'എനിക്ക് പോകേണ്ട വിമാനമാണ്, വിമാനം നിര്‍ത്തി കയറ്റിയേ പറ്റൂ'; കൗണ്ടറിന് മുന്നിൽ ആൾക്കൂട്ടം, ടിക്കറ്റും പാസ്പോർട്ടും ചോദിച്ചപ്പോൾ പെട്ടു

Mail This Article
വിമാനയാത്രകളില്‍ എയര്‍പോര്‍ട്ടിലെ ചെക്ക് ഇന്‍ കൗണ്ടര്‍ മുതല്‍ വിമാനത്തിനുള്ളില്‍ വരെ സന്തോഷവും സങ്കടവും ചിരിയും കരച്ചിലുമെല്ലാം നല്‍കുന്ന വ്യത്യസ്ത അനുഭവങ്ങള്‍ ഏറെയുണ്ടാകും. അറിയാതെയും അശ്രദ്ധ മൂലവും സംഭവിക്കുന്ന കാര്യങ്ങള്‍ പലപ്പോഴും മറ്റുള്ളവരില്‍ ചിരി പടര്‍ത്തും അല്ലെങ്കില്‍ ഉളളുലയ്ക്കും. തുര്‍ക്കിയിലെ ഇസ്താംബുൾ യാത്രക്കിടെ ബോര്‍ഡിങ് ഗേറ്റിലുണ്ടായ രസകരമായ അനുഭവം പങ്കുവയ്ക്കുകയാണ് ഖത്തര്‍ പ്രവാസിയും ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ നഴ്‌സുമായ കാഞ്ഞിരപ്പള്ളിക്കാരന്‍ ഹാന്‍സ് ജേക്കബ്.
തുർക്കിയെകുറിച്ച് ഓർക്കുമ്പോൾ മനസിലേക്ക് ഓടിയെത്തുന്നത് അവധിക്കാലയാത്രക്കിടെ ഇസ്താംബുൾ രാജ്യാന്തര വിമാനത്താവളത്തിലുണ്ടായ രസകരമായ അനുഭവം തന്നെയാണ്. വിമാനത്താവളത്തിൽ ഇമിഗ്രേഷനും മറ്റും കഴിഞ്ഞ് ബോർഡിങ് ഗേറ്റില്‍ ദോഹയിലേക്കുള്ള വിമാനം കാത്തിരിക്കുമ്പോഴാണ് ഒരാള്‍ ഗേറ്റിലേക്ക് ഓടിയെത്തുന്നത്.
വിവിധ എയർലൈനുകളുടെ കൗണ്ടറുകളാണ് ചുറ്റിനും. ബോർഡിങ് പൂർത്തിയാക്കി കൗണ്ടറുകളിലൊന്ന് ക്ലോസ് ചെയ്തിരുന്നു. ദൂരെ റണ്‍വേയില്‍ വിമാനങ്ങളിലൊന്ന് ടേക്ക് ഓഫിന് തയാറെടുക്കുന്നത് കാണാം. അപ്പോഴാണ് 45–50 വയസ്സ് തോന്നിക്കുന്ന അറബ് വംശജനായ ഒരാൾ പാസ്പോർട്ടും ടിക്കറ്റും ബോർഡിങ് പാസുമെല്ലാം കയ്യിൽപിടിച്ച് ധൃതിയിൽ കൗണ്ടറിലേക്ക് വന്നത്. വിമാനം ടേക്ക് ഓഫിന് ഒരുങ്ങുകയാണ് ഇനി പ്രവേശനത്തിന് അനുമതിയില്ലെന്ന് കൗണ്ടറിലെ ജീവനക്കാര്‍ പറഞ്ഞതോടെ വന്നയാൾ ബഹളം തുടങ്ങി.

'എനിക്ക് പോകേണ്ട വിമാനമാണ് എനിക്ക് പോയേ പറ്റുകയുള്ളു എങ്ങനെയെങ്കിലും വിമാനം നിര്‍ത്തി എന്നെ കയറ്റിയേ പറ്റൂ' എന്നെല്ലാം പറഞ്ഞ് ആകെ ബഹളം. ഗേറ്റില്‍ കാത്തിരിക്കുന്ന മറ്റ് യാത്രക്കാരും ഇയാളെ നോക്കുന്നുണ്ട്. സമീപത്തെ എയർലൈനുകളുടെ കൗണ്ടറുകളിൽ ക്യൂ നിൽക്കുന്ന യാത്രക്കാരും എന്താണെന്ന് പിടികിട്ടാതെ നിൽക്കുകയാണ്. ചിലര്‍ കൗണ്ടറിന് സമീപത്തേക്ക് ചെന്നു. ടിക്കറ്റും പാസ്‌പോര്‍ട്ടും കൈയില്‍ ഉയര്‍ത്തിപിടിച്ചാണ് ഇയാള്‍ ബഹളം വയ്ക്കുന്നത്. സെക്യൂരിറ്റികളും ഓടിയെത്തി.
