ബർലിനിൽ മലയാളി വിദ്യാർഥിയെ കൊലപ്പെടുത്തിയ കേസ്: പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി

Mail This Article
ബര്‍ലിന്‍∙ ബര്‍ലിൻ-റെയ്നിക്കെൻഡോർഫിലെ അപ്പാർട്ട്മെന്റിൽ മലയാളി വിദ്യാർഥിയെ കൊലപ്പെടുത്തിയ കേസിൽ ആഫ്രിക്കന്‍ വംശജനായ 29 വയസ്സുകാരന് ബര്‍ലിൻ ജില്ലാ കോടതി എട്ടര വർഷത്തെ തടവ് ശിക്ഷ വിധിച്ചു. എറിത്രിയക്കാനായ പ്രതി ഇരയെ കത്തി ഉപയോഗിച്ച് അതിക്രൂരമായി കുത്തിയെന്ന് കോടതിക്ക് ബോധ്യമായി. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു വിധി.
2024 ഒക്ടോബർ 1ന് രാത്രിയാണ് പ്രതിയും മാവേലിക്കര മറ്റം നോർത്ത്, തട്ടാരമ്പലം പൊന്നോല വീട്ടിൽ ആദം ജോസഫ് കാവുംമുകത്തും (30) കണ്ടുമുട്ടിയത്. ഇരുവർക്കും മുൻപരിചയമുണ്ടായിരുന്നില്ല. ഇരുവരും മദ്യപിക്കുകയും പിന്നീട് ഒരുമിച്ച് പുകവലിക്കുകയും ചെയ്തു. കോടതിയുടെ കണ്ടെത്തൽ അനുസരിച്ച്, ആദം ജോസഫ് പ്രതിയെ ബര്‍ലിൻ-റെയ്നിക്കെൻഡോർഫിലെ അപ്പാർട്ട്മെന്റിലേക്ക് അനുഗമിച്ചു. അവിടെ വച്ച് പ്രതി ആദമിനെ 14 തവണ കുത്തി കൊലപ്പെടുത്തി. പിന്നീട് പൊലീസിൽ കീഴടങ്ങിയ പ്രതി കുറ്റം സമ്മതിച്ചു.
കൃത്യത്തിനു ശേഷം, പ്രതി ആദം ജോസഫിനെ ഷവറിൽ കഴുകി വൃത്തിയാക്കുകയും, ഭിത്തികളിലെ രക്തം വെള്ള പെയിന്റ് ഉപയോഗിച്ച് മറയ്ക്കുകയും ചെയ്തു. ഇരയുടെ വസ്ത്രങ്ങൾ, മൊബൈൽ ഫോൺ, വാലറ്റ് എന്നിവയും പ്രതി നീക്കം ചെയ്തു. അടുത്ത ദിവസം രാത്രി ഒരു പരിചയക്കാരനോടൊപ്പം സമയം ചെലവഴിച്ച ശേഷം പ്രതി ഒരു അഭിഭാഷകനോടൊപ്പം പൊലീസിൽ കീഴടങ്ങുകയായിരുന്നു.
കൊലപാതകത്തിനുള്ള കാരണം കണ്ടെത്താൻ കോടതിക്ക് സാധിച്ചില്ല. എന്നാൽ, പ്രതി മദ്യപിക്കുമ്പോൾ അക്രമാസക്തനാകാറുണ്ടെന്ന് ജഡ്ജി സൂചിപ്പിച്ചു. കുറ്റം സമ്മതിച്ചെങ്കിലും, പ്രതി വ്യത്യസ്തവും വിരുദ്ധവുമായ മൊഴികളാണ് നൽകിയത്. ആദ്യം സ്വയരക്ഷയ്ക്കായാണ് പ്രവർത്തിച്ചതെന്നും പിന്നീട് ദേഷ്യം കാരണമാണ് കുത്തിയതെന്നും പ്രതി പറഞ്ഞു. ഒടുവിൽ, പരിഭ്രാന്തനായി സംസാരിച്ചുവെന്നും കോടതി നിരീക്ഷിച്ചു. പ്രതി പലതവണ നുണ പറഞ്ഞതായി കോടതിക്ക് ബോധ്യപ്പെട്ടു.
ആദം ബര്‍ലിന്‍ ആര്‍ഡേന്‍ യൂണിവേഴ്സിറ്റിയില്‍ സൈബര്‍ സെക്യൂരിറ്റിയില്‍ മാസ്റ്റേഴ്സ് വിദ്യാർഥിയായിരുന്നു. 2024 ഒക്ടോബർ ഒന്നു മുതൽ കാണാതായ ആദത്തിനെ രണ്ടു ദിവസത്തിന് ശേഷം കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ബിജുമോൻ എന്ന് വിളിക്കുന്ന ആദമിന്റെ മൃതദേഹം ആഫ്രിക്കൻ വംശജന്റെ അപ്പാർട്ട്മെന്റിലെ കുളിമുറിയിലാണ് കണ്ടെത്തിയത്.
പൊലീസിന്റെ സാന്നിധ്യത്തിൽ സുഹൃത്തുക്കളാണ് വലത് കൈയ്യിൽ പച്ചകുത്തിയ റോമൻ അക്ഷരങ്ങളിൽ ജനനത്തീയതി രേഖപ്പെടുത്തിയ ബിജുമോനെ തിരിച്ചറിഞ്ഞത്. പിന്നീട് നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ മരിച്ചത് ആദം ജോസഫ് ആണെന്ന് സ്ഥിരീകരിച്ചു.
ബര്‍ലിൻ, റെയ്നിക്കെൻഡോർഫിലായിരുന്നു ആദം താമസിച്ചിരുന്നത്. മാവേലിക്കര സ്വദേശിയായ ആദം ബഹ്‌റൈനിലാണ് ജനിച്ചത്. മാവേലിക്കര ഭദ്രാസനത്തിലെ പത്തിച്ചിറ സെന്റ് ജോൺസ് ഓർത്തഡോക്സ് വലിയപള്ളി ഇടവകാംഗമായിരുന്നു. യുവജനപ്രസ്ഥാനത്തിലെ സജീവ പ്രവർത്തകനും മദ്ബഹയിലെ ശുശ്രൂഷകനുമായിരുന്നു ആദം. ബര്‍ലിനിലെ ഇന്ത്യൻ എംബസിയുടെ സഹായത്തോടെ നടപടിക്രമങ്ങൾ പൂർത്തിയാക്കി ആദമിന്റെ ഭൗതിക ശരീരം സ്വദേശമായ പത്തിച്ചിറ ഇടവകയിൽ സംസ്കരിച്ചു.