ADVERTISEMENT

ഗൾഫിൽ നിന്ന് നാട്ടിലേക്കുള്ള യാത്രയ്ക്ക് തയാറെടുക്കുമ്പോൾ പാസ്പോർട്ട്, വീസ, ടിക്കറ്റ്, എക്സിറ്റ് പെർമിറ്റ് തുടങ്ങി ആവശ്യമായ രേഖകൾ എല്ലാം കൈവശം സൂക്ഷിക്കണമെന്ന് അറിയാമെങ്കിലും പലപ്പോഴും യാത്രാ തിരക്കിൽ ഏതെങ്കിലുമൊരു യാത്രാ രേഖ മറന്നു പോകുന്നവരാണ് മിക്കവരും. പ്രത്യേകിച്ചും സന്ദർശക വീസകളിൽ ഗൾഫ് നാടുകളിൽ എത്തുന്നവർക്ക് വരുമ്പോഴും പോകുമ്പോഴും എന്തൊക്കെ രേഖകൾ വേണമെന്നതിൽ ധാരണക്കുറവുണ്ട്. തിരക്കിനിടയിൽ എക്സിറ്റ് പെർമിറ്റ് എടുക്കണമെന്ന കാര്യം മറന്നു പോയാലോ? ഖത്തറിൽ സന്ദർശക വീസയിലെത്തി മടങ്ങി പോകുന്നതിനിടെ എക്സിറ്റ് പെര്‍മിറ്റ് കാര്യം മറന്നു പോയതിനെ ചൊല്ലി വിമാനത്താവളത്തിൽ നെട്ടോട്ടം ഓടേണ്ടി വന്ന അനുഭവമാണ് സൗദി പ്രവാസിയായ നൗഫൽ പങ്കുവയ്ക്കുന്നത്.

ജോലി അന്വേഷിച്ചു ഖത്തറിൽ പെങ്ങളുടെ അടുത്ത് വന്നുള്ള തിരിച്ചു പോക്കാണ്. രാവിലത്തെ ഫ്ലൈറ്റിനു ഞാനും  അത് കഴിഞ്ഞു ഉച്ചയ്ക്കുള്ള ഫ്ലൈറ്റിനു അവരും നാട്ടിലേക്ക് തിരിക്കും. എന്നെ എയർപോർട്ടിൽ വിട്ട ശേഷം റൂമിൽ പോയി മക്കളെയും പെങ്ങളെയും കൂട്ടി എയർപോർട്ടിലേക്ക്  എത്താനുള്ള സമയമേ ഇതിനിടയിലുള്ളു. 

എയർപോർട്ടിൽ എത്തിയ ഞാൻ നേരെ കൗണ്ടറിൽ ചെന്നു. തൂക്കം ഇത്തിരി കൂടുതലാണ്. പെങ്ങളുടെയും മക്കളുടെയും ഇത്തിരി സാധങ്ങൾ എന്റെ ലഗേജിൽ ഉണ്ടായിരുന്നത് അവരറിഞ്ഞിട്ടാണോ എന്നറിയില്ല. ഏകദേശം എല്ലാം മാന്തി പുറത്തിട്ടു. റൂമിലേക്ക് ഓടുന്ന അളിയനെ വിളിച്ചു പറഞ്ഞു "അളിയാ ഞാൻ പെട്ടു". കൊണ്ടുപോവാൻ പറ്റാത്തത് കളഞ്ഞേക്കെടാ എന്ന നിർദേശം, തിരിച്ചു വന്നു അതെടുക്കാനുള്ള സമയം അവർക്കും ഇല്ലല്ലോ. തൂക്കം പാകപ്പെടുത്തി വീണ്ടും കൗണ്ടറിൽ ചെന്നു. ബോര്‌ഡിങ്പാസ് കിട്ടി, ആഹാ അടിപൊളി... ബോർഡിങ്  എടുത്താൽ പിന്നെ നമ്മളെ കൊണ്ടുപോവാതെ ഫ്ലൈറ്റ് പോവില്ലെന്ന ജ്യേഷ്ഠന്റെ വാക്കിന്റെ ഓർമയിൽ  നേരെ  ഇമിഗ്രേഷൻ ലക്ഷ്യമാക്കി നടന്നു.

