ADVERTISEMENT

ലോകത്തെ ഏറ്റവും സന്തുഷ്ടരായ ജനങ്ങളുള്ള രാജ്യമെന്ന വിശേഷണം തുടർച്ചയായി എട്ടാം തവണയും ഫിൻലൻഡിനെ തേടിയെത്തുമ്പോൾ അവരുടെ സന്തോഷ രഹസ്യങ്ങളിൽ ഏറ്റവും പ്രധാനം ആരോഗ്യമുള്ള ശരീരത്തിനും മനസ്സിനും നൽകുന്ന പ്രാധാന്യമാണ്. സന്തോഷം പക്ഷേ, ഫിൻലൻഡ് ജനതയുടെ മുഖത്തു പലപ്പോഴും തെളിയാറില്ല. ‘സുഓമി’ (ഫിന്നിഷ് ഭാഷയിൽ ഫിൻലൻഡിന്റെ പേര്) ജനത അന്തർമുഖികളാണ്. അയൽവാസിയുടെ അകലം കൂടുതലായാൽ അത്രയും ആഹ്ലാദചിത്തരാകുന്ന ഇവരുമായി ഒരു കൊച്ചുവർത്തമാനമെങ്കിലും പറയാൻ മാസങ്ങളെടുത്തേക്കാം. സുഓമികളുമായി ചങ്ങാത്തം സ്ഥാപിക്കുക എളുപ്പമല്ലെന്ന് അർഥം. എന്നാൽ, ഒരിക്കൽ ചങ്ങാത്തം കൂടിയാൽ പിന്നെ കെട്ടുപൊട്ടില്ല.

∙ തെളിഞ്ഞ മനസ്സ്
‘പാതിരാസൂര്യന്റെ നാട്ടിൽ’ എന്ന  യാത്രാവിവരണത്തിൽ എസ്.കെ.പൊറ്റെക്കാട്ട് ഫിന്നിഷ് ജനതയെ വിശേഷിപ്പിച്ചത് ‘ഹരിശ്ചന്ദ്രൻ’മാരെന്നാണ്. അതിനിപ്പോഴും മാറ്റമില്ല. തങ്ങളുടെ ചെറിയ ലോകത്തു സന്തുഷ്ടരായിരിക്കുന്ന സുഓമികൾ മത്സരബുദ്ധിയോടെ അന്യരിലേക്കു നോക്കിയിരിക്കാറില്ല. നാട്യങ്ങളൊന്നുമില്ലാതെ കാര്യങ്ങളെല്ലാം തുറന്നു സംസാരിക്കുന്ന തെളിഞ്ഞ മനസ്സിനുടമകൾ. മതവിശ്വാസങ്ങളോടുള്ള വിമുഖതയും വേർതിരിവില്ലാത്ത അഴിമതിരഹിത ഭരണവ്യവസ്ഥയും നിയമങ്ങൾ അനുസരിക്കുന്നതിലെ കൃത്യതയും നമ്മെ അമ്പരിപ്പിക്കും. വിജനമായ റോഡുകളിൽ നടപ്പാതയിലെ പച്ച വെളിച്ചത്തിനുവേണ്ടി കാത്തുനിൽക്കുന്നത് നമുക്കൊന്നും ആലോചിക്കാനേ പറ്റില്ലല്ലോ. തിരക്കുപിടിച്ച രാവിലത്തെ ഓട്ടത്തിനിടയിൽ തന്റെ കാർ ഒതുക്കിയിട്ട്, പാതയോരത്തെ മാലിന്യം മാറ്റാൻ സമയം കണ്ടെത്തുന്ന അയൽവാസി എനിക്കാദ്യം അദ്ഭുതമായിരുന്നു.  

Image Credit: peeterv/istockphoto.com
Image Credit: peeterv/istockphoto.com

∙ ആരോഗ്യ വഴിയേ
അഞ്ചുമണിക്ക് അത്താഴം കഴിച്ച്, ടെലിവിഷനിൽ ഐസ് ഹോക്കിയുംകണ്ട്, അൽപം ബീയറും നുകർന്നു വൈകുന്നേരം മധുരിപ്പിക്കും ഇവർ. പലതരം സാലഡുകൾ നിറഞ്ഞതാണു ഭക്ഷണരീതി. കാപ്പിയും ബീയറും ആവോളം കുടിക്കും. പ്രായം ഏതുമായിക്കോട്ടെ, ചുറുചുറുക്കോടെ കായിക ഇനങ്ങളിൽ സജീവമാകുന്ന ജനങ്ങൾ ഇവിടത്തെ വലിയ പ്രത്യേകതയാണ്. വേനൽക്കാലത്തു ജോലിക്കു പോകാൻ മിക്കവരും സൈക്കിൾ തിരഞ്ഞെടുക്കുന്നതിനു പിന്നിലും ആരോഗ്യമുള്ള ജീവിതം എന്ന കരുതലുണ്ട്.

