ഡോണൾഡ് ട്രംപിന്റെ മുൻമരുമകളുമായി പ്രണയത്തിൽ; വെളിപ്പെടുത്തലുമായി ഗോൾഫ് ഇതിഹാസ താരം

Mail This Article
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുൻമരുമകൾ വനേസ ട്രംപുമായി പ്രണയത്തിലാണെന്ന് വെളിപ്പെടുത്തി ഗോൾഫ് ഇതിഹാസ താരം ടൈഗര്‍ വൂഡ്സ്. സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് വനേസയുമായി പ്രണയത്തിലാണെന്ന് വൂഡ്സ് ആരാധകരെ അറിയിച്ചത്. നീ എന്റെ കൂടെയുണ്ടെങ്കിൽ ജീവിതം കൂടുതൽ മനോഹരമായിരിക്കും എന്ന ഹൃദ്യമായ കുറിപ്പോടെയാണ് വനേസയ്ക്കൊപ്പമുള്ള ചിത്രങ്ങൾ ടൈഗർ വൂഡ്സ് പങ്കുവച്ചത്.
വൂഡ്സും വനേസയും തമ്മിൽ പ്രണയത്തിലാണെന്ന രീതിയില്‍ നേരത്തെ തന്നെ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ഇപ്പോൾ സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെ വൂഡ്സ് തന്നെ ഇക്കാര്യത്തിനു സ്ഥിരീകരണം നൽകിയിരിക്കുകയാണ്. 2009ൽ ലൈംഗികാരോപണത്തെ തുടർന്ന് വൂഡ്സിന് കരിയറിലും സ്വകാര്യ ജീവിതത്തിലും വെല്ലുവിളികള്‍ നേരിടേണ്ടി വന്നിരുന്നു. തുടര്‍ന്ന് പങ്കാളി എലിൻ നോഡ്രഗ്രീനുമായുള്ള വിവാഹബന്ധം വേർപ്പെടുത്തി. ഈ ബന്ധത്തിൽ വൂഡ്സിന് രണ്ട് കുട്ടികളുണ്ട്. 2013-ല്‍ ലിന്‍ഡ്‌സി വോണുമായി ഡേറ്റിങ്ങിലാണെന്ന് വൂഡ്സ് അറിയിച്ചതും ഇതുപോലൊരു പോസ്റ്റിലൂടെയാണ്. ഈ ബന്ധം മൂന്നുവര്‍ഷത്തിന് ശേഷം പിരിഞ്ഞു.

ട്രംപിന്റെ മകൻ ഡോണൾഡ് ട്രംപ് ജൂനിയറിന്റെ ഭാര്യയായിരുന്നു വനേസ. 2005ൽ വിവാഹിതരായ ട്രംപ് ജൂനിയറും വനേസയും 2018ൽ ബന്ധം വേർപിരിഞ്ഞു. ഇരുവര്‍ക്കും അഞ്ചുമക്കളുണ്ട്. മൂത്ത മകള്‍ കയ് മാഡിസണ്‍ ട്രംപ് ഗോള്‍ഫ് താരം കൂടിയാണ്.