അവിടെ എത്തിയതും കളി മാറി. പാസ്പോർട്ടും വീസയും നോക്കി അറബി ഒറ്റ ചോദ്യം വെയർ ഈസ് യുവർ എക്സിറ്റ് പെർമിറ്റ്?. എന്റെ അന്തം വിട്ടുള്ള നോട്ടം കണ്ടിട്ടാവണം അയാളൊന്നു വിശദീകരിച്ചു, വിസിറ്റ് വീസയിൽ വന്ന ആളുകൾക്ക് തിരികെ പോകാൻ സ്പോൺസറുടെ എക്സിറ്റ് പെർമിറ്റ് വേണം. അത് പറഞ്ഞയാളെന്നെ തിരിച്ചയച്ചു. കൗണ്ടറിൽ ബോർഡിങ് പാസ് തന്ന ചേച്ചി ചിരിച്ചോണ്ട് തന്നെ അത് തിരിച്ചു വാങ്ങി എന്നോട് പറഞ്ഞു നിങ്ങൾക്ക് ഇതിൽ യാത്ര ചെയ്യാൻ പറ്റില്ല. എക്സിറ്റ് പെർമിറ്റ് വേണം എന്ന്. 

വീണ്ടും അളിയനെ വിളിച്ചു "അളിയാ ഞാൻ വീണ്ടും പെട്ടു. എക്സിറ്റ് പെർമിറ്റ് ഇല്ലാതെ അവരെന്നെ വിമാനത്തിൽ കയറ്റില്ലത്രേ! " നോക്കട്ടെ, നീ ടെൻഷൻ ആവേണ്ടെന്നു പറഞ്ഞു ഫോൺ വച്ച അളിയൻ അന്വേഷിച്ചപ്പോഴാണത്രെ അറിയുന്നത്, ഒരുമാസം മുൻപ് എങ്ങാനും വന്ന പുതിയ നിയമം ആണ് പോലും അത്. ഇതിനിടയിൽ ബോർഡിങ് പാസ് തിരിച്ചു വാങ്ങിയ ആ ചേച്ചിയോട് ഞാൻ ആവതും ചോദിക്കുന്നുണ്ട് അതെവിടെ നിന്നാണ് കിട്ടുന്നത് എന്താണ് ചെയ്യേണ്ടത് എന്നൊക്കെ, തലയും വാലുമില്ലാതെ അവരിങ്ങനെ എന്തെങ്കിലും ഒന്നോ രണ്ടോ പറയും. 

നൗഫൽ സി.ടി.
നൗഫൽ സി.ടി.

എന്റെ പോക്ക് മുടങ്ങിയാൽ വേറെ ഒരു അഞ്ചുപേരുടെ യാത്ര കൂടി മുടങ്ങും, അതും കണക്ഷൻ ഫ്ലൈറ്റ്. ഇതെല്ലം കൂടി ഓർത്തപ്പോൾ പ്രഷർ കയറി ഞാൻ നേരെ ചേച്ചിയുടെ മുന്നിലേക്ക് കയറി നിന്ന്  ഇത്തിരി ഉറക്കെ തന്നെ  പറഞ്ഞു " എനിക്ക് ഈ ഫ്ലൈറ്റിൽ തന്നെ പോകണം, അത് മാറ്റാൻ പറ്റില്ല, അതിനു എന്ത് വേണം എന്ന് പറയു. അതുവരെ ഉണ്ടായിരുന്ന തുടക്കക്കാരന്റെ  ഭാവത്തിലെ പകർച്ച കണ്ടിട്ടാവണം അവർ ഒന്നുകൂടി പറഞ്ഞു എക്സിറ്റ് പെർമിറ്റ് വേണം നിങ്ങൾക്ക് പോവാൻ, അത് തരേണ്ടത് നിങ്ങളുടെ  സ്പോൺസർ ആണ്". ഞാൻ പറഞ്ഞു "എന്റെ സ്പോൺസർക്ക് ഇപ്പൊ ഇവിടെ വരാനോ അത് ചെയ്യാനോ സാധിക്കില്ല , പകരം എനിക്കെന്ത് ചെയ്യാൻ കഴിയും എന്ന് പറയൂ"... അവരുടെ കൂടെ ഉള്ള മറ്റൊരാൾ പറഞ്ഞു വിമാനത്താവളത്തിന്റെ പുറത്ത് ദുനിയാവിന്റെ അറ്റത്തുള്ള കെട്ടിടത്തിൽ പോയി അന്വേഷിച്ചാൽ അറിയാം. 

