സഞ്ചാരികളെ സ്വാഗതം ചെയ്ത് സംഘർഷ ഭൂമി: ഗൽവാൻ മുതൽ സിയാച്ചിൻ വരെ...

Mail This Article
ഗൽവാൻ മുതൽ സിയാച്ചിൻ വരെ...ദോക്‌ലാം മുതൽ ഡെംചോക് വരെ....അതിർത്തിയിൽ സംഘർഷം നിറഞ്ഞിരുന്ന ഈ സ്ഥലങ്ങൾ സന്ദർശിക്കാൻ താൽപര്യമുണ്ടോ. അതിനുള്ള അവസരം ഇപ്പോഴുണ്ട്. യുദ്ധസമാന സാഹചര്യങ്ങൾ നിറഞ്ഞിരുന്ന ഈ സ്ഥലങ്ങൾ വിനോദ സഞ്ചാരത്തിനായി ഇപ്പോൾ തുറന്നു നൽകിയിരിക്കുകയാണ്. കേന്ദ്ര പ്രതിരോധ മന്ത്രാലയവും വിനോദസഞ്ചാര മന്ത്രാലയവും ചേർന്നുള്ള ‘ഭാരത് രണഭൂമി ദർശൻ’ എന്ന പദ്ധതിയുടെ ഭാഗമായാണ് ഇതെല്ലാം തുറന്നു നൽകിയിരിക്കുന്നത്.

കിഴക്കൻ ലഡാക്കിലെ അതിർത്തിയിൽ ചൈനയുമായി ഏറെ സംഘർഷം നിലനിന്നിരുന്ന ഡെചോക്, ഡെപ്സങ് എന്നീ സ്ഥലങ്ങളിലെ സൈനിക പിൻമാറ്റം പൂർത്തിയായതു കഴിഞ്ഞ വർഷം നവംബറിലാണ്. അതിനു പിന്നാലെയാണു കേന്ദ്രം വിനോദസഞ്ചാരികൾക്കായി തുറന്നു നൽകിയിരിക്കുന്നത്. ഇത്തരത്തിൽ ഏറെ സംഘർഷഭരിതമായിരുന്ന 77 സ്ഥലങ്ങളാണ് ഇപ്പോൾ സന്ദർശിക്കാൻ അവസരം. ഇതിൽ 21 എണ്ണം അരുണാചൽ പ്രദേശിലാണ്. 14 എണ്ണം ലഡാക്കിൽ. ജമ്മു കശ്മീരിലാണു 11 എണ്ണം. 7 സ്ഥലങ്ങ് സിക്കിമിലുമുണ്ട്. ഇതിൽ പല സ്ഥലങ്ങളും മുൻപു തന്നെ സഞ്ചാരികളെ അനുവദിച്ചിരുന്നതാണ്. എന്നാൽ ഏറെ സംഘർഷഭരിതമായ പലയിടങ്ങളും അടുത്തിടെയാണു തുറന്നു നൽകിയത്.
2020 മേയ് 5നു പാംഗോങ് തടാകത്തിന്റെ തീരത്ത് ചൈനീസ് സേന കടന്നുകയറിയതോടെയാണു കിഴക്കൻ ലഡാക്കിലെ പ്രദേശങ്ങളിൽ സംഘർഷാവസ്ഥ രൂപപ്പെട്ടത്. ജൂൺ 15നു ഗൽവാനിൽ ചൈനയുമായുള്ള സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചതിനു പിന്നാലെ പ്രദേശത്തെ സ്ഥിതിഗതികൾ ഏറെ മോശമാകുകയിരുന്നു. 4 വർഷത്തിനു ശേഷം കഴിഞ്ഞ വർഷം ഒക്ടോബറോടെയാണു പ്രദേശത്തെ സ്ഥിതിഗതികൾ സാധാരണ നിലയിലേക്ക് എത്തിയത്.
അരുണാചലിലെ തവാങ്, ബും ലാ, ഗോർസം, ലോഹിത്, വലോങ് തുടങ്ങിയ പ്രദേശങ്ങളിലും ചൈനയുമായുള്ള തർക്കത്തിനു പേരുകേട്ടതാണ്. ഈ സ്ഥലങ്ങൾ സന്ദർശിക്കാൻ ആർമിയുടെ സഹായവും ലഭിക്കും. ഇതിനു വേണ്ടി രണഭൂമി എന്ന മൊബൈൽ ആപ്ലിക്കേഷനും സർക്കാർ ഒരുക്കിയിട്ടുണ്ട്.
വിനോദസഞ്ചാര മന്ത്രാലയവും സംസ്ഥാന സർക്കാരുകളുമായി സഹകരിച്ചാണ് കരസേന യാത്രയ്ക്കുള്ള സൗകര്യങ്ങൾ ക്രമീകരിക്കുക.
∙ മിലിറ്ററി പോയിന്റ് ഓഫ് കോൺടാക്ട് എല്ലായിടത്തുമുണ്ടാകും. റിസ്ക് ഏറെയുള്ള ഈ അതിർത്തി പ്രദേശങ്ങളിൽ ആർമിയുടെ സഹായവും ലഭിക്കും. യാത്രാനുമതി ലഭിക്കാനും സുരക്ഷിതമായ യാത്രയ്ക്കും വേണ്ടി ആർമിയെ ബന്ധപ്പെടണം. സ്ഥലത്തെത്തി, സാഹചര്യവുമായി പൊരുത്തപ്പെട്ടു, സുരക്ഷിതമായി യാത്ര ചെയ്യാനുള്ള മാനദണ്ഡങ്ങൾ ആർമി തയാറാക്കിയിട്ടുണ്ട്.
