തീരുവ യുദ്ധത്തിൽ യുഎസിന്റെ പുതിയ ‘ട്രംപ് കാർഡ്’ ഇന്ത്യയെ ബാധിക്കുമോ? തിരിച്ചടിയെന്ന് മസ്ക്

Mail This Article
വാഷിങ്ടൻ∙ ലോകമാകെ വാഹന നിർമാണ വ്യവസായമേഖലയിൽ ആശങ്ക പരത്തി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പുതിയ തീരുവ പ്രഖ്യാപനം. യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന കാറുകൾക്കും അനുബന്ധ ഘടകങ്ങൾക്കും 25 ശതമാനം തീരുവ ചുമത്താനാണ് തീരുമാനം. വാഹനങ്ങളുടെ ഇറക്കുമതിക്കുള്ള തീരുവ ഏപ്രിൽ 2ന് പ്രാബല്യത്തിൽ വരും. വാഹന ഘടക ഇറക്കുമതിക്ക് മേയ് മുതലാകും ബാധകമാകുക. ആഗോള കാർ വ്യവസായത്തിനും, വിതരണ ശൃംഖലയ്ക്കും ഈ തീരുമാനം വലിയ പ്രത്യാഘാതമുണ്ടാക്കിയേക്കും.
യുഎസിലെ വാഹന വ്യവസായത്തിന് പുതിയ തീരുമാനം ഊർജമേകുമെന്നും തൊഴിലും നിക്ഷേപവും വർധിക്കുമെന്നും ട്രംപ് അവകാശപ്പെട്ടു. രാജ്യത്ത് ഫാക്ടറി തുടങ്ങിയാൽ തീരുവ ഒഴിവാക്കിത്തരാമെന്നാണ് വാഗ്ദാനം.
അതേസമയം, യുഎസിലെ വാഹന ഉൽപാദന രംഗത്ത് വലിയ തിരിച്ചടികൾക്ക് ഇതു കാരണമാകുമെന്ന് നിരീക്ഷകർ വിലയിരുത്തുന്നു. ഇറക്കുമതി ചെയ്യുന്ന സ്പെയർ പാർട്സുകളുടെ തീരുവ കൂടുന്നതോടെ യുഎസിലെ കാർ ഉൽപാദനവും ചെലവേറിയതാകും. ഇത് കാർ വിപണിയിൽ വിലക്കയറ്റത്തിന് ഇടയാക്കുമെന്നാണ് കരുതുന്നത്. കാനഡ, മെക്സിക്കോ എന്നിവിടങ്ങളിൽനിന്നുള്ള സ്പെയർ പാർട്സിന് തീരുവ ഉയർത്തിയാൽ തന്നെ യുഎസിൽ 4000 മുതൽ 10000 ഡോളർ വരെ കാറുകൾക്ക് വില കൂടിയേക്കാം.
കഴിഞ്ഞ വർഷം 80 ലക്ഷം കാറുകളാണ് യുഎസ് ഇറക്കുമതി ചെയ്തത്. 24000 കോടി ഡോളറിന്റെ വ്യാപാരം. രാജ്യത്ത് നടക്കുന്ന ആകെ കാർ കച്ചവടത്തിന്റെ പകുതി വരുമിത്. 2024ൽ 47400 കോടി ഡോളറിന്റെ വാഹന ഉൽപന്നങ്ങളും യുഎസ് ഇറക്കുമതി ചെയ്തു.
മെക്സിക്കോയിൽനിന്നാണ് കൂടുതൽ കാറുകൾ യുഎസിലെത്തുന്നത്. ദക്ഷിണ കൊറിയ, ജപ്പാൻ, കാനഡ, ജർമനി എന്നിവയാണ് യുഎസിലെ മറ്റു പ്രധാന കാർ ഇറക്കുമതിക്കാർ. സ്വതന്ത്ര വ്യാപാര കരാറിന്റെ അടിസ്ഥാനത്തിൽ പല യുഎസ് കാർ കമ്പനികൾക്കും മെക്സിക്കോയിലും കാനഡയിലും പ്ലാന്റുകളുമുണ്ട്.
