'തോക്ക് കാട്ടിൽ നിന്നു കളഞ്ഞു കിട്ടിയത്; വീണ്ടും ഉണ്ടനിറച്ചത് രാധാകൃഷ്ണൻ മരിച്ചില്ലെങ്കിൽ വെടിവയ്ക്കാൻ'

Mail This Article
പരിയാരം ∙ കൈതപ്രത്ത് ഗുഡ്സ് ഓട്ടോ ഡ്രൈവർ കെ.കെ.രാധാകൃഷ്ണൻ (55) വെടിയേറ്റുമരിച്ച കേസിൽ പ്രതി പെരുമ്പടവ് സ്വദേശി എൻ.കെ.സന്തോഷുമായി ഇന്നലെ വീണ്ടും പൊലീസ് തെളിവെടുപ്പ് നടത്തി. തോക്കിന്റെ ഉറവിടം കണ്ടെത്താൻ പ്രതി സന്തോഷുമായി കരിപ്പാൽ ഭാഗത്ത് തെളിവെടുപ്പ് നടത്തി. രാധാകൃഷ്ണനെ വെടിയേറ്റു മരിച്ച കൈതപ്രത്തെ വീട്ടിലെത്തിച്ചും തെളിവെടുപ്പ് നടത്തി. ബുള്ളറ്റിന്റെ കവറും മറ്റും വീടിനു സമീപത്തെ വാഴത്തോട്ടത്തിൽനിന്നു ഇന്നലെ കണ്ടെത്തി. വ്യാഴം രാത്രി 7.10ന് ആണ് കൈതപ്രം പൊതുജന വായനശാലയ്ക്കു പിറകിൽ നിർമാണത്തിലുള്ള വീട്ടിൽ വച്ച് രാധാകൃഷ്ണൻ വെടിയേറ്റു മരിച്ചത്.
തോക്ക് എവിടെ നിന്ന്?
∙ തോക്ക് പ്രതി സന്തോഷിന് എവിടെനിന്നു കിട്ടിയെന്നതിൽ പൊലീസിനു വ്യക്തമായ ഉത്തരം ലഭിച്ചില്ല. കാട്ടിൽ നിന്നു കളഞ്ഞു കിട്ടിയെന്നാണ് പ്രതി പറയുന്നത്. എന്നാൽ പൊലീസ് ഇത് വിശ്വസിക്കുന്നില്ല. ഇയാൾ സമൂഹ മാധ്യമത്തിൽ തോക്ക് ഉപയോഗിച്ചു വെടി വയ്ക്കുന്ന ഫോട്ടോ പോസ്റ്റു ചെയ്തിരുന്നു. അതിനാൽ തോക്ക് ഉപയോഗിച്ചു ശീലമുണ്ടെന്നും നാട്ടിൽ നായാട്ടിനു പോകാറുണ്ടെന്നും പൊലീസിന്റെ കണ്ടെത്തിയിരുന്നു.
വീണ്ടും ഉണ്ടനിറച്ചത് എന്തിന്?
∙ രാധാകൃഷ്ണനെ വെടിവച്ചശേഷം പുഴയോരത്തെത്തി രണ്ടാമതും തോക്കിൽ ഉണ്ട നിറച്ചാണ് പ്രതി സന്തോഷ് മരിച്ച രാധാകൃഷ്ണന്റെ ഭാര്യ താമസിക്കുന്ന വാടക വീടിനു സമീപം തോക്ക് ഒളിപ്പിച്ചു വച്ചത്. തോക്കിന്റെ സമീപം ഉപയോഗിക്കാത്ത തിരയും ഉണ്ടായിരുന്നു. രാധാകൃഷ്ണനെ വെടിവച്ച ശേഷം വീണ്ടും തോക്കിൽ ഉണ്ട നിറച്ചത് മരിച്ചില്ലെങ്കിൽ വീണ്ടും വെടിവയ്ക്കാനും ആരെങ്കിലും എതിർക്കാനെത്തിയാൽ എതിർക്കാനുമെന്നാണ് സന്തോഷ് പൊലീസിനോടു പറഞ്ഞത്.