സാരി അല്ലെങ്കിൽ സ്പെയ്സ് സ്യൂട്!ബഹിരാകാശത്തെത്തിയ ഈ വനിത ആരാണെന്നറിയാമോ?

Mail This Article
ബഹിരാകാശം താണ്ടിയ രണ്ടാമത്തെ ഇന്ത്യൻ വംശജയായ സുനിത വില്യംസ് 9 മാസത്തോളം ബഹിരാകാശ നിലയത്തിൽ കുടുങ്ങുകയും പിന്നീട് തിരിച്ചെത്തുകയും ചെയ്തിരുന്നു. കൽപന ചൗള, സുനിത വില്യംസ് എന്നീ ഇന്ത്യൻ വംശജമാർ കൂടാതെ മൂന്നാമതൊരാൾ കൂടി ബഹിരാകാശത്തു പോയിട്ടുണ്ട്.ഇവരെപ്പറ്റി പലർക്കുമറിയില്ല. സിരിഷ ബാൻഡ്‌ല എന്ന വനിതയാണ് ഈ നേട്ടം നേടിയത്. കഴിഞ്ഞ ദിവസം സിരിഷ ഒരു വിഡിയോ പുറത്തിറക്കിയിരുന്നു. അന്യഗ്രഹജീവികളുടെ ചിത്രങ്ങൾ പ്രിന്റ് ചെയ്തിട്ടുള്ള ഒരു ഷർട്ട് ധരിച്ചായിരുന്നു ആ വിഡിയോ.
2021 ജൂലൈ 11നു വെർജിൻ ഗലാറ്റിക് യാത്രാസംഘത്തോടൊപ്പമാണ് സിരിഷ ബഹിരാകാശം താണ്ടിയത്.വെർജിൻ ഗലാറ്റിക് മേധാവി റിച്ചഡ് ബ്രാൻസൻ ഉൾപ്പെടെ 6 പേർ യാത്രാസംഘത്തിലുണ്ടായിരുന്നു. തെലുങ്ക് വേരുകളുള്ള സിരിഷ ബാൻഡ്‌ല ആന്ധ്രപ്രദേശിലെ ഗുണ്ടൂരിൽ നിന്നുള്ളയാളാണ്. സിരിഷ പിന്നീട് വളർന്നതും പഠിച്ചതുമെല്ലാം യുഎസിലെ ടെക്‌സസിലുള്ള ഹൂസ്റ്റണിലാണ്.
യുഎസിലെ പർഡ്യൂ സർവകലാശാലയിൽ നിന്നു ബിരുദവും ജോർജ്ടൗൺ സർവകലാശാലയിൽ നിന്നു മാനേജ്‌മെന്‌റ് ബിരുദാനന്തര ബിരുദവും സിരിഷ നേടിയിട്ടുണ്ട്. തുടർന്ന് ടെക്‌സസിൽ എയ്‌റോസ്‌പേസ് എൻജിനീയറായും പിന്നീട് കമേഴ്‌സ്യൽ സ്‌പേസ് ഫ്‌ളൈറ്റ് ഫെഡറേഷനിൽ സ്‌പേസ് പോളിസി വിദഗ്ധയായും ജോലി നോക്കി.
2015 ൽ ആണ് സിരിഷ വെർജിൻ ഗലാക്റ്റിക് കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചത്. ഇപ്പോൾ കമ്പനിയുടെ ഗവൺമെന്‌റ് അഫയേഴ്‌സ് വിഭാഗം വൈസ് പ്രസിഡന്‌റാണ്. പ്രധാനമായും ഗവേഷണമായിരുന്നു സിരിഷയുടെ യാത്രയുടെ ലക്ഷ്യം.
വിഎസ്എസ് യൂണിറ്റി എന്ന വെർജിൻ ഗലാറ്റിക്കിന്‌റെ റോക്കറ്റ് പ്ലെയിനിലാണു സിരിഷയുൾപ്പെടെ സംഘം യുഎസിലെ ന്യൂമെക്‌സിക്കോയിലെ വെർജിൻ ഗലാറ്റിക് സ്റ്റേഷനിൽ നിന്നു യാത്ര നടത്തിയത്. ഒരു മണിക്കൂർ മുതൽ 75 മിനിറ്റ് വരെ നീണ്ടു നിന്നു യാത്ര.സിരിഷയുടെ മുത്തശ്ശൻ ഇന്നും ഗുണ്ടൂരിൽ ജീവിക്കുന്നുണ്ട്. മുൻ കൃഷിഗവേഷകനായ ബൻഡ്‌ല രാഗയ്യ ഇന്നു അവിടത്തെ ജനാപ്ഡു ഗ്രാമത്തിൽ വിശ്രമജീവിതം നയിക്കുകയാണ്.
യാത്ര വിജയമായതോടെ കൽപന ചൗളയ്ക്കും സുനിത വില്യംസിനും ശേഷം ബഹിരാകാശത്തെത്തുന്ന മൂന്നാമത്തെ ഇന്ത്യൻ വംശജയായി സിരിഷ മാറി. ബഹിരാകാശത്തെത്തുന്ന ഇന്ത്യൻ വേരുകളുള്ള അഞ്ചാമത്തെ വ്യക്തിയും.ഇൻസ്റ്റഗ്രാമിൽ വളരെ സജീവമാണ് സിരിഷ. ഇന്ത്യൻ സംസ്കാരത്തോടും അടുപ്പമുള്ള സിരിഷ സാരി പോലെയുള്ള വസ്ത്രങ്ങളും മറ്റുമണിഞ്ഞുള്ള ചിത്രങ്ങളും ഇൻസ്റ്റഗ്രാമിൽ ഇടയ്ക്കിടെ ഇവർ പങ്കുവയ്ക്കാറുണ്ട്.