തിരിച്ചടിയാകുമെന്ന് ഇലോൺ മസ്ക്
ട്രംപിന്റെ തീരുമാനം വന്നതിനു പിന്നാലെ ലോകമാകെ ഓഹരിവിപണികളിൽ വാഹന കമ്പനികളുടെ ഓഹരിവിലകൾ ഇടിഞ്ഞു. യുഎസിൽ ജനറൽ മോട്ടോഴ്സ്, സ്റ്റെല്ലാന്റിസ് തുടങ്ങിയ കാർ കമ്പനികളുടെ ഓഹരിവിലയിലും ഇടിവു രേഖപ്പെടുത്തി. ടെസ്‌ലയ്ക്കും തീരുമാനം തിരിച്ചടിയാകുമെന്ന് ഇലോൺ മസ്കും പ്രതികരിച്ചു. സാധ്യമായ എല്ലാ ചർച്ചകൾക്കും തയാറാണെന്ന് ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ കാർ കയറ്റുമതിക്കാരായ ജപ്പാൻ അറിയിച്ചിട്ടുണ്ട്. ട്രംപിന്റെ തീരുമാനത്തെ ‘നേരിട്ടുള്ള ആക്രമണ’മെന്നാണ് കാനഡ വിശേഷിപ്പിച്ചത്.
ഇന്ത്യയെയും ബാധിക്കും
ഇന്ത്യയിലെ വാഹനനിർമാതാക്കളെ ട്രംപിന്റെ തീരുമാനം കാര്യമായി ബാധിക്കില്ലെങ്കിലും, പാർട്സ് അനുബന്ധ വ്യവസായത്തിന് തിരിച്ചടിയായേക്കും എന്നു വിലയിരുത്തൽ. ഇന്ത്യയിൽ പൂർണമായും നിർമിക്കുന്ന കാറുകൾ നേരിട്ട് യുഎസിലേക്ക് കയറ്റുമതി ചെയ്യുന്നത് വളരെ കുറവാണ്. എന്നാൽ 679 കോടി ഡോളറിന്റെ വാഹന ഘടകങ്ങളാണ് കഴിഞ്ഞ സാമ്പത്തിക വർഷം ഇന്ത്യൻ കമ്പനികൾ യുഎസിലേക്ക് കയറ്റി അയച്ചത്.

എൻജിൻ ഘടകങ്ങൾ, എൻജിനുകൾ, ട്രാൻസ്മിഷൻ സിസ്റ്റം എന്നിവയാണ് പ്രധാന കയറ്റുമതി. ഇവയ്ക്ക് ഇതുവരെ പൂജ്യമായിരുന്നു തീരുവ. സംവർധന മദേഴ്സൻ, ഭാരത് ഫോർജ്, സൻസേര എൻജിനീയറിങ്, സുപ്രജിത് എൻജിനീയറിങ്, ബാലകൃഷ്ണ ഇൻഡസ്ട്രീസ് എന്നിവയാണ് ഇന്ത്യയിലെ പ്രധാന വാഹനഘടക കയറ്റുമതിക്കാർ. യുഎസിൽനിന്നുള്ള ഇന്ത്യയുടെ സ്പെയർ പാർട്സ് ഇറക്കുമതി 140 കോടി ഡോളറിന്റെ മാത്രമാണ്. 15 ശതമാനമാണ് ഇവിടെ തീരുവ. അമേരിക്കയിൽ ഏറ്റവും അധികം വിറ്റഴിയുന്ന കാർ കമ്പനികളിലൊന്നാണ് യുകെ ആസ്ഥാനമായ ജാഗ്വർ ലാൻഡ് റോവർ. ഇന്ത്യയിലെ ടാറ്റാ മോട്ടോഴ്സിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ കമ്പനി.
ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business