ഇലയുമില്ല തണ്ടുമില്ല, ബൾബില്നിന്നുണ്ടാകും പൂങ്കുല: പൂന്തോട്ടത്തിൽ താരമായി പുതിയ ലില്ലി

Mail This Article
ചെടിയുടെ നടീല്‍വസ്തുവില്‍നിന്നുതന്നെ വലിയ പൂക്കളുമായി പൂങ്കുല നേരിട്ട് ഉണ്ടായി വരിക! വിദേശത്തുനിന്ന് നമ്മുടെ നാട്ടിൽ വന്നെത്തിയ അമാരിലിസ് ലില്ലിയിലാണ് സവോളപോലുള്ള ബൾബില്‍നിന്നു തണ്ടും ഇലയും ഒന്നും ഉണ്ടാകാതെ പൂങ്കുലയുണ്ടാകുന്നത്.
ദക്ഷിണാഫ്രിക്ക ജന്മദേശമായ ഈ ലില്ലിയുടെ ഒട്ടേറെ സങ്കര, അലങ്കാര ഇനങ്ങള്‍ ഇന്നു വിപണിയിൽ ലഭ്യമാണ്. നമ്മുടെ നാട്ടിൽ മഴക്കാലം കഴിഞ്ഞ് അധികം ചൂടില്ലാത്ത കാലാവസ്ഥയിലാണ് അമാരിലിസ് നന്നായി വളരുകയും പുഷ്പിക്കുകയും ചെയ്യുക. കടുത്ത വേനലായാൽ പൂക്കളുടെ വലുപ്പവും ചെടിയിലുള്ള ആയുസ്സും കുറയും.

നടീല്‍വസ്തു ഓണ്‍ലൈനില്‍
ഓൺലൈൻ വിപണിയിൽ ലഭ്യമായ ബൾബ് ആണ് ഈ ചെടിയുടെ പ്രധാന നടീല്‍വസ്തു. വിശ്വാസയോഗ്യമായ സൈറ്റിൽനിന്നു മുൻപ് വാങ്ങിയവരുടെ അഭിപ്രായങ്ങൾ വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം ഓർഡർ ചെയ്യുക. ബൾബിനുള്ളിൽ ചെടി ഉറങ്ങിക്കിടക്കുന്ന അവസ്ഥയിലായിരിക്കും. ഇത്തരം ബൾബിനുള്ളിൽ ശേഖരിച്ചു വച്ചിട്ടുള്ള ഭക്ഷണം ഉപയോഗിച്ചാണ് ചെടി വീണ്ടും വളരുക. അതുകൊണ്ട് നല്ല വലുപ്പവും ബലവുമുള്ള ബൾബ് തന്നെ വാങ്ങണം. സവോള പോലെ ഇളം തവിട്ടു നിറത്തിൽ ആവരണമുള്ള ബൾബിന്റെ ഏതെങ്കിലും ഭാഗത്തു കാണുന്ന പച്ച നിറം നല്ല ആരോഗ്യത്തിന്റെ ലക്ഷണമാണ്. ചുവട്ടിൽ ചിലപ്പോൾ ഉണങ്ങിയ വേരുകൾ കാണാം. വേരുകൾ മുഴുവന്‍ നീക്കിയ വിധത്തിലും ബൾബ് ലഭ്യമാണ്. വലുപ്പം കുറഞ്ഞ ബൾബിൽ ആവശ്യ ത്തിനു ഭക്ഷണം ശേഖരിച്ചു വച്ചിട്ടില്ലാത്തതു കാരണം പൂക്കൾക്ക് പകരം ഇലകളായിരിക്കും ഉണ്ടായിവരിക. ഇലകൾ വഴി ഉല്‍പാദിപ്പിക്കുന്ന ഭക്ഷണം ബൾബിനുള്ളിൽ സംഭരിക്കുകയും അതുവഴി ബൾബിന് ആവശ്യത്തിനു വലുപ്പം വയ്ക്കുകയും ചെയ്യും. അടുത്ത സീസണിൽ ഈ ബൾബിൽനിന്നു പൂങ്കുല ഉണ്ടായി വരും.

