ഡീപ്സീക്ക് സ്ഥാപകൻ ലിയാങ് വെൻഫെങ്ങിന്‍റെ ജന്മനാട്ടിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്

Mail This Article
തെക്കന്‍ ചൈനയില്‍ ആരോരുമറിയാതെ കിടന്ന ഒരു ഗ്രാമമായിരുന്നു മില്ലിങ്. ഇപ്പോഴാകട്ടെ ഇവിടേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആളുകള്‍ ഇവിടേക്ക് പറന്നെത്തുന്നു. ഇവിടുത്തെ കല്ലും മണ്ണുമെല്ലാം ശേഖരിച്ച് ഓര്‍മയ്ക്കായി തിരികെ കൊണ്ടുപോകുന്നു. എന്താണിതിന് കാരണം?
ചൈനീസ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനിയായ ഡീപ്‌സീക്കിന്‍റെ സ്ഥാപകൻ ലിയാങ് വെൻഫെങ്ങിന്‍റെ ജന്മനാടാണ് മില്ലിങ്. ഡീപ്‌സീക്കിന്‍റെ വിജയത്തിന് ശേഷം ഈ ഗ്രാമം ഒരു ജനപ്രിയ വിനോദസഞ്ചാര കേന്ദ്രമായി മാറി, കുടുംബങ്ങളും കമ്പനി ജീവനക്കാരും ഉൾപ്പെടെയുള്ള സഞ്ചാരികളുടെ കൂട്ടങ്ങളെ ഗ്രാമം ആകർഷിക്കുന്നു. ജനുവരി മുതലുള്ള അവധിക്കാലത്ത്, ഗ്രാമത്തിൽ പ്രതിദിനം 10,000 വിനോദസഞ്ചാരികളാണ് എത്തിയത് എന്ന് ചൈനീസ് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വെറും എഴുനൂറു പേര്‍ മാത്രം താമസിക്കുന്ന ഒരു കൊച്ചുഗ്രാമമാണ്, ഗ്വാങ്‌ഡോംഗ് പ്രവിശ്യയിലെ ഷാൻജിയാങ്ങിലെ വുചുവാൻ എന്ന ചെറിയ നഗരത്തിൽ സ്ഥിതി ചെയ്യുന്ന മില്ലിങ്. ഇവിടുത്തെ ആളുകള്‍ പ്രധാനമായും ഷൂ നിർമാണത്തെയും കൃഷിയെയും ആശ്രയിച്ച് ജീവിക്കുന്നവരാണ്. യുവതലമുറ സാധാരണയായി അടുത്തുള്ള ഷൂ ഫാക്ടറികളിൽ ജോലി ചെയ്യുന്നു. അതേസമയം, പ്രായമായവർ കൃഷിയിൽ ഏർപ്പെടുന്നു.
നാല്‍പ്പതുകാരനായ ലിയാങ്ങ് വെൻഫെങ് ഒരു അധ്യാപക കുടുംബത്തിൽ നിന്നാണ് വരുന്നത്, അദ്ദേഹത്തിന്‍റെ മാതാപിതാക്കൾ ഇരുവരും ഗ്രാമത്തിലെ മില്ലിങ് പ്രൈമറി സ്‌കൂളിലെ അധ്യാപകരാണ്. ഈ ഗ്രാമത്തിലെ പ്രൈമറി സ്കൂളിലാണ് ലിയാങ്ങ് പഠിച്ചത്.
പിന്നീട്, പ്രശസ്തമായ വുചുവാൻ നമ്പർ 1 മിഡിൽ സ്കൂളിൽ ചേർന്നു. സ്കൂൾ കാലഘട്ടത്തിൽ, എടുത്തുപറയേണ്ട അക്കാദമിക് മികവ് പുലര്‍ത്തിയ വിദ്യാര്‍ഥിയായിരുന്ന ലിയാങ്ങ്, അതിനുശേഷം, 2002 ൽ പ്രശസ്തമായ ഷെജിയാങ് സർവകലാശാലയിൽ പ്രവേശനം നേടി. വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം, എ ഐ കമ്പനിയായ ഡീപ്സീക്ക് സ്ഥാപിക്കുകയും അമേരിക്കൻ എതിരാളികളോട് മത്സരിച്ച്, ലോകത്തെ ഏറ്റവും മികച്ച കമ്പനികളില്‍ ഒന്നായി ഉയര്‍ന്നുവരികയും ചെയ്തു. ഈ തിളക്കമാര്‍ന്ന വിജയം, അദ്ദേഹത്തിന്‍റെ ജന്മനാടിനെ ഒരു ജനപ്രിയ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റി.