ഞാൻ വാച്ചിലേക്ക് നോക്കി ഗേറ്റ് അടക്കാൻ ഇനി ഒന്നര മണിക്കൂർ. കിട്ടിയ കച്ചിത്തുരുമ്പിൽ ആഞ്ഞു പിടിക്കാൻ തന്നെ തീരുമാനിച്ചു. കയ്യിലെ ട്രോളി ബാഗും കൊണ്ട് ഞാൻ ഓടി. ഫ്രീ റണ്ണേഴ്‌സിനെ പോലെ ചാടിയും മറിഞ്ഞും ഞെരുങ്ങിയും ഒക്കെ ഞാൻ ഓടി. ഓടി അവിടെ എത്തിയ ഞാൻ വാ തുറന്നതും കാറ്റ് മാത്രമേ വരുന്നുണ്ടാരുന്നുള്ളു. വിളറിയ മുഖവും തിരമാല പോലെയുള്ള കിതപ്പും  കണ്ട കൗണ്ടറിലെ കക്ഷി കൈകൊണ്ട് റിലാക്സ്, റിലാക്സ്  എന്ന് ആംഗ്യം കാണിച്ചു . ഒന്ന് രണ്ടു മിനിറ്റ് ശ്വാസം നേരെ എടുത്ത എന്നോട് അയാൾ ചോദിച്ചു "വാട്ട് ഹാപ്പെൻഡ് ടു യു ഡിയർ ഫ്രണ്ട് ?". മുഴുവൻ കഥയും ഒരു തിരക്കഥ പോലെ ഞാൻ അയാൾക്ക് പറഞ്ഞു കൊടുത്തു, ഫ്ലൈറ്റ് മിസ് ആയി  തിരിച്ചു ചെന്നാൽ പെങ്ങളെന്നെ കുനിച്ചു നിർത്തി ഇടിക്കുന്നത് വരെ, അത് കഴിഞ്ഞു അയാൾ കൗണ്ടറിന്റെ അകത്തായത് കൊണ്ട് കാലു പിടിക്കാൻ കഴിയാതെ ഞാൻ നിസ്സഹായനായി അയാളെ നോക്കി.

പുതിയതൊന്നും അയാൾക്കും പറയുണ്ടായിരുന്നില്ല, ഇതിനിടയിൽ അളിയനും വിളിച്ചു കൊണ്ടിരിക്കുന്നുണ്ട്. പരിചിതമല്ലാത്ത ഒരു കാര്യം ആയതുകൊണ്ട് തന്നെ എന്ത് ചെയ്യണം എന്ന് അറിയാതെ ഓടുകയാണ് പുള്ളിയും.അയാളും നോ പറഞ്ഞതോടെ ഞാൻ അളിയനെ വിളിച്ചു , "അളിയോ ഞാൻ ശരിക്കും പെട്ടു. നീ ഫോൺ അങ്ങേരുടെ കയ്യിൽ കൊടുക്ക് ഞാൻ ഒന്ന് നോക്കട്ടെ, ഞാൻ അയാൾക്ക് ഫോൺ നീട്ടി, "അളിയനാണ്, സംസാരിക്കണം". ഒന്ന് നിന്നിട്ട് അയാൾ ഫോൺ വാങ്ങി. ഇടക്കിടക്ക് അയാൾ കാലു വലിക്കുന്നത് കണ്ടപ്പോൾ മനസ്സിലായി അളിയനും അയാളുടെ കാലു പിടിക്കയാണെന്ന്. ഒടുക്കം അയാൾ സമ്മതിച്ചു. ശരി ഈ തവണത്തേക്ക് വിടാം, ആദ്യവും അവസാനവുമാണിത്.ഫൈൻ അടച്ചോളു. അൽഹംദുലില്ലാഹ്..!!! 

അളിയൻ ഫോൺ വെച്ചു. ഞാൻ കയ്യിലുള്ള പൈസ എടുത്തു നീട്ടി. കാലു പിടിച്ചു വെറുപ്പിച്ചിട്ടാണോ അറിയില്ല ഇത്തവണ അയാളൊന്നു ചൊടിച്ചു. " നോ കാഷ്, ഒൺലി കാർഡ് ". വിസിറ്റിങ് വീസക്കാരന്റെ കയ്യിൽ എവിടുന്നു കാർഡ്!!. വീണ്ടും ഡാർക്ക്... അളിയനെ വിളിക്കാൻ ഫോൺ എടുത്തതും ദേ പടച്ചോന്റെ മാലാഖ പോലെ ഒരാൾ. ഒറ്റ ലുക്കിൽ മലയാളി, "മലയാളി ആണോ", അതെ, അയാളെന്നെ ഒന്ന് നോക്കി " ശ്വാസം വിടാതെ അയാളോട് കാര്യം പറഞ്ഞു എന്റെ കയ്യിലെ പൈസയും കൊടുത്തു. അയാളുടെ കാർഡ് ഉരച്ചു താങ്ക്‌സും പറഞ്ഞു ഞാൻ വീണ്ടും തിരിച്ചോടി, അല്ല പറന്നു.

