ, കിട്ടിയാൽ ഐപിഎലിലെ കന്നിക്കിരീടം; 18–ാം സീസണിലും റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ കളിനയത്തിൽ മാറ്റമില്ല. രണ്ടു സീസണുകളിൽ ടീമിനെ നയിച്ച ഫാഫ് ഡുപ്ലെസിയെ മെഗാലേലത്തിൽ വിട്ടുകളഞ്ഞതോടെ പുതിയ നായകനായി രജത് പാട്ടിദാർ ടീമിന്റെ അമരത്തെത്തി.
കോലി, രജത്, ഫിൽ സോൾട്ട്, ജിതേഷ് ശർമ, ലിയാം ലിവിങ്സ്റ്റൻ, ടിം ഡേവിഡ്, റൊമാരിയോ ഷെപ്പേഡ്, ജേക്കബ് ബെത്തൽ തുടങ്ങി ടീമിൽ ബാറ്റർമാർക്കു പഞ്ഞമില്ല. ജോഷ് ഹെയ്സൽവുഡിനൊപ്പം ഭുവനേശ്വർ കുമാർ, റാസിക് ദർ, യഷ് ദയാൽ, ലുൻഗി എൻഗിഡി, നുവാൻ തുഷാര എന്നിവർകൂടി ചേരുന്നതോടെ ബോളിങ്ങിനും ബലം കൂടും. എങ്കിലും സ്പെഷലിസ്റ്റ് സ്പിന്നർമാരുടെ അഭാവം ടീമിനെ അലട്ടുന്നുണ്ടെന്നതു വാസ്തവം.
യങ് സൂപ്പർ സ്റ്റാർസ്
കൊൽക്കത്തയും ബെംഗളൂരുവും ഇന്നു കളത്തിലിറങ്ങുമ്പോൾ ശ്രദ്ധാകേന്ദ്രം യുവതാരങ്ങളായ സ്വാസ്തിക് ചികാരയും ലവ്നിത് സിസോദിയയും ആണ്. ഉത്തർപ്രദേശിൽ നിന്നുള്ള പത്തൊൻപതുകാരൻ സ്വാസ്തിക്, യുപി ട്വന്റി20 ലീഗിലെ വെടിക്കെട്ട് പ്രകടനത്തോടെയാണ് ബെംഗളൂരു ടീമിലെത്തിയത്. കർണാടക സ്വദേശിയായ ലവ്നിത് വിക്കറ്റ് കീപ്പർ ബാറ്ററുടെ റോളിലാണ് ഇത്തവണ കൊൽക്കത്ത ടീമിൽ കളിക്കുക. പരിശീലന മത്സരങ്ങളിൽ ആന്ദ്രെ റസലും ആൻറിച് നോർട്യയും ഉൾപ്പെടെയുള്ള താരങ്ങളെ സിക്സറിനു പറത്തുന്ന ലവ്നിതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചാരത്തിലുണ്ട്.
മഴപ്പേടിയിൽ കൊൽക്കത്ത
ഐപിഎൽ ഉദ്ഘാടന മത്സരം മഴ കൊണ്ടുപോകുമോ എന്ന പേടിയിലാണ് ആരാധകർ. കൊൽക്കത്തയിൽ ഇന്നലെ കനത്ത മഴയായിരുന്നു. ഇരുടീമുകളുടെയും പരിശീലന സെഷൻ മഴമൂലം പാതിവഴിക്കു നിർത്തേണ്ടിവന്നു. മഴ ഇന്നും തുടരുമെന്നും വൈകിട്ടോടെ ആകാശം തെളിയുമെന്നുമാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം.