ലളിതമായ കേരളീയഭംഗി: ധാരാളം മലയാളികൾ ഇഷ്ടപ്പെടുന്ന വീട്

Mail This Article
കേരളീയ ഗ്രാമീണ ശൈലിയിലുള്ള വീട് എന്നതായിരുന്നു പ്രവാസിയായ ലിജോയുടെയും ഭാര്യ ലിസയുടെയും സ്വപ്നം. ആഡംബര രീതികള്‍ക്ക് പ്രാധാന്യം നല്‍കാതെ കേരളത്തിന്റെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ രീതിയിലാണ് ഇരിങ്ങാലക്കുടയിലുള്ള ഈ വീട് രൂപകല്‍പന ചെയ്തത്.
പരിപാലന സൗകര്യത്തിനു മുന്‍തൂക്കം നല്‍കിക്കൊണ്ട് ലാളിത്യം നിറഞ്ഞ ശൈലിയില്‍ പ്ലാനും എലിവേഷനും തയാറാക്കി. കുടുംബങ്ങള്‍ തമ്മിലുള്ള ആശയവിനിമയം മുന്നില്‍ കണ്ടുകൊണ്ടാണ് ഒരുനില മതിയെന്ന് തീരുമാനിച്ചത്. എന്നാല്‍ ഇരട്ട മേല്‍ക്കൂരകള്‍ കൊടുത്ത് പുറംകാഴ്ച ഭംഗിയാക്കി.

വെളുപ്പിനോടൊപ്പം ടെറാക്കോട്ട ഓടും, കരിങ്കല്‍ ടെക്സ്ചറുകളും ചേര്‍ത്താണ് പുറംകാഴ്ച അടയാളപ്പെടുത്തിയത്. നീളന്‍ വരാന്തയുടെ ഇരുവശവും അനുരൂപമായി മുറികള്‍ വരുന്ന രീതിയില്‍ എലിവേഷന്‍ ക്രമീകരിച്ചു. ഈ വരാന്ത വാര്‍ക്കാതെ നാടന്‍ ഓടിന്റെ ചാരുത കാണത്തക്ക രീതിയില്‍ ക്രമീകരിച്ചു. ആര്‍ച്ച് രീതിയില്‍ ഉള്ള പ്രധാന വാതിലിനു ചുറ്റും കരിങ്കല്‍ ഗ്ലാഡിങ് നല്‍കി മനോഹരമാക്കി.
സിറ്റൗട്ട്, ഫോര്‍മല്‍ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കോര്‍ട്ട് യാര്‍ഡ്, കിച്ചന്‍ യൂട്ടിലിറ്റി ഏരിയ, നാലു കിടപ്പുമുറികള്‍, ടോയ്‌ലറ്റ് എന്നിവയാണ് 2250 ചതുരശ്രഅടിയില്‍ ഉള്‍ക്കൊള്ളിച്ചത്.

സെമി ഓപ്പണ്‍ രീതിയില്‍ അകത്തളങ്ങള്‍ ഒരുക്കി. ഡൈനിങ്, ടിവി ഏരിയ, അകത്തെ കോര്‍ട്ട് യാര്‍ഡ്, പ്രെയർ സ്‌പേസ് എന്നിവ ഒരു ഹാളിന്റെ വിവിധ ഭാഗങ്ങളില്‍ വരുന്ന രീതിയില്‍ ക്രമീകരിച്ചു. ഈ ഭാഗങ്ങളെ ഭിത്തികളാല്‍ അല്ലാതെ ഫര്‍ണിച്ചറും പാര്‍ട്ടിഷനും ഉപയോഗിച്ച് വേര്‍തിരിച്ചതിനാല്‍ വിശാലത തോന്നുന്നു.

മരത്തിലും പോളിഷ് ഇരുമ്പ് കമ്പികളിലും തീര്‍ത്ത പാര്‍ട്ടീഷനും അതിലൂടെ കാണുന്ന സ്‌കൈലൈറ്റ് കോര്‍ട്ട് യാര്‍ഡുമാണ് മറ്റൊരു ആകര്‍ഷണം. ഒരു ബെഡ്റൂമില്‍ നിന്നും കോര്‍ട്ട്യാര്‍ഡിലേക്ക് തുറക്കുന്ന ലൂവർ ജനലും അതിനോട് ചേര്‍ന്ന് ഇരിപ്പിടവും അകത്തളത്തിന് മിഴിവേകുന്നു.

ഡൈനിങ് ഏരിയയില്‍ നിന്നുള്ള മരത്തില്‍ തീര്‍ത്ത സ്ലൈഡിങ് വാതില്‍ കോര്‍ട്ട്യാര്‍ഡിലേക്ക് തുറക്കുന്നു. അവിടം പുല്‍ത്തകിടി നല്‍കി മനോഹരമാക്കി.

സ്വാഭാവികമായ വെളിച്ചത്തിനും വായുസഞ്ചാരത്തിനും പ്രാധാന്യമേകിയാണ് നാല് കിടപ്പുമുറികളും ചിട്ടപ്പെടുത്തിയത്. അതിനോട് ചേര്‍ന്ന് വാഡ്രോബ്, അറ്റാച്ഡ് ബാത്റൂം സൗകര്യവും ഒരുക്കി. മറൈന്‍ പ്ലൈവുഡ്, മരം എന്നിവയിലാണ് കിച്ചന്‍ ക്യാബിനറ്റുകളും വാഡ്രോബുകളും ഒരുക്കിയത്.

കാറ്റും വെളിച്ചവും സമൃദ്ധമായി ഉള്ളിൽ നിറയുന്നതിനാൽ സദാ പ്രസന്നമായ അന്തരീക്ഷം നിലനിൽക്കുന്നു. നിരവധിയാളുകളാണ് ഇപ്പോൾ വീട് കാണാനായി ഇവിടെയെത്തുന്നത്.
Project facts
Location- Irinjalakuda
Plot- 15 Cent
Area-2250 sq.ft
Owner -Lijo & Lisa
Architect- Joseph Joseph Chalissey
Dream Infinite, Irinjalakuda
Mob : 9496863713
Y.C : 2024