ബൾബിന്റെ തുടർവളർച്ചയും പൂവിടീലുമെല്ലാം ചെടി വളരുന്ന ചട്ടിയുടെ വലുപ്പത്തെയും മിശ്രിത ത്തിന്റെ ഘടനയെയും ആശ്രയിച്ചിരിക്കും. ചട്ടിക്കു കുറഞ്ഞത് 8 ഇഞ്ച് വലുപ്പം വേണം, നന്നായി ചകിരിച്ചോറ് ചേർത്താവണം പോട്ടിങ് മിശ്രിതം. വളമായി ഉണങ്ങിയ ചാണകപ്പൊടി മതി. ചെറിയ ചട്ടിയിലും വളർന്നു പൂവിടുമെങ്കിലും ചിലപ്പോൾ പൂങ്കുലയുടെ ഭാരം കാരണം ബൾബ് ഉൾപ്പെടെ മറിഞ്ഞു വീഴാം. ചെറിയ ചട്ടിയില്‍ പൂക്കളുടെ വലുപ്പം കുറയാനുമിടയുണ്ട്.
ബൾബ് നടുന്നതിനു മുൻപ് കോൺടാഫ് പ്ലസ് കുമിള്‍നാശിനി ( 1 മില്ലി/ ഒരു ലീറ്റർ വെള്ളം) യിൽ മുക്കി അണുവിമുക്തമാക്കണം. ബൾബിന്റെ കഴുത്തുപോലുള്ള ഭാഗം മിശ്രിതത്തിന് മുകളിൽ വരുന്ന വിധത്തിൽ, ഗോളാകൃതിയിലുള്ള താഴ്ഭാശം മുഴുവനായി മിശ്രിതത്തിൽ ഇറക്കിവച്ചുവേണം നടാൻ. ബൾബ് നട്ട ശേഷം ചുറ്റുമുള്ള മിശ്രിതം നന്നായി അമർത്തി ഉറപ്പിക്കണം. മിശ്രിതം ആവശ്യത്തിനു കുതിരുന്ന വിധത്തിൽ നനയ്ക്കണം. തുടക്കത്തിൽ ചെടി പാതി തണൽ കിട്ടുന്നിടത്തു വച്ച് പരിപാലിക്കണം. ബൾബിൽനിന്നു മുളപ്പ് വളരാൻ തുടങ്ങിയാൽ ദിവസം നാലഞ്ച് മണിക്കൂർ നേരിട്ട് വെയിൽ കിട്ടുന്നിടത്തേക്കു മാറ്റിവയ്ക്കാം. മിശ്രിതത്തിൽ എപ്പോഴും നേർത്ത ഈർപ്പം നിലനില്‍ക്കു ന്ന വിധം വേണം നന. ചട്ടിയിൽ അധികസമയം ജലം തങ്ങിനിന്നാൽ ബൾബ് ചീഞ്ഞുപോകാനിടയുള്ളതുകൊണ്ട് ശ്രദ്ധിച്ചു മാത്രം നനയ്ക്കുക. നമ്മുടെ ഉഷ്ണമേഖലാ കാലാവസ്ഥയിൽ ബൾബ് നട്ട് 25- 30 ദിവസത്തിനുള്ളിൽ ചെടി പൂവിട്ടുതുടങ്ങും.

