16 കി.മീ പൈപ്പിലൂടെ ഇഴഞ്ഞ് 800 റഷ്യൻ കമാൻഡോകൾ, ഭയന്ന് യുക്രെയ്ൻ സേന; സെലെൻസ്കിയെ ഞെട്ടിച്ച് പുട്ടിൻ

Mail This Article
നാലാം വർഷത്തിലേക്കു കടന്ന റഷ്യ – യുക്രെയ്ൻ യുദ്ധത്തിൽ പ്രതീക്ഷ പകരുകയാണു പരിമിത വെടിനിർത്തൽ. ഒരു മാസം നീളുന്ന സമ്പൂർണ വെടിനിർത്തൽ എന്ന ആശയം റഷ്യ നിരാകരിച്ചെങ്കിലും സ്ഥിരം വെടിനിർത്തലിലേക്ക് വഴിതുറക്കുമെന്ന പ്രതീക്ഷയിലാണു ചർച്ചയ്ക്കു മധ്യസ്ഥ്യം വഹിക്കുന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസിന്റെ മധ്യസ്ഥതയിൽ സൗദി അറേബ്യയിൽ നടന്ന സമാധാന ചർച്ചകൾക്കു പിന്നാലെ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി ഒരു മാസം വെടിനിർത്തലിനു താൽപര്യമറിയിച്ചിരുന്നു. പിന്നാലെ യുഎസ് സംഘവുമായി റഷ്യയിൽ നടന്ന ചർച്ചയ്ക്കു ശേഷം വെടിനിർത്തലിന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനും അനുകൂല നിലപാട് അറിയിച്ചു. പുട്ടിൻ മുന്നോട്ടുവച്ച ചോദ്യങ്ങൾ സമാധാന ചർച്ചകളെ പ്രതിസന്ധിയിലാക്കിയിരുന്നു. പുട്ടിനുമായി മാർച്ച് 18ന് ട്രംപ് നടത്തിയ ടെലിഫോൺ ചർച്ചയ്ക്കു പിന്നാലെയാണു ഭാഗികമായ വെടിനിർത്തലിനു റഷ്യ തയാറായത്. ലോകരാജ്യങ്ങളെയെല്ലാം വരച്ചവരയിൽ നിർത്തിയ ട്രംപിനു പക്ഷേ പുട്ടിനോടു സംസാരിക്കാൻ ഒരു മണിക്കൂർ കാത്തിരിക്കേണ്ടി വന്നു. സമാധാന ചർച്ചകൾ പുരോഗമിക്കുമ്പോഴും റഷ്യയും യുക്രെയ്നും പരസ്പരം ഡ്രോൺ, മിസൈൽ ആക്രമണം ശക്തമാക്കുന്നതിനാണു ലോകം സാക്ഷ്യം വഹിക്കുന്നത്. സൈനിക സഹായങ്ങളെല്ലാം മരവിപ്പിച്ച് അമേരിക്ക സമ്മർദം ശക്തമാക്കിയതോടെയാണു സെലെൻസ്കി വെടിനിർത്തലിനു സന്നദ്ധമായത്. ഇതോടെ, മരവിപ്പിച്ച സൈനിക സഹായം യുഎസ് പുനഃസ്ഥാപിച്ചു. എന്നാൽ സമാധാന ചർച്ചകളിൽ തുറുപ്പുചീട്ടാക്കാമെന്നു യുക്രെയ്ൻ കരുതിയ കുർസ്ക് അധിനിവേശം റഷ്യൻ സൈന്യത്തിന്റെ അപ്രതീക്ഷിത നീക്കത്തോടെ ദയനീയമായി പരാജയപ്പെട്ടു. ഇതോടെ സമാധാന ചർച്ചകളിൽ തീർത്തും പ്രതിരോധത്തിലാണു യുക്രെയ്ൻ. യുദ്ധക്കളത്തിൽ വൻ മുന്നേറ്റം തുടരുന്ന റഷ്യ, വെടിനിർത്തലിനു മുന്നോട്ടു വയ്ക്കുന്ന ആവശ്യങ്ങളിൽ പലതും യുക്രെയ്നോ യൂറോപ്പിനോ അംഗീകരിക്കാൻ സാധിക്കില്ലെന്നാണു പൊതുവേ വിലയിരുത്തപ്പെടുന്നത്. റഷ്യയോടുള്ള അമേരിക്കയുടെ പെട്ടെന്നുള്ള നയം മാറ്റം യുക്രെയ്നിനെ മാത്രമല്ല, യൂറോപ്പിനെ ആകെ പ്രതിസന്ധിയിലേക്കു നയിക്കുകയാണ്. യുക്രെയ്നിലെ യുദ്ധക്കളത്തിലും പുറത്തും എന്താണു സംഭവിക്കുന്നത്?