ADVERTISEMENT

തീവ്രവും വർണാഭവുമായ രചനകൾ കൊണ്ട് ആസ്വാദകരെ വരയുടെ ലോകത്തേക്കു ആകർഷിച്ച ആധുനിക ഇന്ത്യൻ കലാകാരൻമാരിൽ പ്രമുഖൻ എന്ന വിശേഷണം കേട്ടാൽ തെയ്ബ് മേത്ത എന്ന പേര് എല്ലാവരുടെയും മനസ്സിലേക്ക് വരില്ലായിരിക്കും. പക്ഷേ, ലോകപ്രശസ്‌ത ലേലസ്ഥാപനമായ ക്രിസ്റ്റീസിൽ ഏറ്റവും വലിയ തുകയ്ക്കു വിറ്റുപോയ ഒരു ഇന്ത്യൻ കലാകാരന്റെ സൃഷ്ടി തെയ്ബ് മേത്തയുടെതാണ് എന്ന് കേൾക്കുമ്പോൾ ആ കലാകാരന്റെ മഹിമ തെളിഞ്ഞുവരും.

ഇന്ത്യൻ കലയുടെ സൗന്ദര്യം ലോകത്തിനു മുൻപിൽ വരച്ചു കാണിച്ച അപൂർവം കലാകാരന്മാരിൽ ഒരാളായിരുന്നു തെയ്ബ് മേത്ത. 1925 ജൂലായ് 26നു ഗുജറാത്തിലെ ഖേഡ ജില്ലയിയെ കപദ്‌വൻജ് എന്ന പട്ടണത്തിലാണ് തെയ്ബ് ജനിച്ചത്. അദ്ദേഹത്തിന്റെ കുടുംബം സിനിമാശാലകൾ നടത്തുന്ന ബിസിനസാണ് ചെയ്‌തിരുന്നത്. അവയിൽ ചിലതുമായി സഹകരിച്ച ശേഷം മുംബൈയിലെ ഫേമസ് സ്റ്റുഡിയോയിൽ ഫിലിം എഡിറ്ററായി മേത്ത കുറെക്കാലം ജോലി ചെയ്‌തു. പിന്നീട് ചിത്രരചനയോടുള്ള ഇഷ്‌ടം കാരണം അതു പഠിക്കാൻ മുംബൈയിലെ സർ.ജെ.ജെ സ്‌കൂൾ ഓഫ് ആർട്ടിൽ ചേർന്നു.

1947ൽ ഇന്ത്യയിൽ വിഭജന കലാപങ്ങൾ നടക്കുമ്പോൾ തെരുവിൽ ഒരുകൂട്ടം ആളുകൾ ഒരാളെ കല്ലെറിഞ്ഞ് കൊല്ലുന്നത് അദ്ദേഹം കാണാൻ ഇടയായി. അന്നു തെയ്ബിനു 22 വയസ് മാത്രമായിരുന്നു പ്രായം. അദ്ദേഹം കണ്ട കാഴ്‌ച, ചിത്രമായി വരച്ചു കാണിച്ചാണ് അദ്ദേഹം തന്റെ ചിത്രരചനാ ജീവിതം ആരംഭിക്കുന്നത്. തിരഞ്ഞെടുക്കുന്ന വിഷയങ്ങൾ കഠിനവും സാമൂഹിക–രാഷ്ട്രീയ വശങ്ങൾ തീവ്രമായി കൈകാര്യം ചെയ്യുന്നവയുമായിരുന്നു.

mehta-lit
തെയ്ബ് മേത്ത വരച്ച ചിത്രം

മേത്തയുടെ രചനകൾക്കു ലോകമെമ്പാടും ആരാധകർ ഉണ്ടായിരുന്നു. കോടികണക്കിനു രൂപയ്ക്കാണു കലാസൃഷ്ടികൾ വിറ്റു പോയിരുന്നത്. ന്യൂമാന്റെ ലംബ വരയാൽ വിഭജിക്കപ്പെട്ട മോണോക്രോമാറ്റിക് സിപ്പ് പെയിന്റിങ്ങുകളിൽ ആകൃഷ്ടനായ മേത്ത, 1969ൽ ഒരു കലാരചനയുടെ സമയത്ത് അദ്ദേഹത്തിന്റെ മനസിൽ തോന്നിയ ഒരു നിമിഷനേരത്തെ നിരാശയിൽ അലക്ഷ്യമായി കാൻവാസിലേക്കു എടുത്തെറിഞ്ഞ കറുത്ത മഷിയുടെ ഒരു വരയിൽ നിന്നാണ് 'ഡയഗണൽ' എന്ന പരമ്പര വരയ്ക്കാനുള്ള ആശയം ലഭിച്ചത്.

