ADVERTISEMENT

ഇന്ത്യന്‍ ഓഹരി വിപണിയില്‍ കഴിഞ്ഞ ഒക്ടോബറോടെ താഴ്ച ആരംഭിച്ചതും സാമ്പത്തിക വളര്‍ച്ചയിലും കോര്‍പറേറ്റ് ലാഭത്തിലും കുറവ് അനുഭവപ്പെട്ടതും ഏതാണ്ട് ഒരേ സമയത്തായിരുന്നു. കോവിഡ് കാല തകര്‍ച്ചയ്ക്കു ശേഷമുണ്ടായ കുതിപ്പ് 2020 മാര്‍ച്ചിലെ 7511 ല്‍ നിന്ന് നിഫ്റ്റിയെ 2024 സെപ്റ്റംബറില്‍  26277 ലെത്തിച്ചു. ഈ കുതിപ്പിന്  ജിഡിപി വളര്‍ച്ചയുടേയും കോര്‍പറേറ്റ് ലാഭത്തിന്റേയും പിന്തുണ ഉണ്ടായിരുന്നു.

2022-2024 സാമ്പത്തിക വര്‍ഷത്തിൽ ജിഡിപി  9.7 ശതമാനം, 7.6 ശതമാനം, 9.2 ശതമാനം എന്ന ക്രമത്തില്‍ വളര്‍ച്ച രേഖപ്പെടുത്തിയിരുന്നു. ഇതോടൊപ്പം ശരാശരി 20 ശതമാനം കോര്‍പറേറ്റ് ലാഭവളര്‍ച്ചയും ഉണ്ടായി. 2025 സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ വളര്‍ച്ചയിൽ ഉണ്ടായ 5.4 ശതമാനത്തിലേക്കുള്ള ഇടിവാണ് (പിന്നീടിത് 5.6 ശതമാനമായി തിരുത്തി) വിപണിയില്‍ ഉണ്ടായ ശക്തമായ തിരുത്തലിനു കാരണം. 2025 സാമ്പത്തിക വര്‍ഷത്തേക്ക് നേരത്തേ കണക്കാക്കിയിരുന്ന 15 ശതമാനം കോര്‍പറേറ്റ് ലാഭ വര്‍ധനവ്  പിന്നീട് 7 ശതമാനമായി കുറയുകയും വിപണി താഴ്ചയ്ക്ക് ആക്കം കൂട്ടുകയും ചെയ്തു.

(Representative image by ArtistGNDphotography / istock)
(Representative image by ArtistGNDphotography / istock)

വളര്‍ച്ചയിലെ ഈ കുറവ് ഘടനാപരമോ ചാക്രികമോ എന്ന കാര്യത്തില്‍ സാമ്പത്തിക വിദഗ്ധര്‍ തര്‍ക്കത്തിലാണ്. വളര്‍ച്ചയിലെ മുരടിപ്പിന് ഘടനാപരമായ ചില സംഗതികള്‍ ആക്കം കൂട്ടിയിട്ടുണ്ടെങ്കിലും താഴ്ച പ്രധാനമായും ചാക്രികമാണ്. സാമ്പത്തിക നിയന്ത്രണങ്ങളാണ് വളര്‍ച്ചയുടെ വേഗം കുറച്ചത്. എന്നാല്‍ ഇപ്പോള്‍ വളര്‍ച്ചാ മെച്ചപ്പെടുന്നുവെന്ന് സൂചിപ്പിക്കുന്ന പ്രധാനപ്പെട്ട  കണക്കുകള്‍ ലഭ്യമാണ്.

ആഭ്യന്തര ഘടകങ്ങള്‍ അനുകൂലമാണ്

ഉപഭോക്തൃ വില സൂചികയിലെ വിലക്കയറ്റമാണ് പ്രധാനം. 2024 ഒക്ടോബറിലെ 6.2 ശതമാനത്തില്‍ നിന്ന് വിലക്കയറ്റം ക്രമാനുഗതമായി കുറഞ്ഞു വരികയാണെങ്കിലും ഫെബ്രുവരി വരെ റിസര്‍വ് ബാങ്കന്റെ ലക്ഷ്യമായ 4 ശതമാനത്തിനു മുകളില്‍ തന്നെയായിരുന്നു. ഫെബ്രുവരിയില്‍  ഇത് 3.61 ശതമാനമായി കുറഞ്ഞു. ഇതോടൊപ്പം ജനുവരിയില്‍ വ്യാവസായിക ഉല്‍പാദനത്തിന്റെ സൂചിക 5.1 ശതമാനമായി ഉയര്‍ന്നു.