കൗണ്ടറിന് മുൻപിൽ ആകെ ആൾക്കൂട്ടമായി. ഒടുവില്‍ കൗണ്ടറിലെ ജീവനക്കാര്‍ ടിക്കറ്റും പാസ്‌പോര്‍ട്ടും കാണിക്കാന്‍ പറഞ്ഞപ്പോഴാണ് ഞാനുള്‍പ്പെടെയുള്ള യാത്രക്കാര്‍ ചിരിച്ചു പോയത്. എയർലൈനിന്റെ പേര് ശ്രദ്ധിക്കാതെ തിരക്കിട്ട് ഓടി വന്നപ്പോള്‍ കൗണ്ടര്‍ മാറിപ്പോയതാണ്. ഒറ്റ നിമിഷത്തിൽ അയാളുടെ തലകുനിഞ്ഞു. അമളി പറ്റിയതിനേക്കാള്‍ ഉറക്കെ ബഹളം വച്ചതിന്റെ ചമ്മലായിരുന്നു അയാളുടെ മുഖത്ത്.
എല്ലാവരും ചിരിച്ചു കൊണ്ട് അവരവരുടെ സീറ്റുകളിലേക്ക് പോയിരുന്നു. കൗണ്ടറിലെ ജീവനക്കാരോടും യാത്രക്കാരോടുമെല്ലാം ക്ഷമ പറഞ്ഞാണ് അയാള്‍ എന്റെ അടുത്തുള്ള സീറ്റിലേക്ക് വന്നിരുന്നത്. ദോഹയിലേക്കാണ് അദ്ദേഹത്തിനും പോകേണ്ടത്. കൗണ്ടറില്‍ വന്ന് ബഹളം വയ്ക്കുന്നതിന് മുന്‍പ് എയർലൈനിന്റെ പേര് നോക്കുകയോ അല്ലെങ്കിൽ പാസ്‌പോര്‍ട്ടും ടിക്കറ്റും കൗണ്ടറില്‍ കാണിച്ചാല്‍ പോരായിരുന്നോ എന്നു അറിയാവുന്ന ഇംഗ്ലിഷിലും അറബിക്കിലുമൊക്കെയായി ചോദിച്ചു. വിമാനം പോയെന്നറിഞ്ഞപ്പോള്‍ ആകെ ടെന്‍ഷനായി പിന്നെ ഒന്നിനും പറ്റിയില്ലെന്ന് ചിരിയോടെയാണ് അയാള്‍ പറഞ്ഞതെങ്കിലും നാണക്കേടായതിന്റെ ബുദ്ധിമുട്ടും കണ്ണുകളിലുണ്ട്. പോട്ടെ, ചേട്ടാ ഇതൊക്കെ ഒരു സ്‌പോര്‍ട്‌സ് മാന്‍ സ്പിരിറ്റില്‍ എടുത്താ മതിയെന്ന് ഞാൻ പറഞ്ഞൊപ്പിച്ചപ്പോഴേക്കും അയാളുടെ മുഖത്ത് ചിരി പടർന്നു. അപ്പോഴേക്കും കൗണ്ടർ തുറന്നു. ബോർഡിങ്ങിനായി അനൗൺസ് ചെയ്തു. ഞങ്ങള്‍ ഒരുമിച്ച് വിമാനത്തിലേക്ക് കയറിയത്.
ഓർക്കുമ്പോൾ ചിരി വരുമെങ്കിലും യാത്രയ്ക്കുള്ള ടെൻഷനിലും തിരക്കിലും നമ്മളിൽ ആർക്കും എപ്പോഴും സംഭവിക്കാവുന്ന കാര്യം തന്നെയാണ്. ചെക്ക് ഇൻ സമയത്തിൽ കൃത്യനിഷ്ഠ പാലിക്കാതെ അവസാന നിമിഷം ബോർഡിങ് ഗേറ്റിലേക്ക് ഓടിയെത്തുമ്പോഴാണ് ഇത്തരം അബദ്ധങ്ങൾ സംഭവിക്കുന്നത്. അതുകൊണ്ട് വിമാനയാത്രകളിൽ ചെക്ക് ഇൻ സമയം കൃത്യമായി പാലിക്കാൻ മറക്കല്ലേ.
(നിങ്ങൾക്കും ഉണ്ടാകില്ലേ വിമാനയാത്രകളിലെ ഇത്തരം അനുഭവങ്ങൾ. യാത്രാനുഭവങ്ങൾ നിങ്ങൾക്കും ഗ്ലോബൽ മനോരമയിൽ പങ്കുവയ്ക്കാം. നിങ്ങളുടെ പേര്, ഫോട്ടോ, സ്വദേശം എന്നിവ ഉൾപ്പെടെയുള്ള അനുഭവകുറിപ്പ് globalmalayali@mm.co.in എന്ന ഇ-മെയിൽ വിലാസത്തിൽ ഇപ്പോൾ തന്നെ അയച്ചോളൂ.)