'ഇത് മ്മ്ടെ സർവേശ് ': ലെമനേഡിന്റെ തലപ്പത്തേക്ക് വിക്കിപ്പീഡിയ വഴിയൊരു ബിസിനസ് ട്രിപ്പ്

Mail This Article
തൃശൂർ ∙ പൂങ്കുന്നം ഹരിശ്രീ വിദ്യാനിധി സ്കൂളില്‍ പഠിക്കുമ്പോൾ സർവേഷിന്റെ ലോകം തൃശൂരിന്റെ ഇട്ടാവട്ടത്ത് ഒതുങ്ങുന്നതായിരുന്നു. എന്നാൽ, പൂങ്കുന്നത്തു നിന്ന് ഓക്സ്ഫഡ് സർവകലാശാല വഴി ബിസിനസ് ലോകത്തേക്കു പറന്നുയർന്ന സർവേഷ് രാമചന്ദ്രന്റെ ഇപ്പോഴത്തെ പ്രൊഫൈൽ എളുപ്പം പറഞ്ഞുതീർക്കാവുന്നതല്ല. അമേരിക്കയിലും യൂറോപ്പിലുമായി വളർന്നു പന്തലിച്ച ഇൻഷുറൻസ് കമ്പനിയായ ലെമനേഡിന്റെ യുകെ കൺട്രി ഹെഡ് ആണു സർവേഷ്. വിക്കിപ്പീഡിയയുടെ യുകെയിലെ പത്തംഗ ബോർഡ് മെംബേഴ്സിലൊരാളായും സേവനമനുഷ്ഠിക്കുന്നു.
ബിസിനസ്, ടെക്നോളജി രംഗത്തേക്കു സർവേഷിന്റെ വളർച്ചയ്ക്കു വിത്തുപാകിയതു ജന്മദേശമായ തൃശൂര്‍ തന്നെ. പൂങ്കുന്നത്തെ പഠനകാലത്തിനു ശേഷം ഓക്സ്ഫഡിൽ ഫിനാൻഷ്യൽ സ്ട്രാറ്റജിയിൽ ഉപരിപഠനം നടത്തി. മുംബൈയിലും ദുബായിയിലും പാരിസിലും കെനിയയിലും ജോലിചെയ്ത ശേഷമാണു ലണ്ടനിൽ ലെമനേഡിന്റെ തലപ്പത്തെത്തിയത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയുടെ പിൻബലത്തിൽ ബിസിനസ് പടുത്തിയർത്തിയ ലെമനേഡിനു മാനുഷിക മുഖം നൽകാൻ സർവേഷിനായി.
ക്ലെയിം ചെയ്യപ്പെടാത്ത തുകകൾ സന്നദ്ധ സേവനത്തിനായി കമ്പനി വിനിയോഗിക്കുന്നുണ്ടെന്നു സർവേഷ് പറഞ്ഞു. ഡിജിറ്റൽ സാക്ഷരതയ്ക്കായി സജീവമായി പ്രവർത്തിക്കുന്ന സർവേഷ് വിക്കിപീഡിയയുടെ യുകെ ബോർഡ് മേംബേഴ്സിലൊരാളാണ്. ടെന്നിസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റായടക്കം ദീർഘകാലം പ്രവർത്തിച്ച അച്ഛൻ രാമചന്ദ്രന്റെ പാത പിന്തുടർന്നു ടെന്നിസ് കളിയിലും മികവു പുലർത്തി.