‘സീരിയൽ റേപ്പിസ്റ്റിന്’ ജയിലിൽ സൗകര്യം പോരാ: 237 പേജുള്ള സത്യവാങ്‌മൂലം സമർപ്പിച്ച് പ്രതി

Mail This Article
ന്യൂ സൗത്ത് വെയിൽസ് ∙ ഓസ്‌ട്രേലിയയിലെ കുപ്രസിദ്ധ ‘സീരിയൽ റേപ്പിസ്റ്റ്’ ഗ്രഹാം ലഫ്ലം ഹാരിസൺ ജയിലിൽ നിന്ന് പുതിയ ആവശ്യങ്ങളുന്നയിച്ച് സത്യവാങ്‌മൂലം സമർപ്പിച്ചു. 237 പേജുള്ള സത്യവാങ്‌മൂലത്തിൽ തനിക്ക് മെച്ചപ്പെട്ട സൗകര്യങ്ങൾ വേണമെന്ന് ഹാരിസൺ ആവശ്യപ്പെട്ടു. ന്യൂ സൗത്ത് വെയിൽസ് സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്‌മൂലത്തിൽ അതീവ സുരക്ഷയുള്ള തടവുകാരനായി പരിഗണിക്കുന്നത് എതിർക്കുകയും ലിത്ഗോ ജയിലിലേക്ക് മാറ്റം ആവശ്യപ്പെടുകയും ചെയ്തു.
ഗൗൾബേണിലെ അതീവ സുരക്ഷാ ജയിലിലാണ് പ്രതി ഇപ്പോൾ കഴിയുന്നത്. സന്ദർശകർ തന്നെ കാണുന്നതിൽ നിന്നുള്ള വിലക്ക് അവസാനിപ്പിക്കണമെന്നും പ്രതി ആവശ്യപ്പെട്ടു. 50കളുടെ മധ്യത്തിലുള്ള പ്രതിക്ക് ഇപ്പോഴും ആരോഗ്യമുണ്ടെങ്കിലും കയ്യ് വൈകല്യത്തിൽ വിഷമിക്കുന്നുണ്ട്. ജയിലിലെ കംപ്യൂട്ടറുകളിൽ കേസ് സംബന്ധിച്ച ഗവേഷണത്തിന് അവസരം ലഭിക്കാത്തതും പരാതിയിൽ ഉന്നയിച്ചിട്ടുണ്ട്.
യുവതികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ 36 വർഷത്തേക്കാണ് ഇയാൾ ശിക്ഷിക്കപ്പെട്ടിരിക്കുന്നത്. ഇരകളെ കെട്ടിയിട്ട് തലയിൽ പ്ലാസ്റ്റിക് ബാഗ് മൂടി കത്തി കൊണ്ട് ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രതി അതിക്രമം നടത്തിയിരുന്നത്. സഹകരിച്ചില്ലെങ്കിൽ പെൺമക്കളെയും പീഡിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ വിഡിയോയിൽ പകർത്തുകയും ചെയ്തു. ഇരകളെ ക്രൂരമായി ഉപദ്രവിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്ന മാനസികാവസ്ഥയാണ് പ്രതിക്കുള്ളതെന്ന് മാനസിക രോഗവിദഗ്‌ധർ വിലയിരുത്തുന്നു.