മുംബൈയിലെ പ്രോഗ്രസീവ് ആർട്ടിസ്റ്റ് ഗ്രൂപ്പിലെ അംഗമായിരുന്ന മേത്ത ഏകദേശം 300ൽ താഴെ ചിത്രങ്ങൾ മാത്രമേ വരച്ചിട്ടുള്ളുവെങ്കിലും അദ്ദേഹത്തിന്റെ സൃഷ്ടികൾ ലോകമെമ്പാടും ശ്രദ്ധിക്കപ്പെട്ടു. 'ഡയഗണൽ സീരീസ്', 'കാളി', 'മഹിഷാസുര', 'ശാന്തിനികേതൻ ത്രിപ്‌തിക്' സീരീസ് തുടങ്ങിയവ മേത്തയുടെ ശ്രദ്ധേയമായ ചിത്രങ്ങളാണ്. നിരവധി പുരാണ കഥാപാത്രങ്ങള്‍ക്കു തന്റെ വരയിലൂടെ അദ്ദേഹം ജന്മം കൊടുത്തിട്ടുണ്ട്.

ലണ്ടൻ, ന്യൂയോർക്ക്, ശാന്തിനികേതൻ എന്നിവിടങ്ങളിൽ കുറച്ചുകാലം താമസിച്ചതൊഴിച്ചാൽ ജീവിതത്തിന്റെ ഭൂരിഭാഗവും മുംബൈയിൽ താമസിച്ചും ജോലി ചെയ്‌തുമാണ് അദ്ദേഹം ചിലവഴിച്ചത്. ജീവിതത്തിലെ ഓരോ കാലഘട്ടങ്ങളും അദ്ദേഹത്തിന്റെ സൃഷ്‌ടികളിൽ വ്യത്യസ്‌തമായ സ്വാധീനം ചെലുത്തി. വിഭജനം മുതൽ ബാബറി മസ്‌ജിദു വരെയുള്ള വിഷയങ്ങൾ മേത്തയുടെ രചനകളിൽ പ്രമേയമായി.

നിരവധി പുരസ്‌കാരങ്ങളും മേത്തയെ തേടിയെത്തി. ബാന്ദ്രയിലെ കശാപ്പുശാലയിൽ ചിത്രീകരിച്ച 'കൂടൽ' എന്ന അദ്ദേഹത്തിന്റെ സിനിമയ്ക്കു 1970ൽ ഫിലിം ക്രിട്ടിക്‌സ് അവാർഡ് ലഭിച്ചു. കൂടാതെ 1968ലും 2004ലും ലളിതാകലാ അക്കാദമിയുടെ സ്വർണമെഡൽ, റോക്ക് ഫെല്ലർ ഫണ്ട് ഫെലോഷിപ്പ് (1968–1969), 1988ൽ മധ്യപ്രദേശ് സർക്കാരിൻറെ കാളിദാസ സമ്മാൻ, മഹാരാഷ്ട്ര സർക്കാരിന്റെ മൻപത്ര പുരസ്കാരം (2004) എന്നിവയും ലഭിച്ചു. 2007ൽ രാജ്യം പത്‌മഭൂഷൺ നൽകി അദ്ദേഹത്തെ ആദരിച്ചു. 2002ൽ ക്രിസ്റ്റീസ്,മേത്തയുടെ 'ത്രിപ്തിക് സെലിബ്രേഷൻ' എന്ന രചന 15 കോടി രൂപയ്ക്കു ലേലത്തിൽ വിറ്റു. 2005ൽ മഹിഷാസുര 10.9 കോടി രൂപ, 2017ൽ  'വുമൺ ഓൺ റിക്ഷ' 22.9 കോടി രൂപ, 2018ൽ 'കാളി' 26.4 കോടി രൂപ എന്നിവ റെക്കോർഡു വിലയിലാണ് ലേലത്തിൽ വിറ്റുപോയത്.

നിരവധി പുരസ്‌കാരങ്ങളും മേത്തയെ തേടിയെത്തി. മേത്തയുടെ കലാസൃഷ്ടികൾ നിരവധി രാജ്യാന്തര – ദേശീയ വേദികളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. 2009 ജൂലായ് 2നു ഹൃദയാഘാതത്തെ തുടർന്നു മുംബൈയിൽ വെച്ചു തെയ്ബ് മേത്ത വിടപറഞ്ഞു. ഭാര്യ സക്കീന, യൂസഫ്, ഹിമാനി എന്നിവർ മക്കളാണ്. വിയോഗത്തിനു ശേഷവും അദ്ദേഹത്തിന്റെ സൃഷ്ടികൾ ശക്തമായി കലാലോകത്തു നിലനിൽക്കുന്നു.

English Summary:

The Life and Legacy of Tyeb Mehta

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com