തടവുകാരനുമായി ബന്ധം: 23കാരിയായ ജയിൽ ജീവനക്കാരിക്ക് സസ്പെൻഷൻ, നിഷേധിച്ച് കാറ്റെറിന

Mail This Article
ഫെൽതാം∙ തടവുകാരനുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഫെൽതാം ജയിൽ ജീവനക്കാരിക്ക് സസ്പെൻഷൻ. കാറ്റെറിന ടാറ്റസിനെയാണ് (23) സസ്പെൻഡ് ചെയ്തത്. 15 മുതൽ 18 വയസ്സുവരെയുള്ള തടവുകാരെ പാർപ്പിക്കുന്ന വിഭാഗവും ഈ ജയിലിലുണ്ട്. എന്നാൽ കാറ്റെറിനയുടെ കുറ്റകൃത്യം ഈ വിഭാഗവുമായി ബന്ധപ്പെട്ടതല്ലെന്ന് ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്തു. കാറ്റെറിന ഫെൽതാം ജയിലിലെ തടവുകാരനുമായിട്ടാണോ അതോ മറ്റ് ജയിലിലെ തടവുകാരനുമായിട്ടാണോ ബന്ധം പുലർത്തിയതെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല.
ജയിൽ ജീവനക്കാരും തടവുകാരും തമ്മിലുള്ള ബന്ധങ്ങൾ വർധിച്ചുവരുന്നതായി വാർത്തകൾ സൂചിപ്പിക്കുന്നു. ജനുവരിയിൽ സീരിയൽ മോഷ്ടാവുമായി സെല്ലിൽ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതിന് മുൻ വാണ്ട്സ്‌വർത്ത് ജയിൽ ഉദ്യോഗസ്ഥ ലിൻഡ ഡി സൂസ അബ്രുവിന് 15 മാസം തടവ് ശിക്ഷ ലഭിച്ചിരുന്നു.
സമൂഹമാധ്യമങ്ങളിൽ സജീവമായ കാറ്റെറിന ടാറ്റസ് സംഭവവുമായി തനിക്ക് ബന്ധമില്ലെന്ന് നിലപാടാണ് പ്രതികരണം ആരാഞ്ഞ മാധ്യമങ്ങളെ അറിയിച്ചത്. പൊലീസ് അന്വേഷണം പുരോഗമിക്കുന്ന സംഭവത്തിൽ പ്രതികരിക്കാനില്ലെന്നാണ് ജയിൽ അധികൃതർ അറിയിച്ചിരിക്കുന്നത്.

തടവുകാരനുമായുള്ള ലൈംഗിക ബന്ധത്തിന് ശിക്ഷിക്കപ്പെട്ട ഏറ്റവും അവസാനത്തെ ജയിൽ ഉദ്യോഗസ്ഥ 26 വയസ്സുള്ള കാറ്റി ഇവാൻസാണ്. ഈ മാസം ആദ്യമാണ് അവരെ ജയിലിലടച്ചത്. എച്ച്എംപി ഡോൺകാസ്റ്ററിൽ ജോലി ചെയ്യുന്നതിനിടെ കാറ്റി മോഷ്ടവായ ഡാനിയേൽ ബ്രൗൺലിയുമായി ലൈംഗികബന്ധം ആരംഭിച്ചു. 2020ൽ ആറ് മാസത്തിനിടെ കുറ്റവാളിയുമായി ബന്ധം പുലർത്തുകയും അയാൾക്ക് വേണ്ടി ലഹരിമരുന്ന് വിറ്റ് കിട്ടിയ പണം ശേഖരിക്കുകയും ചെയ്തു. ഇക്കാര്യം മറ്റൊരു ജയിൽ ഉദ്യോഗസ്ഥനോട് കാറ്റി പറയുകയും ചെയ്തിരുന്നു.