finland-worlds-happiest-country
തങ്ങളുടെ ചെറിയ ലോകത്തു സന്തുഷ്ടരായിരിക്കുന്ന സുഓമികൾ മത്സരബുദ്ധിയോടെ അന്യരിലേക്കു നോക്കിയിരിക്കാറില്ല.. Image Credits: fotoVoyager/Istockphoto.com

∙ ഇഷ്ട വഴിയേ
വലിയ ആഘോഷങ്ങളും ആരവങ്ങളും ഇവിടെ പതിവില്ല. അമിതമായി ബീയർ അകത്തായാൽ മാത്രം പൊട്ടിച്ചിരിക്കുകയും നൃത്തംചെയ്യുകയും ചെയ്യും. വിവാഹങ്ങൾക്കൊക്കെ ഏറിയാൽ 50 പേരേ കാണൂ. സ്വന്തമായി സമ്പാദിച്ച പണമാണ് ഒരോരുത്തരും വിവാഹത്തിനും വീടിനുമൊക്കെ ചെലവഴിക്കുന്നത്. ആയുസ്സു മുഴുവൻ മക്കൾക്കു വേണ്ടി മാറ്റിവയ്ക്കുന്ന നമ്മുടെ പേരന്റിങ് രീതിയൊന്നും ഇവർക്കു വശമില്ല. തൊഴിലിനും വ്യക്തിജീവിതത്തിനും വേണ്ടി ഇഷ്ടങ്ങളൊന്നും ബലികഴിക്കാതിരിക്കാനും അതീവശ്രദ്ധ പുലർത്തും. അതിനു പാകത്തിലാണ് വിദ്യാഭ്യാസ രീതി. തൊഴിൽ പരിശീലനം പാഠ്യപദ്ധതിയുടെ ഭാഗമാണ്. 7 വയസ്സിൽ മാത്രമാണ് കുട്ടികൾ അക്ഷരലോകത്തേക്കു പ്രവേശിക്കുന്നത്. 

Image Credit: Sitikka/istockphoto.com
മതവിശ്വാസങ്ങളോടുള്ള വിമുഖതയും വേർതിരിവില്ലാത്ത അഴിമതിരഹിത ഭരണവ്യവസ്ഥയും നിയമങ്ങൾ അനുസരിക്കുന്നതിലെ കൃത്യതയും നമ്മെ അമ്പരിപ്പിക്കും. Image Credit: Sitikka/istockphoto.com

നിത്യജീവിതത്തിലെ ചെറിയ ചെറിയ കാര്യങ്ങളിൽ കുട്ടികളെ സ്വയം പര്യാപ്തരാക്കാനും സ്കൂൾ വിദ്യാഭ്യാസത്തിനുവേണ്ടി മാനസികമായി തയാറാക്കാനുമാണ് നഴ്സറി സ്കൂളുകൾ ഊന്നൽ നൽകുന്നത്. ചെറിയ കുരുന്നുകൾക്കും സ്വന്തമായി ഭക്ഷണം കഴിക്കാനും വസ്ത്രം ധരിക്കാനും കളിപ്പാട്ടങ്ങൾ ഒരുക്കിവയ്ക്കാനുമുള്ള പരിശീലനം നഴ്സറി വിദ്യാഭ്യാസം വഴി കിട്ടും. ഏതുപ്രായത്തിലും പുതിയ കാര്യങ്ങൾ പഠിക്കാനും പരീക്ഷിക്കാനും ഇഷ്ടങ്ങളുടെ പിറകെപ്പോകാനും മടികാണിക്കാത്തതാണ് ഫിന്നിഷ് സമൂഹത്തിന്റെ മറ്റൊരു പ്രത്യേകത. കംപ്യൂട്ടർ എൻജിനീയറായ എന്റെ ഒരു സുഹൃത്ത് അൻപതാം വയസ്സിൽ ജോലി ഉപേക്ഷിച്ചു പോയത് ഇലക്ട്രിഷ്യൻ ആകുക എന്ന സ്വപ്നം സാക്ഷാത്കരിക്കാനായിരുന്നു!. 

Image Credit: pawel.gaul/istockphoto.com
Image Credit: pawel.gaul/istockphoto.com

ജീവിക്കാൻ മറന്ന്, ഓടിത്തളരാതെ, ഇടയ്‌ക്കൊക്കെ ജീവിതയാത്രയിലെ സ്റ്റോപ്പുകളിൽ ഇറങ്ങി കാഴ്ചകൾ കണ്ട്, അതതു നിമിഷങ്ങൾ ആസ്വദിച്ചങ്ങനെ ജീവിക്കുന്നതാണ് ഫിന്നിഷ് രീതി. ഓരോ നാടിനും തനതു സൗന്ദര്യവും പോരായ്മകളും ഉണ്ടെങ്കിലും സുഓമി ജനതയുടെ ചില നല്ല ശീലങ്ങൾ നമ്മുടെ സമൂഹത്തിലും പ്രാവർത്തികമാക്കുവാൻ ‘ഒലെ ഹുവാ’ (നിങ്ങൾക്കു സ്വാഗതം)!.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com