കുന്നിൻ മുകളിൽ നിന്ന് ഭാര്യയെ തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമം; പ്രതി പറഞ്ഞ കാരണം കേട്ട് നടുങ്ങി പൊലീസ്

Mail This Article
ഹൊണോലുലു∙ ഹവായിയിൽ കുന്നിൻ മുകളിൽ നിന്ന് ഡോക്ടർ ഭാര്യയെ തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമിച്ചതിന്റെ കാരണം കേട്ട് നടുങ്ങി അന്വേഷണസംഘം. ഭാര്യ തന്നോടൊപ്പം ഫോട്ടോ എടുക്കാൻ വിസമ്മതിച്ചതാണ് കൊലയ്ക്ക് കാരണമായി അറസ്റ്റിലായ അനസ്‌തേഷ്യോളജിസ്‌റ്റ് ഡോ. ഗെർഹാർഡ് കോണിഗ് (46) പറഞ്ഞതെന്ന് പൊലീസ് പറയുന്നു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ഭാര്യയും ആണവ എൻജിനീയറുമായ ഏരിയൽ കോണിഗിനെ (36) ആക്രമിച്ച കേസിൽ ഡോ. ഗെർഹാർഡ് കോണിഗ് അറസ്റ്റിലാകുന്നത്. പാലി പൂക ഹൈക്കിങ് പാതയിൽ ഒരു പുരുഷൻ സ്‌ത്രീയെ മർദിക്കുന്നുവെന്ന് ഒരാൾ വിളിച്ചറിയിച്ചതിനെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. ഭാര്യയെ പാറക്കല്ലുകൊണ്ട് തലയ്ക്കടിക്കുകയും ആക്രമണത്തിനിടെ സിറിഞ്ചുകൾ എടുത്ത് കുത്തുകയും ചെയ്‌തു. എന്നാൽ, സിറിഞ്ചുകളിൽ എന്തായിരുന്നുവെന്നത് വ്യക്തമല്ല. ആക്രമണത്തിൽ തലയ്ക്കും മുഖത്തും ഗുരുതരമായി പരുക്കേറ്റ ഏരിയലിനെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട കോണിഗിനെ ആറ് മണിക്കൂർ നീണ്ട അന്വേഷണത്തിനൊടുവിലാണ് കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.
2018ലാണ് ഡോ. ഗെർഹാർഡ് കോണിഗും ഏരിയൽ കോണിഗും വിവാഹിതരായത്.