ADVERTISEMENT

ടൂറിസത്തിന്‍റെ കുത്തൊഴുക്കിലും ഗ്രാമഭംഗി കൈവിടാതെ നിലനില്‍ക്കുന്ന ഒരു ചെറുപട്ടണമാണ് പെഹല്‍ഗാം. ഈ പട്ടണത്തോട് ചേര്‍ന്നുള്ള മനോഹരങ്ങളായ താഴ് വരകളാണ് ഇവിടുത്തെ മുഖ്യ ആകര്‍ഷണങ്ങള്‍. ഇവയില്‍ ആരു എന്ന അതിമനോഹരമായ താഴ് വരയായിരുന്നു സന്ദര്‍ശിച്ച സ്ഥലങ്ങളില്‍ ആദ്യം. പെഹല്‍ഗാമില്‍ നിന്ന് ടാക്സി വിളിച്ചു വേണം അവിടേക്കു പോകാന്‍. പെഹല്‍ഗാമില്‍ നിന്ന് ആരു വരെയുള്ള റോഡ് പൊട്ടിപൊളിഞ്ഞതാണ്. വളഞ്ഞു തിരിഞ്ഞു വണ്ടി പായുമ്പോള്‍ ഒരു വശത്തു താഴ്​വരയില്‍ ലിഡ്ഡര്‍ നദി കുത്തിയൊഴുകുന്നതു കാണാം. ഇളംപച്ച നിറത്തിലുള്ള തെളിഞ്ഞ മലവെള്ളം ഉരുളന്‍കല്ലുകളില്‍ തട്ടിത്തെറിച്ചു പതഞ്ഞു ഒഴുകിക്കൊണ്ടിരുന്നു. 

ആരു വാലിയിലേക്കുള്ള യാത്രമദ്ധ്യേയുള്ള കാഴ്ച. ലിഡ്ഡര്‍ നദിയും ഇതില്‍ കാണാം.
ആരു വാലിയിലേക്കുള്ള യാത്രമദ്ധ്യേയുള്ള കാഴ്ച. ലിഡ്ഡര്‍ നദിയും ഇതില്‍ കാണാം.

ലിഡ്ഡര്‍ നദിക്കരയില്‍ ആട്ടിടയന്മാരുടെ വീടുകള്‍ കണ്ടു. ആടുമേയ്ക്കല്‍ പരമ്പരാഗതതൊഴിലായ ഗുജ്ജര്‍ ബക്കര്‍വാള്‍ ഗോത്രത്തില്‍പ്പെട്ടവരുടെയാണ് ഈ വീടുകള്‍. നാടോടികളായ ഇവര്‍, ശൈത്യകാലത്ത് ജമ്മുവിലെ താരതമേന്യ നിരപ്പായ പ്രദേശങ്ങളില്‍ താമസിക്കുകയും വേനല്‍കാലമാകുന്നതോടെ കശ്മീരിലെ മലമ്പ്രദേശങ്ങളിലേക്ക് തങ്ങളുടെ ആടുകളുമായി വരുകയും ചെയ്യും. അത്തരത്തില്‍ യാത്ര ചെയ്യുന്ന ആട്ടിടയന്മാരുടെ സ്ഥിരം വേനല്‍ക്കാല താവളമാണ് പെഹല്‍ഗാം. ആട്ടിടയരുടെ ഗ്രാമം എന്ന് അര്‍ഥം വരുന്ന രണ്ടു കശ്മീരി  വാക്കുകളില്‍ നിന്നാണ് പെഹല്‍ഗാം എന്ന പേരുണ്ടായത് തന്നെ.

കോഠ എന്നു പേരുള്ള ഈ വീടുകളുടെ നിര്‍മാണ ശൈലി പ്രത്യേകതരത്തിലാണ്. ചതുരാകൃതിയിലുള്ള ഈ വീടുകളുടെ പിന്‍ഭിത്തികള്‍ക്കു സ്വതവേ ഉയരം കുറവായിരിക്കും. സാധാരണ ചെയ്യുന്നതു പോലെ, നിരപ്പായ ഒരു പ്രതലത്തില്‍ നിര്‍മ്മിക്കുന്നതിനു പകരം, മലയുടെ ചെരുവ് ഉപയോഗപ്പെടുത്തിയാണ് ഇവയുടെ നിര്‍മ്മിതി. ഇരുവശങ്ങളിലെയും ഭിത്തികള്‍ മലയുടെ ചെരിവിന് അനുസരിച്ചു നീളം കൂടി വന്ന് മുന്‍ഭിത്തിയില്‍ യോജിക്കുന്നു. മേല്‍ക്കൂരയില്‍ മണ്ണും മണലും വിരിച്ചിരിക്കും; ചില വീടുകളില്‍ ആ മണ്ണില്‍ ചെടികളും നട്ടു കണ്ടു. 

ലിഡ്ഡര്‍ നദിക്കരയിലുള്ള ആട്ടിടയന്മാരുടെ വീടുകള്‍. പിന്നില്‍ പൈന്‍ മരക്കാടുകള്‍.
ലിഡ്ഡര്‍ നദിക്കരയിലുള്ള ആട്ടിടയന്മാരുടെ വീടുകള്‍. പിന്നില്‍ പൈന്‍ മരക്കാടുകള്‍.

ഇങ്ങനെയുള്ള വീടുകള്‍ പെഹല്‍ഗാമില്‍ പലയിടങ്ങളിലും കാണാം. കഠിനമായ മഞ്ഞു വീഴ്ചയെയും അതിജീവിക്കാന്‍ ശേഷിയുള്ള ഈ വീടുകളില്‍ ചിലതിനു പതിറ്റാണ്ടുകള്‍ പഴക്കമുണ്ട്. മഞ്ഞു കാലത്ത്  ഇവ കാലിയായി കിടക്കും. വേനല്‍ കാലത്ത് ഉടമകളായ ഇടയന്മാരുടെ വരവോടെ ഇവ ഉഷാറാകും. 

മഞ്ഞിന്‍റെ തലപ്പാവണിഞ്ഞ മലനിരകള്‍ക്ക് നടുവില്‍

ആരു വാലി എത്തിയപ്പോള്‍, സാധാരണയായി ടൂറിസ്റ്റുകള്‍ പോകുന്ന പുല്‍മേട്ടിലേക്ക് പോകാതെ, അതിനോട് ചേര്‍ന്നുള്ള മലഞ്ചെരുവ് നടന്ന് കയറാന്‍ ഞങ്ങള്‍ തീരുമാനിച്ചു. നടന്ന് കുറെ മുകളില്‍ എത്തിയപ്പോള്‍, വിശാലമായ മറ്റൊരു പുല്‍മേടും അതിനു നടുക്ക് തലയുയര്‍ത്തി നില്‍ക്കുന്ന ഒരു പൈന്‍മരവും കണ്ടു. വെയിലിനു തീക്ഷ്ണതയുണ്ടായിരുന്നെങ്കിലും അത് ശമിപ്പിക്കാനെന്നോണം നല്ല തണുത്ത കാറ്റ് വീശുന്നുണ്ടായിരുന്നു. വെയിലില്‍ നിന്ന് രക്ഷനേടാന്‍ ഞങ്ങള്‍ ആ പൈന്‍ മരത്തണലില്‍ പോയി കുറെ നേരമിരുന്നു മഞ്ഞിന്‍റെ തലപ്പാവണിഞ്ഞ മലനിരകള്‍ക്ക് നടുവില്‍, കാട്ടുപൂക്കള്‍ സമൃദ്ധമായി പുഷ്പിച്ചു നില്‍ക്കുന്ന ആ പുല്‍മേട്ടില്‍ എന്‍റെ മനസ്സ് സ്വച്ഛന്ദം വിഹരിച്ചു. വീശിയടിക്കുന്ന കാറ്റില്‍, പൈന്‍ മരച്ചില്ലകളില്‍ ചൂളം വിളിച്ചുകൊണ്ട് അത് പാറിപ്പറന്നു നടന്നു. ഈ കാഴ്ചകളുടെ സൗന്ദര്യത്തില്‍ ലയിച്ചിരുന്നപ്പോള്‍, അറിയാതെ ഉറക്കെ ചോദിച്ചു പോയി, 'ഇതൊക്കെ ആര് സൃഷ്ടിച്ചു?' എന്ന്. ഒരു ചോദ്യത്തെക്കാളുപരി, അവാച്യമായ ആ ആനന്ദത്തില്‍ നിന്ന് ഉരുത്തിരിഞ്ഞ ഒരു ആത്മഗതമായിരുന്നു അത്. അതിനുള്ള ഉത്തരവും എന്‍റെയുള്ളില്‍ തന്നെയുണ്ട്: 'സൂര്യനും ചന്ദ്രനും മഞ്ഞും മഴയും കാറ്റും കടലും പുഴകളും ഒക്കെ ഒത്താശ ചെയ്ത് പതിനായിരക്കണക്കിനു  വര്‍ഷങ്ങള്‍ കൊണ്ട് പണിതീര്‍ത്ത മാസ്റ്റര്‍പീസാണ് നമ്മുടെ പ്രകൃതി '

ആരു വാലി
ആരു വാലി

ആരു വാലിയിലേക്ക് ഞങ്ങള്‍ പോയത് ഒരു ഞായറാഴ്ചയായിരുന്നു. ഞായറാഴ്ചകളില്‍ പൊതുവെ നല്ല തിരക്കാണിവിടെങ്ങളില്‍. കശ്മീര്‍ സ്വദേശികള്‍ ധാരാളമായി എത്തുന്ന സ്ഥലങ്ങളാണ് പെഹല്‍ഗാം ടൗണിലെ മൃഗശാല, ലിഡ്ഡര്‍ വ്യൂ പാര്‍ക്ക് എന്നിവ. അമര്‍നാഥ് യാത്ര തുടങ്ങുന്നതിനു തലേ ആഴ്ചയായത് കൊണ്ട് സാധാരണയിലധികം തിരക്കുണ്ടായിരുന്നു. ഏകദേശം രണ്ടു മണിക്കൂറുകളോളം ബ്ലോക്കില്‍ പെട്ടു കിടന്നതിനു ശേഷമാണ് ടൗണില്‍ തിരിച്ചെത്താന്‍ പറ്റിയത്. നദിക്കരയിലുള്ള പുല്‍പ്പരപ്പില്‍ പിക്നിക് ആഘോഷിക്കുന്ന ഒരുപാട് ആളുകളെ ഞങ്ങളുടെ യാത്രാമദ്ധ്യേ കണ്ടു. തിരിച്ചു മുറിയിലെത്തിയപ്പോള്‍ വൈകുന്നേരം ഏകദേശം നാല് മണിയായിരുന്നു. ഞങ്ങള്‍ അത് വരെ ഉച്ചഭക്ഷണം കഴിച്ചിരുന്നില്ല. റൂമില്‍ ചെന്ന് സാധനങ്ങള്‍ ഒക്കെ ഇറക്കി വച്ച്, ഫ്രഷ് ആയി ടൗണിലേക്കു നടന്നു. ഞങ്ങളുടെ ഹട്ടില്‍ നിന്ന് ഏകദേശം മുക്കാല്‍ കിലോമീറ്റര്‍ നടന്നാല്‍ ടൗണില്‍ എത്താമായിരുന്നു. 

ആട്ടിടയന്മാരുടെ വീട്, ഒരു സമീപ ദൃശ്യം.
ആട്ടിടയന്മാരുടെ വീട്, ഒരു സമീപ ദൃശ്യം.

ടൗണില്‍ തരക്കേടില്ല എന്ന് തോന്നിയ ഒരു ഹോട്ടലില്‍ ഞങ്ങള്‍ കയറി. കശ്മീരി ഭക്ഷണം എന്തെങ്കിലും കഴിക്കണം എന്നെനിക്ക് ആഗ്രഹം തോന്നി. അങ്ങനെ 'റിസ്താ' എന്ന മട്ടണ്‍ വിഭവം പറഞ്ഞു. കൊഴുക്കട്ടയുടെ വലുപ്പമുള്ള മട്ടണ്‍ മീറ്റ് ബോള്‍സ് ആണ് സംഗതി; അതിന്‍റെ കൂടെ  ഗ്രേവിയുമുണ്ട്. 

കശ്മീരി ഹോട്ടലുകളിലെല്ലാം ബസ്മതി അരിയുടെ ചോറ് കിട്ടും. അതും എന്തെങ്കിലും കറിയും ആണ് മിക്ക സ്വദേശികളും ഓര്‍ഡര്‍ ചെയ്ത് കണ്ടത്. കശ്മീരില്‍ എത്തിയ ദിവസം രാത്രി, അത്താഴത്തിന് 'റോഗന്‍ ജോഷ്' എന്ന വിഭവം കഴിച്ചിരുന്നു. പ്രശസ്തമായ മറ്റൊരു കശ്മീരി വിഭവമാണതും. ഇവിടുത്തെ തദ്ദേശീയമായ കൂട്ടുകള്‍ ഉപയോഗിച്ചു തയ്യാറാക്കുന്ന മട്ടണ്‍ കറിയാണത്. പ്രശസ്തമായ കശ്മീരി വാസ് വാനില്‍  (മലയാളികളുടെ സദ്യ പോലെ, ഇവിടുത്തുകാരുടെ സമൃദ്ധമായ ഊണ്)  വിളമ്പുന്ന വിഭവങ്ങളാണ് റിസ്തയും റോഗന്‍ ജോഷും.

Aru-valley_1
ആരു വാലി

കഴിച്ചു കഴിഞ്ഞു ഹോട്ടലില്‍ നിന്നിറങ്ങി പെഹല്‍ഗാമിലെ മാര്‍ക്കറ്റില്‍ ഒന്ന് കറങ്ങി. കരകൗശല വസ്തുക്കളും തുണിത്തരങ്ങളും വില്‍ക്കുന്ന ഒരുപാട് കടകളുണ്ടിവിടെ. എല്ലാം കയറിനടന്ന് കണ്ടെങ്കിലും ഒന്നും വാങ്ങിയില്ല. അങ്ങനെയുള്ള സാധനങ്ങള്‍ വാങ്ങാന്‍  ശ്രീനഗര്‍ തന്നെയാണ് നല്ലതെന്നു നേരത്തെ യാത്ര ചെയ്തവരില്‍ നിന്നു മനസ്സിലാക്കിയിരുന്നു. പോരുന്ന സമയം, കുറച്ചു പഴങ്ങള്‍ വാങ്ങി. ആപ്പിളിനു പേര് കേട്ട സ്ഥലമാണല്ലോ കശ്മീര്‍; എങ്കിലും ഞങ്ങള്‍ ചെന്ന സമയം ആപ്പിളിന്‍റെ സീസണ്‍ തുടങ്ങിയിരുന്നില്ല. വാങ്ങുന്നതിനു മുന്‍പ് പഴങ്ങള്‍ രുചിച്ചു നോക്കാന്‍ കുറച്ചു സാമ്പിള്‍ വളരെ സന്തോഷത്തോടെ ആ കടക്കാരന്‍ ഞങ്ങള്‍ക്കു വച്ച് നീട്ടി. പിന്നീട് ഡ്രൈ ഫ്രൂട്ട്സ് വാങ്ങാന്‍ കയറിയ രണ്ടു കടകളിലും സാമ്പിള്‍ തരാന്‍ അവര്‍ക്ക് ഒരു മടിയുമുണ്ടായിരുന്നില്ല.

ബൈസരണ്‍ വാലിയിലെ കുതിരസവാരി

പെഹല്‍ഗാമിലെ മുഖ്യ ആകര്‍ഷണങ്ങളില്‍ ഒന്നാണ് ബൈസരണ്‍ വാലിയിലേക്കുള്ള കുതിര സവാരി (Pony Ride). Pony എന്ന വാക്കിന് കൃത്യമായ ഒരു മലയാളം തര്‍ജ്ജിമ ഉണ്ടോ എന്നെനിക്ക് അറിവില്ല; 'ചെറുകുതിര', എന്നു ഗൂഗിള്‍ പറയുന്നു. എങ്കിലും ആ വാക്കിന്‍റെ കൃത്യതയെ പറ്റി ഉറപ്പില്ലാത്തത് കൊണ്ട് കുതിര എന്ന വാക്ക് തന്നെ തുടര്‍ന്ന് ഉപയോഗിക്കുകയാണ്)

ഡെയ്സി പൂക്കള്‍ പുഷ്പിച്ചു നില്‍ക്കുന്ന പുല്‍മേട്. പിന്നില്‍ പെഹല്‍ഗാം ടൗണ്‍.
ഡെയ്സി പൂക്കള്‍ പുഷ്പിച്ചു നില്‍ക്കുന്ന പുല്‍മേട്. പിന്നില്‍ പെഹല്‍ഗാം ടൗണ്‍.

