സാഹചര്യങ്ങൾക്കനുസരിച്ച് ബാറ്റുചെയ്യുന്നതാരം, ശ്രേയസിന്റെ വളർച്ച അതിശയിപ്പിക്കുന്നത്: കയ്യടിച്ച് കെയ്ൻ വില്യംസൻ

Mail This Article
അഹമ്മദാബാദ്∙ ഒരു മധ്യനിര ബാറ്റർ എന്ന നിലയിൽ പഞ്ചാബ് കിങ്സ് ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ വളർച്ച അതിശയിപ്പിക്കുന്നതാണെന്ന് ന്യൂസീലൻഡ് താരം കെയ്ൻ വില്യംസൻ. ഐപിഎലിലെ ഗുജറാത്ത് ടൈറ്റൻസ്– പഞ്ചാബ് കിങ്സ് മത്സരത്തിൽ ശ്രേയസിന്റെ പ്ലെയർ ഓഫ് ദ് മാച്ച് പ്രകടനത്തെക്കുറിച്ചു സംസാരിക്കുകയായിരുന്നു വില്യംസൻ. ‘
സാഹചര്യങ്ങൾക്കനുസരിച്ച് തന്റെ ബാറ്റിങ് ശൈലി ക്രമീകരിക്കാനുള്ള ശ്രേയസിന്റെ കഴിവ് എന്നെ അദ്ഭുതപ്പെടുത്തുന്നു. ചാംപ്യൻസ് ട്രോഫിയിൽ വളരെ ക്ഷമയോടെ ബാറ്റ് ചെയ്യുന്ന ശ്രേയസിനെയാണ് നമ്മൾ കണ്ടത്. എന്നാൽ ഐപിഎലിൽ അദ്ദേഹം ആദ്യ പന്തു മുതൽ ആക്രമിച്ചു കളിക്കുന്നു.’– വില്യംസൻ പറഞ്ഞു.
ഗുജറാത്തിനെതിരായ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ്, ശ്രേയസ് അയ്യർ (42 പന്തിൽ 97 നോട്ടൗട്ട്), പ്രിയാംശ് ആര്യ (23 പന്തിൽ 47) എന്നിവരുടെ ബലത്തിൽ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 243 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 232 റൺസ് നേടാനേ ഗുജറാത്തിന് സാധിച്ചുള്ളൂ.