∙ ഈ പ്രദേശങ്ങളെല്ലാം സമുദ്രനിരപ്പിൽ നിന്ന് ഏറെ ഉയരത്തിലുള്ളതാണ്. പല സ്ഥലങ്ങളിലേക്കും ആളുകളെ അയയ്ക്കുന്നതിനും നിയന്ത്രണമുണ്ട്. അതിനാൽ മുൻകൂർ അനുമതി ഉറപ്പാക്കണം.
∙ അടിയന്തര സഹായം, വൈദ്യസഹായം എന്നിവയെല്ലാം ജില്ലാ ആശുപത്രികളിൽ ഉറപ്പാക്കിയിട്ടുണ്ട്. ആർമിയുടെ എമർജൻസി ഇവാക്കുവേഷൻ പ്രോട്ടക്കോൾ പാലിക്കണം.
∙ കാലാവസ്ഥാ സാഹചര്യങ്ങൾ എപ്പോൾ വേണമെങ്കിലും മാറാം. അതിനാൽ ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണം. കാലാവസ്ഥാ മുന്നറിയിപ്പുകൾ മനസ്സിലാക്കണം.
∙ സുസ്ഥിര വിനോദസഞ്ചാരമാണ് ഇവിടെയല്ലാം പ്രോത്സാഹിപ്പിക്കുന്നത്. പ്ലാസ്റ്റിക് ഉപയോഗം ഉൾപ്പെടെ പരമാവധി കുറയ്ക്കണം.
∙ ഈ സ്ഥലങ്ങളിലെല്ലാം യുദ്ധ സ്മാരകങ്ങളും ചിലയിടങ്ങളിൽ മ്യൂസിയങ്ങളുമുണ്ട്. അതു സന്ദർശിക്കാം. ലഘു ഭക്ഷണം ലഭിക്കുന്ന സ്ഥലങ്ങളും മറ്റുമുണ്ട്. പല സംസ്ഥാനങ്ങളിലും അടിസ്ഥാന സൗകര്യം വികസിപ്പിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്്.
ഏതൊക്കെ സ്ഥലങ്ങൾ
∙ ജമ്മു കശ്മീർ, ആകെ 11 സ്ഥലങ്ങൾ; ഗുരേസ് സെക്ടർ, ബൻഗസ് വാലി, അരു വാലി, യുസ്മാർഗ് വാലി, വർമൻ വാലി, ചണ്ഡിഗ്രാം, കേരൻ, മാച്ചിൽ, തീത്‌വാൾ, ബാരാമുല്ല, ഉറി
∙ ഹിമാചൽപ്രദേശ്, 4 സ്ഥലങ്ങൾ: സ്പിതി വാലി, കിന്നൂർ വാലി, കൽപ വാലി, സംഗ്ല വാലി
∙ രാജസ്ഥാൻ, 7 സ്ഥലങ്ങൾ: ലോംഗേവാല, താനോത്, രാംഗഡ്, സുന്ദ്ര, മുനാബോ, ഗാദ്ര റോഡ്, ബകാസർ
∙ ഗുജറാത്ത്, 5 സ്ഥലങ്ങൾ; കോടേശ്വർ, കച്ച്, ഭൂജ്, ലഖ്പത്, സൈഗം റാൻ മേഖല
∙ ലഡാക്ക്, 14 സ്ഥലങ്ങൾ: ഗൽവാൻ വാലി, കാർഗിൽ, സിയാച്ചിൻ ബേസ് ക്യാംപ്, കാരക്കോണം പാസ്, പാംഗോങ് തടാകം, ഡെംചോക്, പാഡും വാലി, ഹാൻലെ, ചുഷൂൽ, ഹണ്ടർ, തയാക്ഷി, തുർത്തുക്, താസ്കിങ്, പനാമിക്
∙ സിക്കിം, 7 സ്ഥലങ്ങൾ: ഡോക്ലാം, ഗുരുഡോൻഗ്മാർഗ്, താൻഗു റീജൻ, ലാച്ചുങ് റീജൻ, ഗൈസിങ്, യുക്സോം, ഈസ്റ്റ് സിക്കിം റീജൻ.
∙ അരുണാചൽ പ്രദേശ്, 21 സ്ഥലങ്ങൾ: തവാങ്, വാലോങ്, ദിരാങ്, ബും ലാ, സൺഗെസ്റ്റർ, സെമിതാങ്, ഗോർസാം, ലുംപോ, ബോംഡില, ലോഹിത്, കമെങ് റീജൻ, ബിഷും വാലി, ദിബാങ് വാലി, അനിനി, മെൻചുക റീജൻ, സിയാങ് റീജൻ, യിങ്‌കിയോങ്, ഗെല്ലിങ്, അപ്പർ സുബാൻസിരി വാലി, സാരിചു വാലി, തുയിങ് വാലി.
∙ ഉത്തരാഖണ്ഡ്, 8 സ്ഥലങ്ങൾ; ലിപുലേഖ് പാസ്, പിത്തോർഗഡ്, ഹർസിൽ സെക്ടർ, മന സെക്ടർ, മലാരി സെക്ടർ, കുമോൺ റീജൻ, ധാർചുല, ഗുൻജി.
കൂടുതൽ വിവരങ്ങൾക്ക് https://bharatrannbhoomidarshan.gov.in/