കൗണ്ടറിൽ ചെന്നപ്പോ അവിടെ ഇരുന്ന ചേച്ചിക്ക് എന്റെ  ബോർഡിങ് പാസ് തിരിച്ചു തരാൻ വല്ലാത്ത ആവേശം, കൂടെ " ഗോ ഫാസ്റ്റ് ഗോ ഫാസ്റ്റ്" എന്ന കമെന്റും. പിടിച്ച ശ്വാസം തിരികെ വിടാതെ ഇമിഗ്രേഷനിലേക്ക്, അവിടെ ഒടുക്കത്തെ തിരക്ക്. ഞാൻ അക്ഷമനായി ആ വരിയിൽ നിന്നു. വിയർത്തു കുളിച്ചു നിക്കുന്ന എന്റെ രൂപവും ഭാവവും കണ്ടിട്ടാവണം തൊട്ടടുത്ത വരിയിൽ നിൽക്കുന്ന ഒരു സായ്പ് ചോദിച്ചു "ആർ‍ യു ഇൻ ഹറി ?" യെസ്  എന്ന് പറയുമ്പോ നിർവികാരനായിരുന്നു ഞാൻ. അയാൾ അവിടെ ഉള്ള പൊലീസുകാരനെ വിളിച്ചു എന്തോ പറഞ്ഞതും അയാളെന്റെ അടുത്തേക്ക് വന്നു ഫ്ലൈറ്റിന്റെ സമയം ചോദിച്ചു. അത് പറഞ്ഞതും എന്നെ വിളിച്ചു കയറ്റി. പിന്നെ എല്ലാം വേഗത്തിൽ നടന്നു. ഒടുക്കം ഗേറ്റിൽ ചെന്നപ്പോൾ ബോർഡിങ് തന്ന ചേച്ചിയും അവരുടെ ഫ്രണ്ട്സും സകലരും എന്നെ കാത്തു നിൽപ്പാണ് അവിടെ. 

പുറത്തുള്ള ബസിലേക്ക് ഞാൻ ഓടി കയറി, ഞാനും ഡ്രൈവറും മാത്രം, എനിക്കു മാത്രമായിട്ടൊരു ബസ്, ആഹാ അന്തസ്സ് ! .പറന്നിറങ്ങിയ  ഞാൻ വിമാനത്തിലേക്ക് കയറിയപ്പോൾ ഏതോ വിഐപിയെ കണ്ടെന്നപോലെ മുഴുവൻ യാത്രക്കാരും എന്നെ നോക്കുന്നുണ്ടായിരുന്നു. വളരെ കൂളായി ഞാൻ എന്റെ സീറ്റിൽ പോയി ഇരുന്നു. അവർക്കറിയില്ലല്ലോ  പൊങ്ങിയ വിമാനത്തിലേക്ക് ഏണി വെച്ച് കേറിവരുന്നതാ ഈയുള്ളവനെന്ന്.ഒരു ദീർഘനിശ്വാസം എടുത്തു അളിയനെ വിളിച്ചു യാത്ര പറഞ്ഞതും വിമാനം ടേക്ക് ഓഫ് പറഞ്ഞതും ഒരുമിച്ചായിരുന്നു...   

(നിങ്ങൾക്കും ഉണ്ടാകില്ലേ വിമാനയാത്രകളിലെ ഇത്തരം അനുഭവങ്ങൾ. യാത്രാനുഭവങ്ങൾ നിങ്ങൾക്കും ഗ്ലോബൽ മനോരമയിൽ പങ്കുവയ്ക്കാം. നിങ്ങളുടെ പേര്, ഫോട്ടോ, സ്വദേശം എന്നിവ ഉൾപ്പെടെയുള്ള അനുഭവകുറിപ്പ് globalmalayali@mm.co.in എന്ന ഇ-മെയിൽ വിലാസത്തിൽ ഇപ്പോൾ തന്നെ അയച്ചോളൂ. ഇ–മെയിൽ അയയ്ക്കുമ്പോൾ സബ്ജക്ടിൽ AIR TRAVEL EXPERIENCE എന്ന് വയ്ക്കാൻ മറക്കേണ്ട.)

English Summary:

Air Travel Experience of Noufal. He shares his travel experience during Qatar visit.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com