റീനയുമായുള്ള ബന്ധം തകർന്നത് മുഴുക്കുടിയനാക്കി, ഉറക്കം നഷ്ടമായി: ആമിർ ഖാൻ

Mail This Article
ആദ്യഭാര്യ റീന ദത്തയുമായുള്ള വേർപിരിയലിനു ശേഷം മദ്യപാനിയായെന്ന് പ്രമുഖതാരം ആമിർ ഖാൻ. ബന്ധം തകർന്നതോടെ വിഷാദത്തിന് അടിമയായി. ഒന്നരവർഷത്തോളം ജോലിയിൽ ശ്രദ്ധിക്കാൻ സാധിച്ചില്ലെന്നും ആമിർ വ്യക്തമാക്കി. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു ആമിർ ഖാന്റെ പ്രതികരണം.
‘‘റീനയും ഞാനും വേര്‍പിരിഞ്ഞപ്പോള്‍, ഏകദേശം 2-3 വര്‍ഷത്തോളം ഞാന്‍ കടുത്ത ദുഃഖത്തിലായിരുന്നു. എനിക്ക് ജോലിയിൽ ശ്രദ്ധിക്കാനോ തിരക്കഥകൾ കേൾക്കാനോ കഴിഞ്ഞിരുന്നില്ല. വീട്ടിൽ തനിച്ചായിരുന്നു. ആ ഒന്നര വർഷക്കാലം നന്നായി മദ്യപിച്ചു. മദ്യം കഴിക്കാത്ത ഒരാളായിരുന്നു ഞാന്‍ എന്നറിഞ്ഞാല്‍ നിങ്ങള്‍ക്ക് ആശ്ചര്യം തോന്നിയേക്കാം. വേര്‍പിരിയലിനുശേഷം, എന്തുചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു. രാത്രിയില്‍ ഉറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ഞാന്‍ മദ്യപിക്കാന്‍ തുടങ്ങി. ഒട്ടും മദ്യപിക്കാത്ത ഒരാളില്‍ നിന്ന്, ഒരു ദിവസം കൊണ്ട് ഒരു കുപ്പി മുഴുവന്‍ കുടിക്കുന്ന ഒരാളായി മാറി. ദേവദാസിനെപ്പോലെയായിരുന്നു ഞാന്‍, സ്വയം നശിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരാള്‍. ഒന്നര വര്‍ഷത്തോളം അത് തുടര്‍ന്നു. കടുത്ത വിഷാദത്തിലായിരുന്നു ഞാന്‍.’ - ആമിര്‍ വ്യക്തമാക്കി.
പിന്നീട് താന്‍ യാഥാര്‍ഥ്യത്തെ ഉൾക്കൊള്ളാൻ ശ്രമിച്ചതായും ആമിർ പറഞ്ഞു. ‘എത്രത്തോളം പ്രിയപ്പെട്ടതാണെങ്കിലും നഷ്ടങ്ങളെ ഉൾക്കൊള്ളാൻ നമ്മള്‍ പഠിക്കണം. ഒരിക്കൽ നിങ്ങള്‍ക്കു സ്വന്തമായിരുന്നവ ഇപ്പോൾ നിങ്ങളുടേതല്ലെന്ന വസ്തുതയും ഉൾക്കൊള്ളണം. അത് ഉണ്ടായിരുന്ന കാലത്ത് എത്രത്തോളം പ്രിയപ്പെട്ടതായിരുന്നോ നഷ്ടപ്പെടുമ്പോള്‍ അത്രയും ബുദ്ധിമുട്ടുണ്ടായിരിക്കുമെന്നും ഉൾക്കൊള്ളണം.’– ആമിർ വ്യക്തമാക്കി.
സിനിമാ മേഖലയില്‍ പുതുമുഖങ്ങളായിരിക്കേ രഹസ്യമായി വിവാഹം കഴിച്ചവരായിരുന്നു റീനയും ആമിറും. വളരെക്കാലം അവര്‍ വിവാഹബന്ധം രഹസ്യമാക്കി വെച്ചു. 16 വര്‍ഷത്തെ ദാമ്പത്യത്തിനു ശേഷം 2002-ലാണ് ഇരുവരും വിവാഹമോചിതരാകുന്നത്. പിന്നീട് 2005 ല്‍ ആമിര്‍ കിരണ്‍ റാവുവിനെ വിവാഹം ചെയ്തു. 2021ൽ ഇരുവരും വേർപിരിഞ്ഞു. അടുത്തിടെ അറുപതാം ജന്മദിനത്തിൽ ആമിർ പുതിയ കാമുകിയെ പരിചയപ്പെടുത്തിയിരുന്നു. ബെംഗളൂരു സ്വദേശിയായ ഗൗരി സ്പ്രാറ്റ് ആമിറിന്റെ നിർമാണ കമ്പനിയിൽ ഉദ്യോഗസ്ഥയാണ്.