ബികീനി മോഡൽ, പൈലറ്റ്, ശതകോടീശ്വരന്റെ കാമുകി; ലോകം ഉറ്റുനോക്കുന്ന ‘ആഡംബര പ്രണയകഥ’യിലെ നായിക!

Mail This Article
ലൊസാഞ്ചലസ്∙ കോടിക്കണക്കിനു ഡോളർ ചെലവഴിച്ചുള്ള വലിയ വിവാഹച്ചടങ്ങിനു സാക്ഷ്യം വഹിക്കാൻ പോകുകയാണു ലോകം. ആമസോൺ സ്ഥാപകനും ലോകത്തെ ഏറ്റവും വലിയ ധനികൻമാരിലൊരാളായ ശതകോടീശ്വരൻ ജെഫ് ബെസോസും കാമുകി ലോറൻ സാഞ്ചസുമായുള്ള വിവാഹം ഉടനടി നടക്കുമെന്നാണു സൂചന. ലോകത്തെ തന്നെ ഇളക്കിമറിച്ച പ്രണയബന്ധങ്ങളിലൊന്നായിരുന്നു ബെസോസും ലോറനുമായുള്ളത്. എമ്മി അവാർഡ് വരെ നേടിയ ലോറൻ യുഎസിലെ മികച്ച മാധ്യമപ്രവർത്തകയായിരുന്നു.
എൺപതുകളിൽ ന്യൂമെക്‌സിക്കോയിലെ അൽബുക്കർക്കിൽ നടന്ന മിസ് ഹവായിയൻ ട്രോപിക് ബ്യൂട്ടി കോണ്ടസ്റ്റിൽ ലോറൻ പങ്കെടുത്തിരുന്നു. ബികീനി കോണ്ടസ്റ്റ് എന്ന പേരിൽ പ്രശസ്തമാണു ഹവായിയൻ ട്രോപിക്. ഈ മത്സരത്തിൽ ലോറൻ വിജയിക്കുകയും ചെയ്തു. എന്നാൽ പിൽക്കാലത്തു മോഡലിങ്ങിലേക്കു തിരിയാതെ മാധ്യമപ്രവർത്തനം തൊഴിൽമേഖലയാക്കി മാറ്റുകയാണു ലോറൻ ചെയ്തത്.
ലൊസാഞ്ചലസിലെ ടിവി ചാനലിൽ ഡെസ്‌ക് അസിസ്റ്റന്റായിട്ടാണു ലോറൻ മാധ്യമജീവിതം തുടങ്ങിയത്. പിന്നീട് ഫോക്‌സ് സ്‌പോർട്‌സിലേക്കു ലോറൻ തട്ടകം മാറ്റിയതോടെയാണു ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. വാർത്താ അവതരണത്തിന് എമ്മി നാമനിർദേശം ലഭിച്ചു. പിന്നീട് എഫ്എസ്എൻ എന്ന സ്‌പോർട്‌സ് മാധ്യതത്തിലെ എന്റർടെയ്ൻമെന്റ് റിപ്പോർട്ടറായും ലോറൻ ശോഭിച്ചു.

1999ൽ കെസിഒപി എന്ന ടിവി ചാനലിൽ വാർത്താ അവതാരകയായ അവർക്ക് എമ്മി പുരസ്‌കാരം ലഭിച്ചു. 2005ൽ ഫോക്‌സ് ചാനലിന്റെ പ്രശസ്തമായ ഡാൻസ് പ്രോഗ്രാമിന്റെ ആങ്കറായി . 2016ൽ നാൽപതാം വയസ്സിലാണ് ചിരകാല അഭിലാഷമായ ഹെലികോപ്റ്റർ പൈലറ്റ് ലൈസൻസ് ലോറൻ കരസ്ഥമാക്കിയത്. ബ്ലാക്ക് ഓപ്‌സ് ഏവിയേഷൻ എന്ന കമ്പനി സ്ഥാപിച്ചു. ഈ മേഖലയിൽ വനിതയുടെ ഉടമസ്ഥതയിലുള്ള ആദ്യ സ്ഥാപനമായിരുന്നു ബ്ലാക്ക് ഓപ്‌സ് ഏവിയേഷൻ.
കുട്ടിക്കാലത്തു തന്നെ പഠനവൈകല്യമുള്ള ലോറൻ ആ പരിമിതി മറികടന്നാണു കരിയറിൽ വലിയ വിജയങ്ങൾ നേടിയത്. ബെസോസുമായി പരിചയപ്പെടുന്നതിനു മുൻപ് വിവാഹിതയും 3 കുട്ടികളുടെ മാതാവുമായിരുന്നു ലോറൻ. അവരുടെ ആദ്യ മകൻ പിറന്നത് സ്‌പോർട്‌സ് താരം നിക്കോ ഗോൺസാലസുമായുള്ള പ്രണയബന്ധത്തിലാണ്. പിന്നീട് 2005ൽ പാട്രിക് വൈറ്റ്‌ഷെൽ എന്ന ഹോളിവുഡ് ഏജന്റുമായി അവർ വിവാഹിതയായി. ഇതിൽ മകനും മകളും പിറന്നു.

ലോറനും ബെസോസും വിവാഹിതരായിരിക്കെയാണു പ്രണയം സംഭവിച്ചത്. 2018ൽ ആയിരുന്നു ഇത്. ഈ വിവാഹേതര പ്രണയത്തെക്കുറിച്ച് അമേരിക്കൻ മാധ്യമം പുറത്തുവിട്ട റിപ്പോർട്ട് വലിയ കോലാഹലങ്ങൾക്കിടയാക്കി. വൈറ്റ്‌ഷെല്ലും ലോറനും തുടർന്ന് വിവാഹമോചിതരായി. ബെസോസ് മക്കിൻസി സ്‌കോട്ടുമായി കാൽ നൂറ്റാണ്ടു നീണ്ട വിവാഹജീവിതത്തിനും അവസാനമിട്ടു. 2019 മുതൽ ലോറനും ബെസോസും ഒരുമിച്ചാണ്. 2023ൽ ഇരുവരും വിവാഹനിശ്ചയം നടത്തി. ഈ വിവാഹമാണ് ഇപ്പോൾ നടക്കാനിരിക്കുന്നത്.