മില്ലിങ് ഗ്രാമത്തില്‍ ഇത്രനാളും വ്യാവസായിക വികസനം ഉണ്ടായിരുന്നില്ല, പ്രതിവർഷം 10,000 യുവാന് മത്സ്യക്കുളങ്ങൾ പാട്ടത്തിനെടുക്കുന്നതായിരുന്നു അവരുടെ ഏക വ്യാവസായിക വരുമാന മാർഗം. എന്നാല്‍ ഇപ്പോള്‍, വിനോദസഞ്ചാരം ഇവിടെ വലിയ വ്യവസായമായി മാറിക്കൊണ്ടിരിക്കുകയാണ്. റിപ്പോർട്ടുകൾ പ്രകാരം, വിനോദസഞ്ചാരികളുടെ ഒഴുക്ക് ഗ്രാമത്തിന് വലിയ സാമ്പത്തിക നേട്ടങ്ങളാണ് നല്‍കുന്നത്.
ആദ്യമായി വിനോദസഞ്ചാരികള്‍ എത്തിത്തുടങ്ങിയ സമയത്ത്, അവരുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാൻ പര്യാപ്തമായ സൗകര്യങ്ങൾ പോലും ഗ്രാമത്തില്‍ ഉണ്ടായിരുന്നില്ല. ഈ മോശം അവസ്ഥയെക്കുറിച്ച് വിനോദസഞ്ചാരികൾ പരാതിപ്പെട്ടതിനെത്തുടർന്ന്, ഫെബ്രുവരി പകുതിയോടെ അധികൃതര്‍ നവീകരണ പദ്ധതികള്‍ ആരംഭിച്ചു. വീടുകളുടെ പുറംഭിത്തികൾ പുതുക്കിപ്പണിത്, തകർന്ന കെട്ടിടങ്ങൾ പൊളിച്ചുമാറ്റി, റോഡുകൾ വീതികൂട്ടി, മലിനജലം ഒഴുക്കിവിടാനുള്ള സംവിധാനങ്ങൾ സ്ഥാപിച്ചു, മരങ്ങൾ നട്ടുപിടിപ്പിച്ചു.

ലിയാങ്ങിന്‍റെ ശ്രദ്ധേയമായ വിജയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ഉയര്‍ന്ന പഠനനിലവാരം പുലര്‍ത്തുന്ന വിദ്യാർത്ഥികള്‍ക്ക് സഹായം നല്‍കുന്നതിനായി ഗ്രാമവാസികള്‍ ഒരു ഫണ്ടും സ്ഥാപിച്ചിട്ടുണ്ട്. തങ്ങളുടെ ജീവിതത്തില്‍ പരിവർത്തനാത്മകമായ മാറ്റങ്ങൾ കൊണ്ടുവന്നതിന് ലിയാങ്ങിന് ഹൃദയത്തില്‍ തൊട്ട് നന്ദി പറയുകയാണ് ഗ്രാമവാസികൾ. ഗ്രാമത്തിന്‍റെ സാംസ്കാരിക പൈതൃകവും പരമ്പരാഗത ജീവിതരീതിയും സംരക്ഷിച്ചുകൊണ്ടുള്ള വിനോദസഞ്ചാര വികസനമാണ് വരുംനാളുകളില്‍ ഇവിടെ നടത്താന്‍ ഉദ്ദേശിക്കുന്നത്.
ഇതിനിടെ ലിയാങ് വെൻഫെങ്ങിന്‍റെ നാലുനിലയുള്ള കുടുംബവീട് വിനോദസഞ്ചാരികളെക്കൊണ്ടു നിറഞ്ഞു. ആളുകളുടെ ഒഴുക്ക് ഭയന്ന്, വീടിന്‍റെ മുൻവാതിൽ അടച്ചിടാൻ കുടുംബാംഗങ്ങള്‍ നിർബന്ധിതരായി എന്നാണ് റിപ്പോര്‍ട്ടുകള്‍.