ഊബറും ഒലയും പോലെ സഹകരണ ടാക്സി മോഡൽ ആരംഭിക്കാൻ അമിത് ഷാ

Mail This Article
സഹകരണ മേഖലയില്‍ ടാക്സി സര്‍വീസ് ആരംഭിക്കുമെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ. ലാഭം ഇടനിലക്കാരിലൂടെയല്ലാതെ നേരിട്ട് ഡ്രൈവര്‍മാര്‍ക്ക് പങ്കുവെക്കാനാവുന്ന സംവിധാനമാവും ഒരുങ്ങുക. ഇരുചക്ര-മുച്ചക്ര-നാലു ചക്ര ടാക്സികള്‍ക്കും റിക്ഷകള്ക്കുമെല്ലാം ഈ സഹകരണ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കാനാവും. ഓണ്‍ലൈന്‍ ടാക്സി സര്‍വീസുകളായ ഊബറിന്റേയും ഒലയുടേയും മാതൃകയിലാണ് പുതിയ സംവിധാനം പ്രവര്‍ത്തിക്കുക.
'ടാക്സി സേവനങ്ങള്‍ നല്കുന്ന സഹകരണ സംവിധാനം ആരംഭിക്കും. ഇതിലൂടെ ലഭിക്കുന്ന ലാഭം നേരിട്ട് ഡ്രൈവര്‍മാര്‍ക്ക് കൈമാറുകയാണ് ചെയ്യുക. ഇതിന്റെ ചുമതല സര്‍ക്കാരിനല്ല സഹകരണ സംവിധാനങ്ങള്‍ക്കായിരിക്കും. സര്‍ക്കാര്‍ ഇതില്‍ നേരിട്ട് ഇടപെടില്ല' കേന്ദ്ര സഹകരണ മന്ത്രി കൂടിയായ അമിത് ഷാ പറഞ്ഞു.
സ്വകാര്യ ഓണ്‍ലൈന്‍ ടാക്സി സര്‍വീസുകളായ ഊബറിന്റേയും ഒലയുടേയും മാതൃകയിലാണ് സഹകരണ ടാക്സി മോഡലും പ്രവര്‍ത്തിക്കുക. എന്നാല്‍ സഹകരണ ടാക്സി മോഡലില്‍ തീരുമാനമെടുക്കാനുള്ള അധികാരം പങ്കാളികളായ ഡ്രൈവര്‍മാര്‍ക്കായിരിക്കും. സഹകരണത്തിലൂടെ അഭിവൃദ്ധിയെന്ന പ്രധാനമന്ത്രി നേരേന്ദ്രമോഡിയുടെ വീക്ഷണം കേവലം മുദ്രാവാക്യത്തില്‍ ഒതുങ്ങില്ലെന്നും അതിന്റെ പ്രായോഗിക പദ്ധതിയാണ് സഹകരണ മേഖലയിലെ ഓണ്‍ലൈന്‍ ടാക്സിയെന്നും പദ്ധതി വിശദീകരിച്ചുകൊണ്ട് അമിത് ഷാ പാര്‍ലമന്റില്‍ പറഞ്ഞു.
ഡല്‍ഹിയിലെ സേവാ കാബിന്റേയും കര്‍ണാടകയിലെ നമ്മ യാത്രിയുടേയും മാതൃക പുതിയ പദ്ധതി പിന്തുടരുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. സഹകരണ മേഖലയില്‍ വരുന്ന പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ പിന്തുണയുള്ളതിനാല്‍ കൂടുതല്‍ വേഗത്തില്‍ ഡ്രൈവര്‍മാരുടേയും പൊതുജനങ്ങളുടേയും വിശ്വാസ്യത നേടിയെടുക്കാനാവുമെന്നാണ് പ്രതീക്ഷ. ഊബര്‍, ഒല പോലുള്ള ഇടനിലക്കാരെ ഒഴിവാക്കുന്നതു വഴി ഡ്രൈവര്‍മാര്‍ക്കും യാത്രികര്‍ക്കും ഒരുപോലെ ഉപകാരപ്രദമാവാന്‍ സാധ്യതയുള്ള പദ്ധതി കൂടിയാണിത്.
വിജയകരമായി പദ്ധതി നടപ്പിലാക്കാനായാല്‍ സര്‍ക്കാര്‍ നേതൃത്വത്തില്‍ സഹകരണ മേഖലയില്‍ ഓണ്‍ലൈന്‍ ടാക്സി സേവനം അവതരിപ്പിക്കുന്ന ആദ്യ രാജ്യമായും ഇന്ത്യ മാറും. സഹകരണമേഖലയില്‍ മാതൃകകള്‍ അവതരിപ്പിച്ചു വിജയിച്ച പാരമ്പര്യം ഇന്ത്യക്കുണ്ട്. കൃഷി, പാല് ഉത്പാദനം, മത്സ്യകൃഷി, ബാങ്കിങ് എന്നിങ്ങനെ 30ലേറെ വ്യത്യസ്ത വിഭാഗങ്ങളില്‍ എട്ടു ലക്ഷത്തോളം സഹകരണ സംഘങ്ങളും 30 കോടിയോളം അംഗങ്ങളും ഇന്ത്യയിലുണ്ട്.