80 ഫ്ലാറ്റുകളുടെ താക്കോൽ മാറ്റി! വ്യാജ രേഖ ചമച്ച് വീടുകൾ വിറ്റു: യുവതി തട്ടിയത് 28 കോടി; പറ്റിക്കപ്പെട്ടവരിൽ ഏറെയും ബന്ധുക്കൾ

Mail This Article
വ്യാജ ഉടമസ്ഥരേഖകൾ നിർമിച്ച് ഭവനതട്ടിപ്പ് നടത്തുന്ന സംഭവങ്ങൾ ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്. എന്നാൽ ചൈനയിലെ ഗൻസു പ്രവിശ്യയിൽ നിന്നുള്ള വാങ് വെയ് എന്ന യുവതിയെപ്പോലെ പ്രോപ്പർട്ടി തട്ടിപ്പ് നിത്യതൊഴിലാക്കിയവർ അധികം ഉണ്ടാവില്ല. എൺപതോളം ഫ്ലാറ്റുകളുടെ താക്കോൽ മാറ്റിയും വ്യാജരേഖ ചമച്ചും പലരിൽ നിന്നായി 24 ദശലക്ഷം യുവാനാണ് (28 കോടി രൂപ) വാങ് തട്ടിയെടുത്തത്.
2019 മുതൽ ഇങ്ങോട്ട് പ്രോപ്പർട്ടി തട്ടിപ്പ് നടത്തിവരികയായിരുന്നു വാങ്. 2017ലാണ് ഇവർ ചെങ് എന്ന വ്യക്തിയെ വിവാഹം ചെയ്തത്. വാങ്ങിന്റെ ആർഭാട പൂർണ്ണമായ ജീവിതം കാരണം ഇരുവരും ചുരുങ്ങിയ കാലത്തിനുള്ളിൽ വൻ കടക്കെണിയിലായി. സാമ്പത്തിക ബാധ്യത താങ്ങാനാവാതെ വന്ന സമയത്ത് ചെങ്ങിന്റെ പിതാവ് തന്റെ വീട് പണിയപ്പെടുത്തി 450,000 യുവാൻ (53ലക്ഷം രൂപ) വായ്പ എടുത്ത് മകനു നൽകി. അതിനുശേഷം അച്ഛന്റെ കടം വീട്ടുന്നതിന് വേണ്ടി കഠിനാധ്വാനം ചെയ്തും ജീവിതചെലവുകൾ ചുരുക്കിയും ജീവിക്കുകയായിരുന്നു ചെങ്. എന്നാൽ ഈ സമയത്തെല്ലാം വാങ് തന്റെ ജീവിതശൈലിയിൽ തെല്ലും മാറ്റം വരുത്താതെ ബന്ധുക്കളും സുഹൃത്തുക്കളുമടക്കമുള്ളവരെ കബളിപ്പിച്ചു ജീവിക്കുകയായിരുന്നു. ഇക്കാര്യങ്ങൾ ഒന്നും ചെങ്ങിന്റെ ശ്രദ്ധയിൽ പെട്ടതുമില്ല.

അടുപ്പമുള്ളവരിൽ നിന്ന് കടം വാങ്ങിയതിന് പുറമേയായിരുന്നു വാങ്ങിന്റെ പ്രോപ്പർട്ടി തട്ടിപ്പ്. ഒരു പ്രാദേശിക കമ്പനി പുതിയതായി ഫ്ലാറ്റുകൾ നിർമിക്കുന്നതറിഞ്ഞ വാങ് ഫോട്ടോഷോപ്പിന്റെ സഹായത്തോടെ ഫ്ലാറ്റുകളുടെ വ്യാജ റിയൽ എസ്റ്റേറ്റ് സർട്ടിഫിക്കറ്റുകളും ഫ്ലോർ പ്ലാനുകളും സൃഷ്ടിച്ചെടുത്തു. ഈ വ്യാജ രേഖകൾ ഉപയോഗിച്ച് 80 ഫ്ലാറ്റുകൾക്ക് വേണ്ടി പുതിയ പൂട്ടുകൾ ഒരുക്കിയെടുക്കാനായിരുന്നു അടുത്ത പദ്ധതി. ഇതിനായി സമീപിച്ച പൂട്ടുനിർമാതാക്കളെയെല്ലാം വ്യാജ രേഖകൾ കാണിച്ച് വിശ്വസിപ്പിക്കുകയായിരുന്നു.
രേഖകൾ യഥാർഥമാണെന്ന് വിശ്വസിച്ചതിനാൽ പൂട്ടു നിർമ്മിക്കുന്നവർക്കും സംശയം തോന്നിയതേയില്ല. തട്ടിപ്പ് വെളിയിൽ വരാതിരിക്കാനായി പല പൂട്ടുനിർമ്മാതാക്കളെയാണ് വാങ് മാറി മാറി സമീപിച്ചിരുന്നത്. പൂട്ടു നിർമിക്കുന്നതിന് വേണ്ടി ഫ്ലാറ്റുകളിൽ എത്തുന്ന സമയത്തെല്ലാം സിസിടിവി ക്യാമറകളിൽനിന്നും മാറിനിൽക്കാൻ വാങ് ശ്രദ്ധിച്ചിരുന്നു. ഫ്ലാറ്റുകളുടെ എല്ലാം താക്കോലുകൾ സ്വന്തമായതോടെ വ്യാജ രേഖകളുടെ പിൻബലത്തിൽ ഇവ കുറഞ്ഞ വിലയ്ക്ക് കൈമാറ്റം ചെയ്യുകയായിരുന്നു വാങ്.
ഇന്റേണൽ യൂണിറ്റുകളാണ് ഇവ എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിൽപന. അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും തന്നെയാണ് വീടുകൾ കൈമാറ്റം ചെയ്തത്. 1.1 മില്യൻ യുവാൻ (1.2കോടി രൂപ) വില വരുന്ന ഫ്ലാറ്റുകൾ ഓരോന്നിനും ആറുലക്ഷം യുവാൻ (70 ലക്ഷം രൂപ) മാത്രമേ ഇവരിൽ നിന്നും വിലയായി വാങ് വാങ്ങിയുള്ളൂ. അഞ്ചുവർഷക്കാലം കൊണ്ട് ഇത്തരത്തിൽ 42 പേരെ വാങ് കബളിപ്പിച്ചു. സ്വന്തം അമ്മായി, ഭർത്താവിന്റെ സഹോദരി, അടുത്ത സുഹൃത്തുക്കൾ എന്നിവരെല്ലാം വാങ്ങിൻ്റെ തട്ടിപ്പിനിരയായി.
തട്ടിപ്പ് നടത്തുന്നതിനൊപ്പം തന്നെ വടക്കു കിഴക്കൻ ചൈനയിൽ നിന്നുള്ള ലൈവ് സ്ട്രീമറായ ഒരു യുവാവുമായി വാങ് പ്രണയത്തിലാവുകയും ചെയ്തിരുന്നു. ആഡംബര കാറുകളും പ്രോപ്പർട്ടികളുമടക്കം വാങ് യുവാവിന് സമ്മാനമായി കൈമാറി. ഈ കാലയളവിലൊക്കെയും കുടുംബത്തിനുവേണ്ടി എടുത്തുകൂട്ടിയ ബാധ്യതകൾ അടച്ചു തീർക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു ഭർത്താവായ ചെങ്.
വാങ് പിടിയിലായപ്പോൾ മാത്രമാണ് ഈ തട്ടിപ്പുകളെ കുറിച്ചൊക്കെ അദ്ദേഹം അറിഞ്ഞത്. സംഭവം വാർത്തയായതോടെ വൻചർച്ചാവിഷയമായി. 80 ഫ്ലാറ്റുകൾ ഇത്രയും നീണ്ടകാലം എങ്ങനെ ശ്രദ്ധയിൽ പെടാതെ കിടന്നു എന്നതാണ് ഭൂരിഭാഗം ആളുകളുടെയും സംശയം. പ്രോപ്പർട്ടി മാനേജ്മെന്റിൻ്റെയും ഡെവലപ്പർമാരുടെയും ഭാഗത്തുനിന്നുള്ള അനാസ്ഥയാണ് തട്ടിപ്പിന് വഴിയൊരുക്കിയത് എന്ന് പ്രതികരണങ്ങളുണ്ട്.