ആന്റണിയുടെ റാവുത്തർ, ‘എൽ3’യില്‍ മുഴുനീള കഥാപാത്രം?

Mail This Article
‘എമ്പുരാൻ’ സിനിമയിലെ സർപ്രൈസ് കാസ്റ്റിങുകളിലൊന്നായിരുന്നു ആന്റണി പെരുമ്പാവൂർ അവതരിപ്പിച്ച ഡാനിയൽ റാവുത്തർ എന്ന കഥാപാത്രം. മുംബൈയിലെ അധോലോക സംഘത്തിലൊരുവനായ റാവുത്തർ, അബ്റാം ഖുറേഷിയുമായി അടുത്ത ബന്ധം പുലർത്തുന്ന ആളാണെന്നാണ് സിനിമയിൽ പറയുന്നത്.
‘ലൂസിഫർ’ സിനിമയുടെ ക്ലൈമാക്സ് ഭാഗത്തും ആന്റണിയുടെ സാന്നിധ്യമുണ്ടായിരുന്നു. മുംബൈയിൽ നടക്കുന്ന ബോബിയുടെ ഡീലിനടയിലേക്ക് ഖുറേഷിയും സയീദ് മസൂദും എത്തുന്നതാണ് ലൂസിഫറിൽ കാണിക്കുന്നത്. ഇതിൽ ഇവര്‍ക്കു വേണ്ട സഹായം കൊടുക്കാനായി എത്തുന്നതാണ് റാവുത്തറെന്നാണ് ‘എമ്പുരാൻ’ കണ്ടിറങ്ങിയ ആരാധകർ അഭിപ്രായപ്പെടുന്നത്.
റാവുത്തർ എന്ന കഥാപാത്രം അതിഥി വേഷത്തിൽ മാത്രമാണ് ഈ രണ്ട് സിനിമകളിലും പ്രത്യക്ഷപ്പെടുന്നതെങ്കിലും ‘ലൂസിഫർ’ ഫ്രാഞ്ചൈസിയിൽ പ്രധാന സ്ഥാനം തന്നെയാണ് പൃഥ്വിരാജും തിരക്കഥാകൃത്തായ മുരളി ഗോപിയും നൽകിയിരിക്കുന്നത്. 1980 കളിലെ സ്റ്റീഫന്റെ ചെറുപ്പം കാണിക്കുന്ന ഭാഗത്തെ കഥ നടക്കുന്നത് മുംബൈയാണ്.
റാവുത്തറിന്റെ തട്ടകത്തിൽ വന്നു കളിക്കാറായോ എന്നു പറഞ്ഞാണ് കൗമാരപ്രായത്തിലുള്ള സ്റ്റീഫനെ(പ്രണവ് മോഹൻലാൽ) തല്ലാൻ ഗുണ്ടകൾ പാഞ്ഞടക്കുന്നത്. റാവുത്തർ മുംബൈ സ്വദേശിയായതു കൊണ്ടു തന്നെ ഇവിടെ പരാമർശിക്കുന്ന റാവുത്തർ, ആന്റണി അവതരിപ്പിക്കുന്ന കഥാപാത്രമാകാനാണ് സൂചന. അങ്ങനെയെങ്കിൽ ‘ലൂസിഫർ’ മൂന്നാം ഭാഗത്തിൽ സ്റ്റീഫനൊപ്പം നിൽക്കുന്ന കഥാപാത്രമായി റാവുത്തറും എത്താം. റാവുത്തറിന്റെ ചെറുപ്പമാകാൻ ഏത് താരമെത്തും എന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ.