ഡാലസ് വിമാനത്താവളത്തിൽ പൂർണ്ണ നഗ്നയായി ‘ഓടിനടന്ന്’ യുവതി; വെള്ളം തളിച്ച് ഭീതിപരത്തി പരാക്രമം

Mail This Article
ഡാലസ്∙ ഡാലസ് ഫോർട്ട് വർത്ത് വിമാനത്താവളത്തിൽ ഒരു സ്ത്രീ സ്വയം വിവസ്ത്രയായി. ടെർമിനൽ ഡിയിലാണ് സംഭവം അരങ്ങേറിയത്. പൂർണ്ണ നഗ്നയായി വിമാനത്താവളത്തിനുള്ളിലൂടെ ഓടുന്ന സ്ത്രീയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിക്കുന്നുണ്ട്.
കയ്യിൽ ഒരു പ്ലാസ്റ്റിക് വാട്ടർ ബോട്ടിലുമായിരുന്നു യുവതിയുടെ ഓട്ടം. "ഞാൻ എല്ലാ ഭാഷകളും സംസാരിക്കും" എന്ന് അവർ ഉച്ചത്തിൽ വിളിച്ചുപറയുന്നുണ്ടായിരുന്നു. ബോട്ടിലിലെ വെള്ളം ചുറ്റുമുള്ളവരിലേക്ക് തെറിപ്പിച്ചത് പരിഭ്രാന്തിക്ക് കാരണമായി. പിന്നീട് യുവതി ബോട്ടിൽ വലിച്ചെറിഞ്ഞു.

ആദ്യഘട്ടത്തിൽ എയർപോർട്ട് ജീവനക്കാർ വിഷയത്തിൽ വേണ്ടത്ര ശ്രദ്ധിച്ചില്ലെന്ന് ആരോപണമുണ്ട്. സ്ത്രീ ആളുകളുടെ ശരീരത്തിലേക്ക് വെള്ളം ഒഴിച്ചതായും പരാതികളുണ്ട്. സ്ഥിതി നിയന്ത്രണാതീതമായപ്പോൾ ഒരു ജീവനക്കാരി കോട്ടുമായി ഈ സ്ത്രീയെ സമീപിച്ചു. എന്നാൽ, അവർ അസഭ്യം പറയുകയും ബഹളം വയ്ക്കുകയും ചെയ്തു. ചുറ്റുമുള്ളവരെയും അസഭ്യം പറഞ്ഞു.
വിമാനത്താവളത്തിലെ ചുമരിൽ ഘടിപ്പിച്ചിരുന്ന ഒരു മോണിറ്റർ യുവതി മൊബൈൽ ഫോൺ ഉപയോഗിച്ച് എറിഞ്ഞ് തകർത്തു. ടെർമിനലിലൂടെ യുവതി ഓടി പോകുന്നതാണ് പ്രചരിക്കുന്ന ദൃശ്യങ്ങളിൽ അവസാനമുള്ളത്. എയർപോർട്ട് ജീവനക്കാർ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് വ്യക്തമല്ല.
ഈ ദൃശ്യങ്ങൾ വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് പലരും സമൂഹമാധ്യമങ്ങളിൽ പ്രതികരിച്ചു. സംഭവത്തിൽ എയർപോർട്ട് അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല.