ആകാശത്ത് പ്രത്യക്ഷപ്പെട്ട നീല പ്രകാശ വലയം, സമൂഹമാധ്യമങ്ങളിൽ നിറഞ്ഞ് ചിത്രങ്ങൾ; എല്ലാത്തിനും പിന്നിൽ മസ്ക്

Mail This Article
വിചിത്രമായ സർപ്പിളാകൃതിയുള്ള ഒരു വസ്തു ആകാശത്ത് പ്രത്യക്ഷപ്പെട്ടു, കണ്ടവരെല്ലാം ചിത്രം പകർത്തി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. നിഗൂഢ പ്രകാശത്തിന്റെ ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞതോടെ യുഎഫ്ഒ സിദ്ധാന്തക്കാരും രംഗത്തെത്തി
യുകെയിലും യൂറോപ്പിലും നിന്നുള്ള നൂറുകണക്കിന് വാന നിരീക്ഷകരാണ് സർപ്പിള വസ്തുവിന്റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. മേഘം പോലുള്ള ആകൃതിക്ക് ഒരു പ്രത്യേക തിളക്കമുണ്ടായിരുന്നു, അതിനാൽത്തന്നെ കാഴ്ചക്കാരെ ആകർഷിക്കുകയും വ്യാപകമായ ജിജ്ഞാസ ഉണർത്തുകയും ചെയ്തു.

പലരും ഇത് ഒരു വാൽനക്ഷത്രമോ എന്തെങ്കിലും പ്രത്യേക ആകാശ സംഭവങ്ങളോ ആയിരിക്കാമെന്ന് ആദ്യം അനുമാനിച്ചെങ്കിലും, ജ്യോതിശാസ്ത്രജ്ഞരും ബഹിരാകാശ നിരീക്ഷകരും വൈകാതെ ഒരു അനുമാനത്തിലെത്തി. ഈ പ്രകാശവലയത്തിന്റെ പിന്നിൽ ഒരു ഫാൽക്കൺ 9 റോക്കറ്റാണ്.
സ്‌പേസ് എക്‌സ് വികസിപ്പിച്ചെടുത്ത പുനരുപയോഗിക്കാവുന്ന രണ്ട് ഘട്ടങ്ങളുള്ള റോക്കറ്റാണ് ഫാൽക്കൺ 9. ഇലോൺ മസ്‌കിന്റെ ഫാൽക്കൺ 9 റോക്കറ്റ് പുറത്തുവിട്ട ഇന്ധനത്തിന്റെ ഭാഗം ഘനീഭവിച്ചാണ് ഈ വിചിത്ര രൂപം ആകാശത്ത് ഉണ്ടായത്.
ഇന്ധനം മരവിച്ച് സൂര്യപ്രകാശത്തെ പ്രതിഫലിപ്പിക്കുന്ന ചെറിയ പരലുകളായി മാറുന്നു, റോക്കറ്റുകളിൽനിന്നും ദ്രുതചലനത്തിൽ പുറത്തേക്കു വീഴുമ്പോൾ വിചിത്രമായ ആകൃതികളും രൂപപ്പെടുന്നു. ജ്യോതിശാസ്ത്രജ്ഞൻ അലൻ ട്രോ , ഇത്തരം കാഴ്ചകൾ അസാധാരണമാണെന്നും എന്നാൽ വിചിത്ര സംഭവമല്ലെന്നും സ്ഥിരീകരിച്ചു.
സ്പേസ് എക്സ് പതിവായി ഫാൽക്കൺ 9 റോക്കറ്റുകൾ വിക്ഷേപിക്കുന്നുണ്ടെങ്കിലും, ഈ പ്രത്യേക സർപ്പിള പ്രതിഭാസം താരതമ്യേന അപൂർവമായി കാണുന്നു.
റോക്കറ്റിന്റെ തിരിച്ചുവരവിന്റെ കോൺ,പുറംതള്ളുന്ന ഇന്ധനത്തിന്റെ അളവും തരവും, തെളിഞ്ഞ അന്തരീക്ഷം.. ഇത്തരം നിരവധി കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തരം പ്രകാശവലയം രൂപപ്പെടുക.