വിലക്കയറ്റവും വളര്‍ച്ചയും തമ്മിലുള്ള ആരോഗ്യകരമായ ഈ നില പണനയ സമിതിക്ക് ഏപ്രില്‍ മാസം പലിശ നിരക്കു കുറയ്ക്കാനുള്ള പശ്ചാത്തലമൊരുക്കിയിട്ടുണ്ട്. 2025 സാമ്പത്തിക വര്‍ഷം നാലാം പാദത്തിലെ വളര്‍ച്ച 7 ശതമാനത്തോളമായിരിക്കാനാണ് സാധ്യത. 2026 സാമ്പത്തിക വര്‍ഷം ഒന്നാം പാദം മുതല്‍ കോര്‍പറേറ്റ് ലാഭ വളര്‍ച്ചയ്ക്ക് ഇത് വഴി തെളിക്കും.

വിപണിയിലെ വാല്യുവേഷന്‍ ദീര്‍ഘകാല ശരാശരിയുമായി ചേര്‍ന്നു നില്‍ക്കുകയും, പല മേഖലകളിലും ആകര്‍ഷകമായിത്തീരുകയും ചെയ്തിട്ടുള്ള സാഹചര്യത്തില്‍ ഗുണകരമായ ഈ സാമ്പത്തിക കണക്കുകള്‍ ഓഹരി വിപണിയില്‍ ചെറിയൊരു കുതിപ്പിനെങ്കിലും വഴി വയ്ക്കേണ്ടതാണ്. എന്നാല്‍ ഇതു സംഭവിക്കുന്നില്ല. ആഭ്യന്തര സാഹചര്യം ഗുണകരമെങ്കിലും ട്രംപിന്റെ തീരുവ – വ്യാപാര യുദ്ധം സൃഷ്ടിച്ച പ്രതികൂലമായ ആഗോള സാഹചര്യമാണ് ഇതിനു കാരണം.

ആഗോള സാഹചര്യം 

കാനഡ, മെക്‌സിക്കോ, ചൈന എന്നീ രാജ്യങ്ങള്‍ക്കും യൂറോപ്യന്‍ യൂണിയനുമെതിരെ ട്രംപ് കൊണ്ടു വന്ന ഇറക്കുമതി തീരുവകള്‍ എതിര്‍ തീരുവകള്‍ക്കു വഴി തെളിച്ചു. ചുങ്കം ചുമത്തി രാജ്യങ്ങളെ ഭീഷണിപ്പെടുത്തിയ ശേഷം യുഎസിന് ഗുണപരമായി കച്ചവടം ഉറപ്പിക്കാം എന്നതാണ് പ്രസിഡന്റ് ട്രംപിന്റെ തന്ത്രം. എന്നാല്‍ പ്രതീക്ഷകള്‍ക്കനുസരിച്ച് ഈ തന്ത്രം ഫലിക്കുന്നില്ല.

ഇതിന്റെ ഫലമായി തീരുവ  പ്രഖ്യാപിക്കുകയും പിന്നെ മരവിപ്പിക്കുകയും  വീണ്ടും ഏര്‍പ്പെടുത്തുകയും പുനര്‍ചിന്തയില്‍ കാനഡയില്‍ നിന്നുള്ള വാഹനങ്ങള്‍ പോലുള്ളവ ഒഴിവാക്കുകയും ചെയ്ത് ചാഞ്ചാടുകയാണ് ട്രംപ്. ഈ ചാഞ്ചാട്ടം ആഗോള വ്യാപാര അന്തരീക്ഷം തീര്‍ത്തും അനിശ്ചിതമാക്കിത്തീര്‍ക്കുകയും ആഗോള വ്യാപാരത്തേയും സാമ്പത്തിക വളര്‍ച്ചയേയും ബാധിക്കുന്ന സാഹചര്യമുണ്ടാക്കുകയും ചെയ്തിട്ടുണ്ട്.