നന്നായി സൂര്യപ്രകാശം കിട്ടുന്നിടത്ത് ആവശ്യത്തിനു നനയും നല്‍കിയാൽ ബൾബിൽനിന്നു നേരിട്ട് പൂങ്കുല ഉണ്ടായിവരും. നല്ല നീളത്തിൽ വളർന്നുവരുന്ന പൂത്തണ്ടിന്റെ അറ്റത്ത് പൂക്കൾ എല്ലാ വശങ്ങളിലേക്കും ഒന്നൊന്നായി വിരിയും. കടും ചുവപ്പ്, പിങ്ക്, ഇളം പിങ്ക് കലർന്ന വെള്ള, തൂവെള്ള തുടങ്ങി വിവിധ നിറങ്ങളിലുള്ള പൂക്കൾക്ക് വലിയ കോളാമ്പിയുടെ ആകൃതിയാണ്. പൂക്കൾക്ക് നല്ല വലുപ്പമുള്ളതുകൊണ്ട് പൂങ്കുല മറിഞ്ഞുവീഴാതിരിക്കാൻ താങ്ങു നൽകണം.
അനുകൂല കാലാവസ്ഥയിൽ രണ്ടാഴ്ചയോളം പൂക്കൾ കൊഴിയാതെ ചെടിയിൽ നില്‍ക്കും. പൂക്കൾ എല്ലാം വാടിക്കൊഴിഞ്ഞാൽ പൂങ്കുലയുടെ ചുവട്ടിൽ വച്ച് മുറിച്ചു കളയണം. ആദ്യത്തെ പൂങ്കുലയിലെ പൂക്കൾ പ്രായമെത്തിയാൽ ബൾബിന്റെ മറ്റൊരു വശത്തുനിന്നു ചെടി വീണ്ടും അതേ വലുപ്പത്തിലുള്ള പൂങ്കുല ഉല്‍പാദിപ്പിക്കും. പൂവിടാൻ തുടങ്ങിയ ചെടിക്ക് രാസവളമായി 14:7:14 അല്ലെങ്കിൽ ചാണകപ്പൊടി ചുവട്ടിൽ നേരിട്ടു നൽകാം. നല്ല വെയിലത്താണ് ചെടി വച്ചിരിക്കുന്നതെങ്കിൽ ആവശ്യാനുസരണം നനയ്ക്കണം അല്ലെങ്കിൽ പൂക്കൾ വേഗത്തിൽ വാടിക്കൊഴിയും.

പൂവിട്ടു തീർന്ന ചെടി അടുത്ത പടിയായി ഇലകൾ ഉല്‍പാദിപ്പിക്കും. ഇങ്ങനെ കുറച്ചു നാൾ വളർന്നു വേണ്ടത്ര ഭക്ഷണം ബൾബിനുള്ളിൽ ശേഖരിച്ചു കഴിഞ്ഞാൽ ഇലകൾ കൊഴിഞ്ഞുപോകും. ഈ അവസ്ഥയിൽ മിശ്രിതത്തിനടിയിലുള്ള ബൾബ് പുറത്തെടുത്ത്, വേരുകൾ എല്ലാം നീക്കിയ ശേഷം അടുത്ത സീസണില്‍ നടാനായി നേരിട്ട് വെയിലോ മഴയോ കൊള്ളാത്ത വിധത്തിൽ പ്ലാസ്റ്റിക് ചട്ടിയിൽ സൂക്ഷിച്ചുവയ്ക്കാം.
ചട്ടിയിൽ ബൾബ് നടുന്നതിനു പകരം മറ്റൊരു എളുപ്പവഴി വേണമെങ്കിൽ പരീക്ഷിക്കാം. മിനറൽ വാട്ടർ കുപ്പി കുറുകെ മുറിച്ച് കപ്പുപോലെയാക്കി അതിൽ വെള്ളം നിറയ്ക്കണം. ചുവടു ഭാഗം മുഴു വനായി വെള്ളത്തിൽ മുട്ടിനിൽക്കുന്ന വിധത്തിൽ ബൾബ്, മുറിച്ചെടുത്ത കുപ്പിയിലേക്ക് ഇറക്കി വയ്ക്കാം. ഇങ്ങനെ വളർത്തിയാലും നല്ല ആരോഗ്യമുള്ള ബൾബ് ആണെങ്കിൽ നേരിട്ട് പൂവിടും. പൂവിട്ടു കഴിഞ്ഞ ബൾബിന്റെ ചുവട്ടിലെ വേരുകൾ നീക്കിയശേഷം അടുത്ത സീസണിലേക്കായി സൂക്ഷിച്ചുവയ്ക്കാനും പറ്റും.