തോൽവിക്കു പിന്നാലെ ലക്നൗ ടീം ഉടമ ഗോയങ്കയും ഋഷഭ് പന്തും തമ്മിൽ ‘സീരിയസ്’ ചർച്ച; രാഹുലിനെ ‘സ്മരിച്ച്’ ആരാധകർ– വിഡിയോ

Mail This Article
വിശാഖപട്ടണം∙ ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) 18–ാം സീസണിലെ ആദ്യ മത്സരത്തിനു തൊട്ടുപിന്നാലെ ഗ്രൗണ്ടിൽവച്ച് ലക്നൗ സൂപ്പർ ജയന്റ്സ് ടീം ഉടമ സഞ്ജീവ് ഗോയങ്കയും ക്യാപ്റ്റൻ ഋഷഭ് പന്തും തമ്മിൽ ഗൗരവമേറിയ ചർച്ച. ഇതു കണ്ടവരുടെ ഓർമയിലെത്തിയത് കഴിഞ്ഞ സീസണിൽ തുടർ തോൽവികൾക്കിടെ ഒരിക്കൽ അന്നത്തെ ലക്നൗ നായകൻ കെ.എൽ. രാഹുലിനെ ഗ്രൗണ്ടിൽവച്ച് ശകാരിച്ച ഗോയങ്കയുടെ ദൃശ്യം. ഏറെ വിവാദമായി മാറിയ അന്നത്തെ ശാസനയുടെ സമാനസ്വാഭാവമുള്ളതായിരുന്നു ഗോയങ്ക – പന്ത് ചർച്ചയെന്നാണ് ആരാധകരുടെ ‘കണ്ടെത്തൽ’. ഇതോടെ ഈ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായി.
മത്സരത്തിൽ ഒരുവേള വിജയമുറപ്പിച്ചു മുന്നേറുകയായിരുന്ന ലക്നൗ സൂപ്പർ ജയന്റ്സ് അപ്രതീക്ഷിത തോൽവി വഴങ്ങിയിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ലക്നൗ നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ നേടിത് 209 റൺസ്. മറുപടി ബാറ്റിങ്ങിൽ ഒരു ഘട്ടത്തിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ ഏഴു റൺസ് എന്ന നിലയിൽ തകർന്ന ഡൽഹി, അവസാന ഓവറിൽ ഒറ്റ വിക്കറ്റ് ബാക്കിനിർത്തിയാണ് വിജയത്തിലെത്തിയത്. ലക്നൗവിനായി ഐപിഎലിൽ ‘അരങ്ങേറ്റ മത്സരം’ കളിച്ച ക്യാപ്റ്റൻ ഋഷഭ് പന്ത് ബാറ്റിങ്ങിൽ പൂർണമായും പരാജയപ്പെട്ട് ആറു പന്തിൽ പൂജ്യം റൺസുമായി പുറത്തായിരുന്നു.
പിന്നീട് ലക്നൗവിന് ഒറ്റ വിക്കറ്റ് മാത്രം ബാക്കിനിൽക്കെ അവസാന ഓവറിൽ മോഹിത് ശർമയെ സ്റ്റംപ് ചെയ്തു പുറത്താക്കാനുള്ള അവസരം പന്ത് പാഴാക്കിയതും ലക്നൗവിന്റെ തോൽവിക്ക് കാരണമായി. മോഹിത്തിനെ സ്റ്റംപ് ചെയ്ത് പുറത്താക്കിയിരുന്നെങ്കിൽ ലക്നൗവിന് അഞ്ച് റൺസിന്റെ വിജയം നേടാമായിരുന്നു. ഇതിനു പുറമേ, ക്യാപ്റ്റനെന്ന നിലയിൽ പന്ത് കൈക്കൊണ്ട തീരുമാനങ്ങളും കടുത്ത വിമർശനം വരുത്തിവച്ചു. പേസർ ഷാർദൂൽ ഠാക്കൂറിന് 2 ഓവർ ശേഷിക്കെ, ലക്നൗ ക്യാപ്റ്റൻ ഋഷഭ് പന്ത് അവസാന ഓവർ ഏൽപിച്ചത് ഇടംകൈ സ്പിന്നർ ഷഹബാസ് അഹമ്മദിനെ. പന്തിന്റെ ഈ തീരുമാനം കമന്റേറ്റർമാരെ ഉൾപ്പെടെ അമ്പരപ്പിച്ചിരുന്നു.
ഇതോടെയാണ്, പന്തും ഗോയങ്കയും തമ്മിലുള്ള ചർച്ചകളിൽ പഴയ ‘ശാസന എപ്പിസോഡി’ന്റെ തുടർച്ച ചില ആരാധകർ കണ്ടെത്തിയത്. കഴിഞ്ഞ സീസണിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരം തോറ്റതിനു പിന്നാലെയാണ് ഗോയങ്ക ഗ്രൗണ്ടിലെത്തി രാഹുലിനെ ശാസിച്ചത്. ഇത് വൻ വിവാദമായി. കഴിഞ്ഞ സീസണിൽ ലക്നൗവിനായി 14 മത്സരങ്ങളിൽനിന്ന് 37.14 ശരാശരിയിൽ 520 റൺസ് നേടിയ താരമാണ് രാഹുൽ. ഐപിഎലിൽ ആകെ ലക്നൗവിനായി 38 മത്സരങ്ങളിൽനിന്ന് 1200 റൺസിലധികം സ്കോർ ചെയ്ത താരമാണ് രാഹുൽ. ഇന്നലെ നടന്ന മത്സരത്തിൽ ലക്നൗവിനെതിരെ കളിച്ച ഡൽഹി ടീമിൽ രാഹുലും അംഗമായിരുന്നെങ്കിലും, താരം കളത്തിലിറങ്ങിയില്ല. കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് നാട്ടിലായതിനാലാണ് താരം കളിക്കാതിരുന്നത്.