എമ്പുരാൻ ടിക്കറ്റുകൾ യുകെയിൽ ഇതുവരെ വിറ്റു പോയത് 40000 ന് മുകളിൽ; 800 സ്ക്രീനുകളിൽ പ്രദർശനം

Mail This Article
ലണ്ടൻ ∙ ബുക്കിങ് ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ ‘എമ്പുരാൻ’ ടിക്കറ്റുകളുടെ വിൽപന യുകെയിൽ മാത്രം 40,000 കടന്നുവെന്ന് ചിത്രത്തിന്റെ യുകെ, യൂറോപ്പ് വിതരണാവകാശം നേടിയ ആർഎഫ്ടി ഫിലിംസ് ഉടമ റോണാൾഡ് തോണ്ടിക്കൽ പറഞ്ഞു. റിലീസ് ദിനത്തിൽ യുകെ സമയം പുലർച്ചെ 12.30 ന് ലണ്ടനിൽ ഫാൻസ് ഷോയ്ക്കുള്ള ഒരുക്കങ്ങളും നടക്കുന്നുണ്ട്. ആദ്യ ദിവസത്തെ 231 ൽ നിന്നും 300 ലേക്ക് തിയറ്ററുകളുടെ എണ്ണവും വർധിച്ചിട്ടുണ്ട്. യുകെയിൽ ഇതുവരെ റിലീസ് ചെയ്ത ഇന്ത്യൻ സിനിമകളിൽ റെക്കോർഡ് ടിക്കറ്റ് വിൽപനയാനാണ് ആദ്യ ദിവസങ്ങളിൽ ഉണ്ടായിരിക്കുന്നത്.
ഗൾഫ് രാജ്യങ്ങൾ, യൂറോപ്യൻ രാജ്യങ്ങൾ, യുഎസ് ഉൾപ്പടെയുള്ള പശ്ചാത്യ രാജ്യങ്ങൾ എന്നിവ ഉൾപ്പെടുന്ന ഓവർസീസ് വിതരണത്തിൽ നിന്നും 100 കോടി രൂപയുടെ കലക്‌ഷൻ പ്രതീക്ഷ ശരിവയ്ക്കും വിധമാണ് ടിക്കറ്റ് വിൽപന പുരോഗമിക്കുന്നത്. മിക്കയിടങ്ങളിലും പതിവിൽ നിന്നും വ്യത്യസ്തമായി ടിക്കറ്റ് വിൽപന ഉയരുന്നതിനാൽ സ്ക്രീനുകളുടെ എണ്ണം കൂട്ടി പ്രദർങ്ങളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്. 300 ൽപ്പരം തിയറ്ററുകളിലെ 800 ൽപ്പരം സ്ക്രീനുകളാണ് പ്രദർശനത്തിനായി ഒരുങ്ങിയിട്ടുള്ളത്.

യുകെയിലെ ഒഡിയോൺ, സിനിവേൾഡ്, വിയുഇ, ദി ലൈറ്റ്, ഷോകേസ്, പാലസ് സിനിമ, പ്ലാസ, പിക്കാഡിലി എന്നിവ ഉൾപ്പെടെ മിക്ക നഗരങ്ങളിലെയും പ്രധാന തിയറ്ററുകളിൽ ചിത്രം പ്രദർശിപ്പിക്കും. ബെൽഫാസ്റ്റ്, എഡിൻബറോ, ഇപ്സ്വിച്ച്, എൽഎസ്ക്യൂ, ഷെഫീൽഡ് എന്നിവിടങ്ങളിലെ സിനിവേൾഡ് തിയറ്ററുകളിലും ഗ്രീൻവിച്ച്, ലിവർപൂൾ, ട്രഫോഡ് എന്നിവിടങ്ങളിലെ ഓഡിയോൺ തിയറ്ററുകളിലും എമ്പുരാന്റെ ഐമാക്സ് പ്രദർശനം ഉണ്ടാകും. ലീഡ്‌സ്, മാഞ്ചസ്റ്റർ എന്നിവിടങ്ങളിലെ വിയുഇയിലും കേംബ്രിജിലെ ദിലൈറ്റിലും ഐമാക്സ് പ്രദർശനം ഒരുക്കിയിട്ടുണ്ട്. ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് മാർച്ച് 27 ലെ എമ്പുരാൻ റിലീസിനായി കാത്തിരിക്കുന്നതെന്ന് യുകെയിലെ മോഹൻലാൽ ഫാൻസ് അസോസിയേഷൻ വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്മാരായ അനൂപ് ശശിധരൻ, അസ്‌ലം നസീർ, രാഹുൽ ആർ. പിള്ള എന്നിവർ പറഞ്ഞു.