ഈ വ്യാപാര യുദ്ധത്തിന്റെ അനിവാര്യമായ ഫലം വിലക്കയറ്റമാണ്.  യുഎസില്‍ വിലക്കയറ്റം 2022ന്റെ പകുതിയിലെ 9 ശതമാനത്തില്‍ നിന്ന് ഇപ്പോള്‍ 2.6 ശതമാനമാക്കി കുറയ്ക്കുന്നതില്‍ വിജയിച്ച കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് (ഫെഡ്) ഇനി ബുദ്ധിമുട്ടിലാവും. ഫെഡ് രണ്ടോ മൂന്നോ തവണ പലിശ നിരക്കു കുറയ്ക്കുമെന്ന പ്രതീക്ഷയിലാണ് 2025 ആരംഭിച്ചത്. യുഎസില്‍ വിലക്കയറ്റമേറിയാൽ ഫെഡ് പലിശ നിരക്കു കുറയ്ക്കല്‍ നീട്ടിവയ്ക്കുക മാത്രമല്ല കര്‍ശന വ്യവസ്ഥകള്‍ കൊണ്ടു വരികയും ചെയ്‌തേക്കാം.

(Representative image by EvgeniyShkolenko / istock)
(Representative image by EvgeniyShkolenko / istock)

വിലക്കയറ്റത്തിനു പകരം ഉല്‍പാദന വര്‍ധനവില്ലാത്ത  പണപ്പെരുപ്പത്തിലേക്ക് (Stagflation ) യുഎസ് സമ്പദ് വ്യവസ്ഥ നീങ്ങിയാല്‍ ഫെഡ് കൂടുതല്‍ വിഷമസ്ഥിതിയിലാകും. യുഎസ് ഓഹരി വിപണിയെ ഇത് കൂടുതല്‍ ആഴത്തിലുള്ള തിരുത്തലിലേക്കു നയിച്ചേക്കും. ഇത് മറ്റു വിപണികളെയെല്ലാം ബാധിക്കും. അതിനാല്‍ ആഭ്യന്തര ഘടകങ്ങള്‍ അനുകൂലമെങ്കിലും ആഗോള സാഹചര്യം പ്രതികൂലമാണ്.

സുരക്ഷിതത്വം ആഭ്യന്തര ഉപഭോഗ മേഖലയില്‍

ആഗോള അനിശ്ചിതത്വം അരങ്ങു വാഴുമ്പോള്‍, വ്യാപാര യുദ്ധം ഒട്ടും ബാധിക്കാത്ത ആഭ്യന്തര ഉപഭോഗ മേഖലയാണ് സുരക്ഷിതം. ധനകാര്യ സേവനങ്ങള്‍, ഹോട്ടലുകള്‍, എഫ്എംസിജി, ടെലികോം, വ്യോമയാനം എന്നീ മേഖലകള്‍ സുരക്ഷിതമാണ്. യുഎസിലെ പ്രശ്‌നങ്ങളുമായി കെട്ടുപിണയുന്ന ഐടി മേഖല ഇപ്പോള്‍ താഴ്ചയിലാണ്. അടിസ്ഥാനപരമായി ശക്തമെങ്കിലും ഏപ്രില്‍ 2 മുതല്‍ അമേരിക്ക ചുമത്തുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള തീരുവകളുടെ ആശങ്കയില്‍ ഫാര്‍മ മേഖല അല്‍പം അങ്കലാപ്പിലാണ്. കൂടിയ അളവില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്ന ഈ സാഹചര്യത്തില്‍, നേട്ടത്തേക്കാള്‍ സുരക്ഷിതത്വത്തിനാണ് നിക്ഷേപകര്‍ മുന്‍ഗണന നല്‍കേണ്ടത്.

ലേഖകൻ ജിയോജിത് ഇന്‍വെസ്റ്റ്‌മെന്റ്‌സ് ലിമിറ്റഡിന്റെ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം

English Summary:

Indian stock market safety is paramount amidst global uncertainty. Domestic factors point towards growth, but the Trump-led trade war creates significant headwinds, impacting global stability and requiring cautious investment strategies.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com