'ക്ലാസ് ഗൗരവമായി എടുത്തില്ല': ആറാം ക്ലാസുകാരന്റെ പുറത്ത് കയറി നിന്ന് 158 കിലോ ഭാരമുള്ള അധ്യാപകൻ; വിദ്യാർഥിക്ക് ഗുരുതര പരുക്ക്

Mail This Article
മിനസോഡ ∙ സ്കൂൾ സുരക്ഷാ പരിശീലനത്തിനിടെ ആറാം ക്ലാസ് വിദ്യാർഥിയെ "സ്റ്റെപ്പിങ് സ്റ്റൂൾ" ആയി ഉപയോഗിച്ച അധ്യാപകൻ അറസ്റ്റിൽ. മിനസോഡയിലെ സ്കൂളിൽ അധ്യാപകനായി ജോലി ചെയ്യുന്ന ജേസൺ റോജേഴ്സാണ് അറസ്റ്റിലായത്.
സ്കൂളിലെ സുരക്ഷാ പരിശീലനത്തിനിടെ, 350 പൗണ്ട് (ഏകദേശം 158 കിലോഗ്രാം) ഭാരമുള്ള റോജേഴ്സ് ഏകദേശം 10 സെക്കൻഡ് നേരം കുട്ടിയുടെ പുറത്ത് ചവിട്ടി നിന്നു. ക്ലാസ് ഡ്രിൽ ഗൗരവമായി എടുക്കാത്തതിനെ തുടർന്നാണ് താൻ കുട്ടിയെ ശിക്ഷിച്ചതെന്ന് അധ്യാപകൻ പറഞ്ഞു.
സംഭവത്തെ തുടർന്ന് കുട്ടിക്ക് ഗുരുതരമായി പരുക്കേറ്റു. ഇപ്പോൾ തന്റെ മകൻ ഒരു വയോധികനെ പോലെയാണ് നടക്കുന്നതെന്ന് വിദ്യാർഥിയുടെ അമ്മ പറഞ്ഞു. പത്ത് വർഷമായി സ്കൂളിൽ ജോലി ചെയ്യുന്ന ജേസൺ റോജേഴ്സ് അധ്യാപനത്തിനു പുറമേ, ഗുസ്തി പരിശീലകനും ഫുട്ബോൾ പരിശീലകനുമാണ്.
സംഭവത്തെ തുടർന്ന് സമൂഹമാധ്യമത്തിൽ അധ്യാപകനെതിരെ വിമർശനങ്ങളും ഉയർന്നു. അധ്യാപകരുടെ പെരുമാറ്റം നിരീക്ഷിക്കേണ്ടതുണ്ടെന്നും എല്ലാ ക്ലാസ് മുറികളിലും നിരീക്ഷണ ക്യാമറകൾ ഉണ്ടാകണമെന്നും ആളുകൾ പറഞ്ഞു.