നൂറുകണക്കിന് കുതിര സവാരിക്കാരുണ്ട് ഈ ടൗണില്‍. ബസ് സ്റ്റാന്‍ഡ് പോലെ അവര്‍ക്കായി പ്രത്യേകം പോണി സ്റ്റാന്‍ഡും (കുതിരലായം) ഇവിടെ ഉണ്ട് (നേരെ തിരിച്ചു പറയുന്നതാവും ചരിത്രപരമായി കൂടുതല്‍ ശരി. ബസ് സ്റ്റാന്‍ഡുകള്‍ ഉണ്ടാവുന്നതിന് എത്രയോ മുന്‍പ് തന്നെ കുതിരാലയങ്ങള്‍ ഉണ്ടായിരുന്നു).

കുത്തനെയുള്ള കയറ്റം കയറി വേണം ബൈസരണ്‍ വാലിയിലെത്താന്‍. നല്ല ആരോഗ്യമുള്ളവര്‍ക്കു നടന്നു കയറാം, പക്ഷേ ആരും അങ്ങനെ ചെയ്ത് കണ്ടില്ല. അവിടേക്ക് എത്തിച്ചേരാന്‍ ആണ് ഈ കുതിരസവാരി. ബൈസരണ്‍ വാലിയിലേക്കു പോകുന്ന വഴിക്കായിരുന്നു ഞങ്ങളുടെ താമസസ്ഥലം. ഞങ്ങള്‍ താമസിച്ച JKTDC ഹട്ടിന് തൊട്ട് അയല്പക്കമായി താമസിച്ചിരുന്നത് ഒരു കുതിരസവാരി നടത്തിപ്പുകാരനായിരുന്നു. ഞങ്ങള്‍ എത്തിയ ദിവസം തന്നെ സവാരി  നടത്തുന്നതിനെപ്പറ്റി പറഞ്ഞു പലതവണ അയാള്‍ സമീപിച്ചിരുന്നു. 'ആലോചിക്കാം', എന്നു പറഞ്ഞു ഞാന്‍ അയാളെ ഒഴിവാക്കി വിട്ടു. ഏതായാലും കുതിരസവാരി പോകാം എന്നു തീരുമാനിച്ച ദിവസം ഞങ്ങള്‍ അയാളോട് വിലവിവരം ചോദിച്ചു. ആകെ എട്ട് പോയിന്‍റുകള്‍ കാണിക്കുന്നതിന്, കുതിരയൊന്നിന് 3,500/ രൂപയാണയാള്‍ പറഞ്ഞത്. അത് ശരിയായ വിലയുടെ ഇരട്ടിയിലും അധികം ആയിരുന്നു.

റിസ്താ
റിസ്താ

കശ്മീരില്‍ യാത്ര ചെയ്യുമ്പോള്‍ ഏറ്റവും പ്രധാനമായി അറിഞ്ഞിരിക്കേണ്ട കാര്യം, അവിടെ എന്തിനും ഏതിനും അന്യായമായ വില പറയും എന്നതാണ്. കശ്മീരിലെ കുതിരസവാരിക്കാര്‍ അധിക വില ഈടാക്കുന്നതില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ചവരാണ്. കുതിരസവാരിയുടെ അടിസ്ഥാനവില പെഹല്‍ഗാം ടൗണിന്‍റെ പല സ്ഥലത്തും പ്രദര്‍ശിപ്പിച്ചിട്ടുണ്ടെങ്കിലും, അതൊന്നും ആരും പാലിക്കാറില്ല. ചില ടൂറിസ്റ്റുകളോട് ശരിയായ വിലയുടെ നാലിരട്ടി വരെയൊക്കെ വാങ്ങിക്കുന്ന സംഭവങ്ങളുണ്ടായിട്ടുണ്ടെന്ന് അവിടുത്തെ ഒരു ടാക്സി ഡ്രൈവര്‍ പറയുകയുണ്ടായി. ഈ അന്യായമായ കച്ചവടത്തോടുള്ള രോഷവും ആ ചെറുപ്പക്കാരന്‍ പ്രകടിപ്പിച്ചു . 

അക്കാര്യത്തില്‍ പെഹല്‍ഗാമിലെ ടൂറിസ്റ്റ് ടാക്സികള്‍ നല്ല കൃത്യത പാലിക്കുന്നുണ്ട് എന്നു പറയാതെ വയ്യ. ഓരോ സ്ഥലവും സന്ദര്‍ശിക്കുന്നതിന് ഈടാക്കുന്ന തുക പൊതുവായി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്; അത് തന്നെയാണവര്‍ വാങ്ങുന്നതും.

വിലപേശല്‍ കശ്മീര്‍ യാത്രയുടെ അവിഭാജ്യ ഘടകം

കുതിര സവാരിയിലേക്കു തിരിച്ചു വരാം. അയാള്‍ പറഞ്ഞ 3,500 രൂപയ്ക്കു മറുപടിയായി യൂണിയന്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന തുക മാത്രമേ തരാന്‍ പറ്റുകയുള്ളൂ എന്ന് ഞാന്‍ പറഞ്ഞു. ആ തുകയ്ക്ക് വരാന്‍ പറ്റില്ല, 1500 രൂപയ്ക്കു നാല് പോയിന്‍റുകള്‍ കാണിക്കാമെന്നായി അയാള്‍. ആദ്യം പറഞ്ഞ തുക സമ്മതമാണെങ്കില്‍ പോകാം എന്ന് പറഞ്ഞു ഞാന്‍ എന്‍റെ  വിസ്താരം അവസാനിപ്പിച്ചു; അത് നടപ്പില്ല എന്നു മറുപടി തന്ന് അയാള്‍ തിരിച്ചു പോയി. ഏകദേശം അഞ്ചു മിനിറ്റുകള്‍ക്കു ശേഷം, പോയ അതേ വേഗത്തില്‍ കക്ഷി തിരിച്ചു വന്ന് ആ തുക സമ്മതമാണ്, എപ്പോള്‍ പോകാമെന്നു ചോദിച്ചു. മുകളില്‍ വിവരിച്ച വിലപേശല്‍ അഭ്യാസം കശ്മീര്‍ യാത്രയിലുടനീളം ഞങ്ങള്‍ക്കു ചെയ്യേണ്ടി വന്നു: ശ്രീനഗറില്‍ തുണിത്തരങ്ങള്‍ വാങ്ങാന്‍ പോയപ്പോള്‍, ബൈസരണ്‍ വാലിയില്‍ കശ്മീരി വേഷവിതാനങ്ങള്‍ അണിഞ്ഞു ഫോട്ടോ എടുക്കാന്‍ ആഗ്രഹിച്ചപ്പോള്‍, ദല്‍ തടാകത്തില്‍ ഷിക്കാരാ യാത്രയ്ക്കു തുനിഞ്ഞപ്പോള്‍. വിലപേശല്‍ കശ്മീര്‍ യാത്രയുടെ അവിഭാജ്യ ഘടകമാണ്. 

സവാരിക്ക് ഉപയോഗിക്കുന്ന പോണി
സവാരിക്ക് ഉപയോഗിക്കുന്ന പോണി

ബീച്ചുകളിലും ഉദ്യാനങ്ങളിലും മറ്റും ചില ചെറിയ കുതിര സവാരികള്‍ ചെയ്തിട്ടുണ്ടെങ്കിലും, മണിക്കൂറുകള്‍ നീണ്ടു നില്‍ക്കുന്ന ഒരു കുതിര സവാരി നടത്തുന്നത് ഇത് ആദ്യമായിട്ടായിരുന്നു. അതിന്റേതായ ഒരു ആശങ്ക മനസ്സിലുണ്ടായിരുന്നു. എന്നാല്‍ യാത്ര തുടങ്ങി അഞ്ചുമിനിറ്റിനകം തന്നെ ആ ആശങ്ക എങ്ങോ പോയി. കുതിരയുടെ കുളമ്പടിയുടെ താളത്തില്‍ ചാടിച്ചാടി സാവധാനത്തിലാണ് പോക്ക്.

'കയറ്റം കയറുമ്പോള്‍ കാല്‍ പിന്നോട്ടും, ശരീരം മുന്നോട്ടും ആഞ്ഞ് ഇരിക്കണം. ഇറക്കം ഇറങ്ങുമ്പോള്‍ ശരീരം പിന്നോട്ടും, കാലുകള്‍ മുന്നോട്ടുമാക്കി ഇരുന്നാല്‍ മാത്രം മതി', ഇതായിരുന്നു കുതിരക്കാരന്‍ തന്ന നിര്‍ദേശം. 'നാടോടിക്കാറ്റി'ലെ ഗഫൂര്‍ക്കായുടെ അറബി പാഠങ്ങള്‍ പോലെ ലളിതം!

കുതിരകള്‍ക്കൊക്കെ ഗംഭീര പേരുകളാണ്; ബാദല്‍, കരണ്‍, അര്‍ജ്ജുന്‍ എന്നൊക്കെ. ഞാന്‍ സഞ്ചരിച്ച കുതിരയുടെ പേര് 'കരണ്‍' എന്നാണ്  കുതിരക്കാരന്‍ പറഞ്ഞത്. ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ വേണ്ടി വെറുതെ പറയുന്ന പേരുകളാണതൊക്കെ എന്നെനിക്ക് തോന്നി. കാരണം, ഏകദേശം മൂന്ന് മണിക്കൂര്‍ നീണ്ട യാത്രക്കിടയില്‍ അയാള്‍ ഒരു തവണ പോലും കുതിരകളെ പേരെടുത്തു വിളിച്ചു കേട്ടില്ല. 

സവാരി തുടങ്ങി  അല്പസമയത്തിനുള്ളില്‍ത്തന്നെ ടാര്‍ ഇട്ട റോഡ് വിട്ട് ഞങ്ങള്‍ കാട്ടുപാതയിലേക്കു കടന്നു. വലിയ ഉരുളന്‍ കല്ലുകളും ചെങ്കുത്തായ കയറ്റവുമായിരുന്നു മുന്നോട്ട്. 85  കിലോയോളം ഭാരം വരുന്ന എന്നെയും വഹിച്ചു കൊണ്ട് ഇത്രയും വലിയ കയറ്റം ഈ കുതിര എങ്ങനെ കയറും എന്ന് അദ്ഭുതപ്പെട്ടു. മുന്നോട്ട് പോകുംതോറും കയറ്റം കൂടുതല്‍ കഠിനമായിക്കൊണ്ടിരുന്നു. ചിലയിടങ്ങളില്‍ ചെന്നപ്പോള്‍ മുട്ടോളം താഴ്ചയില്‍ ചെളികുഴഞ്ഞു കിടന്നിരുന്നു. എന്നാല്‍ അതൊക്കെ തരണം ചെയ്ത്, ഓരോ അടിയും സൂക്ഷ്മമായി വച്ച്, കുതിര ശാന്തനായി മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നു.

അസാമാന്യമായ ഈ കരുത്തിന്‍റെ പ്രദര്‍ശനം എന്നെ വല്ലാതെ അദ്ഭുതപ്പെടുത്തിക്കളഞ്ഞു. ഞാന്‍ ഇത് സ്വയം അനുഭവിച്ചില്ലായിരുന്നെങ്കില്‍, ഒരു (ചെറു)കുതിരക്ക്, ഇത്രയും ഭാരം വഹിച്ചു കൊണ്ട് അതികഠിനമായ ഈ മല കയറാന്‍ കഴിയും എന്ന് വിശ്വസിക്കുകയില്ലായിരുന്നു. 

ബൈസരണ്‍ വാലിയിലേക്കുള്ള വഴിയിലെ കാഴ്ചകള്‍
ബൈസരണ്‍ വാലിയിലേക്കുള്ള വഴിയിലെ കാഴ്ചകള്‍

ബേതാബ് വാലി

യാത്രയുടെ മൂന്നാം ദിവസം ഉറക്കമുണര്‍ന്നത് തണുപ്പുള്ള ഒരു പ്രഭാതത്തിലേക്കാണ്. സവാരി നടത്തിപ്പുകാരുടെ കുതിരകള്‍ അവിടൊക്കെ മേഞ്ഞു നടക്കുന്നുണ്ടായിരുന്നു. അവയുടെ നിര്‍ത്താതെയുള്ള ചിനയ്ക്കല്‍ കേട്ടാണ് ഞാന്‍ ഉണര്‍ന്നത്. തലേന്ന് സന്ദര്‍ശിക്കാന്‍ സാധിക്കാതെ വന്ന ബേതാബ് വാലിയിലേക്കാവാം ആദ്യത്തെ യാത്ര എന്നു തോന്നി. 1983 ല്‍ പുറത്തിറങ്ങിയ 'ബേതാബ്' എന്ന ഹിന്ദി സിനിമയുടെ പേരിലാണ് ഈ താഴ് വര ഇന്ന് അറിയപ്പെടുന്നത്. സണ്ണി ഡിയോളിന്‍റെയും അമൃത സിംഗിന്‍റെയും ആദ്യ സിനിമയായിരുന്നു ബേതാബ്. വന്‍ ഹിറ്റായി മാറിയ ആ ചലച്ചിത്രത്തിന്‍റെ ഒരുപാട് രംഗങ്ങള്‍ ഇവിടെ ചിത്രീകരിച്ചിരുന്നു. 

ബൈസരണ്‍ വാലിയിലേക്കുള്ള ചെളികുഴഞ്ഞ പാത. കുതിരകള്‍ നടന്നുണ്ടായ കുഴികളാണ് ഈ കാണുന്നത്.
ബൈസരണ്‍ വാലിയിലേക്കുള്ള ചെളികുഴഞ്ഞ പാത. കുതിരകള്‍ നടന്നുണ്ടായ കുഴികളാണ് ഈ കാണുന്നത്.

അവിടേക്കു പോകാനായി പെഹല്‍ഗാമിലെ ടാക്സി സ്റ്റാന്‍ഡിലേക്കു നടന്നു. പോകുന്ന വഴി പഞ്ചാബികള്‍ നടത്തുന്ന ഒരു ധാബയില്‍ നിന്ന് ഭക്ഷണവും കഴിച്ചു. ടാക്സി സ്റ്റാന്‍ഡിന്‍റെ കൗണ്ടറില്‍ ചെന്നു പോകേണ്ട സ്ഥലവും വണ്ടിയുടെ മോഡലും പറയുമ്പോള്‍, അവിടെയിരിക്കുന്ന ആള്‍ ആ വിവരം മൈക്കില്‍ കൂടി വിളിച്ചു പറയും. ഊഴം കാത്തു കിടക്കുന്ന വണ്ടിക്കാരന്‍ വന്നു ടൂറിസ്റ്റുകളെ പിക്ക് ചെയ്യും; അങ്ങനെയാണിവിടുത്തെ സംവിധാനം. പെഹല്‍ഗാമിലെ ടാക്സി യൂണിയനാണ് ഈ ടാക്സി സ്റ്റാന്‍ണ്ടിന്‍റെ മേല്‍നോട്ടം. 

ആരു വാലി. ചിത്രങ്ങൾ : മിഥുൻ ആന്റണി
മിനി സ്വിറ്റ്സര്‍ലന്‍ഡ്' എന്ന് അറിയപ്പെടുന്ന ബൈസരണ്‍ വാലി

ഞങ്ങള്‍ക്ക് വന്ന വണ്ടിക്കാരന്‍, അയാള്‍ക്കു കിട്ടിയ ഓട്ടത്തില്‍ അത്ര സന്തുഷ്ടനല്ലെന്നു ഒറ്റ നോട്ടത്തില്‍ തന്നെ ഞങ്ങള്‍ക്ക് മനസ്സിലായി. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി അയാള്‍ക്ക് ചെറിയ ഓട്ടങ്ങള്‍ മാത്രമേ അവര്‍ (ടാക്സി യൂണിയന്‍) കൊടുക്കുന്നുള്ളു എന്നു പറഞ്ഞു അയാള്‍ ക്ഷുഭിതനായി. പെഹല്‍ഗാം ടൗണില്‍ നിന്ന് കഷ്ടിച്ചു 13 കിലോ മീറ്റര്‍ മാത്രമേ ബേതാബ് വാലിയിലേക്കുള്ളു.

സീസണ്‍ കാലത്തു അധികമായി വരുന്ന ടൂറിസ്റ്റ് ഓട്ടങ്ങള്‍ കൈകാര്യം ചെയ്യാന്‍, ഇവിടുത്തെ യൂണിയന്‍ പരിസരപ്രദേശങ്ങളില്‍ നിന്ന് ടാക്സിക്കാരെ കരാര്‍ വ്യവസ്ഥയില്‍ വിളിക്കും. അങ്ങനെ കരാറുകാരനായി തൊട്ടടുത്ത താലൂക്കായ അനന്ത്നാഗില്‍ നിന്നും വന്നിട്ടുള്ള ആളായിരുന്നു ഇയാള്‍. തന്നെ പോലെയുള്ള കരാറുകാരോട്, യൂണിയന്‍ വിവേചനപരമായാണ് പെരുമാറുന്നതെന്നു പറഞ്ഞ് അയാള്‍ ദേഷ്യപ്പെട്ടു. ആ നീരസം നേരിട്ട് പ്രകടിപ്പിക്കാനെന്നോണം അയാള്‍ വണ്ടിയില്‍ നിന്നിറങ്ങി, യൂണിയന്‍ ഭാരവാഹികളും അനൗണ്‍സര്‍മാരും ഇരിക്കുന്ന ചെറിയ കെട്ടിടത്തിനു നേര്‍ക്ക് തിടുക്കത്തില്‍ നടന്നു. കുറച്ചു ചുവടുകള്‍ മുന്നോട്ട് പോയതിനു ശേഷം, അല്പനിമിഷങ്ങള്‍ നിന്ന്  ആലോചിച്ചിട്ട്, തിരിച്ചു പോന്നു. എടുത്തുചാട്ടത്തിനു വിവേകം മൂക്കുകയറിട്ടതോ, അതോ പ്രതികരണശേഷിയെ നിഷ്ക്രിയത്വം കീഴടക്കിയതോ? എന്താണ് അയാളുടെ ഉള്ളില്‍ സംഭവിച്ചതെന്ന് മനസ്സിലായില്ല.

Betaab-Movie

ഞങ്ങള്‍ യാത്ര ആരംഭിച്ചു. എന്നാല്‍ അയാള്‍ക്കും ഞങ്ങള്‍ക്കും ഒരു ഇരുട്ടടിയെന്നോണം ബേതാബ് വാലിയിലേക്കുള്ള യാത്ര ലക്ഷ്യത്തിലെത്തുന്നതിനു മുന്‍പേ അവസാനിപ്പിക്കേണ്ടതായി വന്നു. അമര്‍നാഥ് യാത്രയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളുടെ ഭാഗമായി പട്ടാളം അങ്ങോട്ടുള്ള എല്ലാ വാഹനങ്ങളും തിരിച്ചു വിട്ടു. ബേതാബ് വാലിക്ക് ശേഷമുള്ള ചന്ദന്‍വാരി എന്ന സ്ഥലത്തു നിന്നാണ് അമര്‍നാഥ് യാത്രയുടെ പദയാത്ര ആരംഭിക്കുന്നത്. എനിക്ക് പ്രത്യേകതയായി തോന്നിയ ഒരു കാര്യം, തിരിച്ചുപോകാന്‍ പട്ടാളം പറഞ്ഞ മാത്രയില്‍, അവരോട് ഒരു വാക്ക് പോലും പറയാതെ ഞങ്ങളുടെ ഡ്രൈവര്‍ വണ്ടി തിരിച്ചതാണ്. കൂടുതല്‍ ചോദ്യങ്ങള്‍ ചോദിക്കാനോ, എന്തെങ്കിലും ഇളവു ചോദിച്ചു കെഞ്ചാനോ അയാള്‍ തുനിഞ്ഞില്ല. മറ്റു വാഹനങ്ങളിലെ ഡ്രൈവര്‍മാരും അങ്ങനെ തന്നെ ചെയ്യുന്നതു കണ്ടു. പട്ടാളത്തിന്‍റെ ശാസന ലംഘിക്കുന്നത് ഗൗരവകരമായ പ്രത്യാഘാതം വിളിച്ചുവരുത്തും എന്ന ബോധ്യം കൊണ്ടാവാം ഇവിടെയുള്ളവര്‍ അങ്ങനെ പ്രതികരിക്കുന്നത്. 

പെഹല്‍ഗാമിലെ പട്ടാള സാന്നിധ്യം
പെഹല്‍ഗാമിലെ പട്ടാള സാന്നിധ്യം

ഒരാളെ സംബന്ധിച്ചു വളരെ വിചിത്രമായൊരു കാര്യം ചിലപ്പോള്‍ മറ്റൊരാള്‍ക്ക് തീര്‍ത്തും സാധാരണമായിരിക്കും. കശ്മീരിലെ പട്ടാള സാന്നിധ്യം അതിനൊരു ഉദ്ദാഹരണമാണ്. കേരളത്തില്‍ നിന്ന് വരുന്ന ഒരാള്‍ക്ക് ഇവിടുത്തെ പട്ടാളസാന്നിധ്യം ഒരു പ്രത്യേകതയായി തോന്നാം. കാരണം, അപൂര്‍വം സന്ദര്‍ഭങ്ങളില്‍ മാത്രമേ തോക്കേന്തിയ പട്ടാളക്കാരെ കേരളത്തില്‍ കാണാറുള്ളു. കശ്മീരികള്‍ക്ക് ഈ കാഴ്ച അവരുടെ നിത്യ ജീവിതത്തിന്‍റെ ഭാഗമാണ്.

ബൈസരണ്‍ വാലി
ബൈസരണ്‍ വാലി

യാത്ര മുടങ്ങിയതിന്‍റെ വിഷമത്തില്‍ ഞങ്ങള്‍ തിരിച്ചു പോന്നു. തന്‍റെ കുറ്റം കൊണ്ടല്ല സവാരി മുടങ്ങിയത് എന്ന് ഡ്രൈവര്‍ക്ക് യൂണിയന്‍ ഭാരവാഹികളെ ബോധ്യപ്പെടുത്തണമായിരുന്നു. അങ്ങനെ ചെയ്തില്ലെങ്കില്‍ ഇനി അയാളുടെ ഊഴം വരാന്‍ ചിലപ്പോള്‍ നാളെ വരെ കാത്തിരിക്കേണ്ടി വരും. ഈ സംഭവം അവരോട് പറയുമ്പോള്‍ സാക്ഷികളായി യാത്രക്കാരായ ഞങ്ങളും വരണം എന്ന് ഡ്രൈവര്‍ ആവശ്യപ്പെട്ടു. സ്റ്റാന്‍ഡില്‍ ചെന്ന് കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയ ശേഷം, ഈ ഡ്രൈവര്‍ തന്നെ ഞങ്ങളെ താമസ സ്ഥലത്തു തിരിച്ചിറക്കി.

രാത്രിയായപ്പോള്‍ അത്താഴം വാങ്ങുന്നതിനായി ഞാന്‍ മാര്‍ക്കറ്റിലേക്കു നടന്നു. 'ദാനാ പാനി' എന്നൊരു വെജിറ്റേറിയന്‍ ഹോട്ടലിന്‍റെ മുന്‍പില്‍ നല്ല തിരക്കു കണ്ടു. അതിനുള്ളില്‍ കയറാന്‍ അവസരം കാത്തു ഹോട്ടലിന്‍റെ നടയിലും ഫൂട്ട്പാത്തിലും വരെ ആളുകള്‍ ഇരിക്കുന്നുണ്ടായിരുന്നു. സമ്പൂര്‍ണ വെജിറ്റേറിയന്‍ ഹോട്ടലുകള്‍ ഇവിടങ്ങളില്‍ അത്ര സാധാരണമല്ല. 'മുഗള്‍ ദര്‍ബാര്‍' എന്ന മറ്റൊരു കടയില്‍ പോയി ഞാന്‍ അത്താഴം വാങ്ങി. ശ്രീനഗറിലും പ്രശസ്തമായ മുഗള്‍ ദര്‍ബാര്‍ റസ്റ്ററന്റ് ഉണ്ട്. കശ്മീരി വാസ്വാന്‍ കഴിക്കാന്‍ ഏറ്റവും നല്ല സ്ഥലമെന്നു പലരും പറഞ്ഞു തന്നത് ആ കടയാണ്. ഭക്ഷണം വാങ്ങി തിരിച്ചു മുറിയിലേക്കു നടന്നപ്പോള്‍, ഇരുട്ട് വീണിരുന്നു. എനിക്ക് പോകേണ്ട വഴിയിലുടനീളം പട്ടികളുടെ സാന്നിധ്യം ഉണ്ടായിരുന്നു. ഇടയ്ക്കിടെ പോയിരുന്ന ചില വാഹനങ്ങളൊഴിച്ചാല്‍ വേറെ ആളുകളൊന്നും റോഡില്‍ ഉണ്ടായിരുന്നില്ല. കയ്യില്‍ ഭക്ഷണ സാധനങ്ങളുമായി രാത്രി പട്ടികള്‍ വിഹരിക്കുന്ന റോഡില്‍ കൂടി പോകുന്നതിന്‍റെ ആശങ്ക മനസ്സിലുണ്ടായിരുന്നു. എന്നെ കുറച്ചു നേരം സൂക്ഷിച്ചു നോക്കിയതല്ലാതെ മറ്റു ശല്യങ്ങളൊന്നും അവരുണ്ടാക്കിയില്ല.

ഹൈമവതഭൂവില്‍

ഈ കശ്മീര്‍ യാത്രയില്‍ ഏതെങ്കിലും പുസ്തകം കരുതണം എന്നെനിക്കുണ്ടായിരുന്നു. കയ്യിലുള്ള പുസ്തകശേഖരത്തിലൊക്കെ ഒന്ന് പരതി നോക്കിയെങ്കിലും ഈ യാത്രയ്ക്കു യോജിച്ചതൊന്നും കിട്ടിയില്ല. അപ്പോഴാണ് എം. പി. വീരേന്ദ്രകുമാറിന്‍റെ 'ഹൈമവതഭൂവില്‍' മനസ്സിലേക്കു വന്നത്. സ്കൂളില്‍ പഠിക്കുന്ന കാലത്തു ആദ്യമായി ആ പുസ്തകത്തെപ്പറ്റി കേട്ടത് മുതല്‍ അത് വായിക്കണം എന്ന അതിയായ ആഗ്രഹം മനസ്സില്‍ ഉണ്ടായിരുന്നുവെങ്കിലും ഇത് വരെ സാധിച്ചിരുന്നില്ല. ‘ഹൈമവതഭൂവില്‍' വായിക്കാന്‍ ഇതിലും നല്ലൊരു അവസരം ഇല്ല എന്നു മനസ്സ് പറഞ്ഞു. ഹിമാലയന്‍ യാത്രയെപ്പറ്റി എഴുതപ്പെട്ട ഒരു മഹത്തായ ഗ്രന്ഥം, ഹിമാലയത്തില്‍ ഇരുന്നു തന്നെ വായിക്കുവാന്‍ പറ്റുക അത്ര ചെറിയ കാര്യമല്ലല്ലോ. യാത്രക്കിടയിലെ വിശ്രമവേളകളില്‍ എല്ലാം ഞാന്‍ അത് വായിച്ചു. (തുടരും...)  

English Summary:

God's own country to Kashmir, the paradise on earth, and from the southern tip of India to the northern tip.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com