64 വർഷം മുൻപ് സംഭവ ബഹുലമായ ഒളിച്ചോട്ടം: ദമ്പതികൾ ആഗ്രഹിച്ചതുപോലെ വിവാഹം നടത്തി മക്കളും പേരക്കുട്ടികളും

Mail This Article
64 വർഷം മുമ്പ് ഒളിച്ചോടിയ ദമ്പതികൾ ആറു പതിറ്റാണ്ടിനു ശേഷം തങ്ങളുടെ സ്വപ്നവിവാഹം സാക്ഷാത്കരിച്ചപ്പോൾ അതിന് സാക്ഷിയായി മക്കളും കൊച്ചുമക്കളും ഉണ്ടായിരുന്നു. ഗുജറാത്തിലെ അഹമ്മദാബാദിലാണ് സിനിമാക്കഥയെ വെല്ലുന്ന രംഗങ്ങൾ അരങ്ങേറിയത്. 1961 ലാണ് ബാല്യകാല സുഹൃത്തുക്കളായ ഹർഷദും മൃദുവും ഒളിച്ചോടിയത്. രണ്ടു മതവിഭാഗങ്ങളിൽ പെട്ടവരായതുകൊണ്ട് കുടുംബങ്ങൾ അവരുടെ പ്രണയത്തെ എതിർത്തു. അന്നത്തെ സാമൂഹികാവസ്ഥകളെ കാറ്റിൽ പറത്തി കൊണ്ടാണ് ഇരുവരും പ്രണയിച്ചതും ഒന്നിച്ചു ജീവിക്കാനായി ഒളിച്ചോടിയതും.
സ്കൂളിൽ വച്ചാണ് ആദ്യമായി ഇരുവരും കണ്ടുമുട്ടിയത്. ഫോണില്ലാത്ത ആ കാലത്ത് കത്തുകളിലൂടെയാണ് ഇരുവരും പ്രണയം പറഞ്ഞതും പരസ്പരം മനസ്സിലാക്കിയതും. ഹർഷദിനെ സ്നേഹിക്കുന്നുണ്ടെന്നും അദ്ദേഹത്തെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്നും മൃദു വീട്ടുകാരോട് തുറന്നു പറഞ്ഞു. പക്ഷേ, മറ്റൊരു മതവിഭാഗത്തിൽപ്പെട്ട ഹർഷദിനെ മൃദുവിനെ കൊണ്ട് വിവാഹം ചെയ്യിക്കാൻ അവളുടെ വീട്ടുകാർ ഒരുക്കമല്ലായിരുന്നു.
ഇഷ്ടപ്പെട്ട ആളെ വിവാഹം ചെയ്യാൻ വീട്ടുകാർ ഒരിക്കലും അനുവദിക്കുകയില്ല എന്ന് മനസ്സിലാക്കിയ മൃദു സുഹൃത്തിന്റെ പക്കൽ ഒരു കത്ത് വീട്ടുകാർക്കു കൊടുത്തയച്ച ശേഷം ഹർഷദിനൊപ്പം നാടുവിട്ടു. ‘ഞാൻ വീട്ടിലേക്ക് തിരിച്ചുവരികയില്ല’ എന്നായിരുന്നു ആ കത്തിൽ ഉണ്ടായിരുന്നത്. വളരെ ലളിതമായ ഒരു ചടങ്ങിലൂടെ വിവാഹിതരായ അവർ ആഗ്രഹിച്ച ജീവിതത്തിലേക്ക് കടന്നു.
വീട്ടുകാരുടെയും സമൂഹത്തിന്റെയും പിന്തുണയില്ലാതെ വളരെ ലളിതമായാണ് അവർ ജീവിതം തുടങ്ങിയത്. യാതൊരു ആഘോഷങ്ങളും ഇല്ലാത്ത ആ വിവാഹ ചടങ്ങിൽ മൃദുവണിഞ്ഞത് പത്തു രൂപയുടെ സാരി ആയിരുന്നു. 64 വർഷത്തിനുശേഷം അവരുടെ പ്രണയ ജീവിതത്തിന് മറ്റൊരു മാനം നൽകാൻ കുടുംബം ആഗ്രഹിച്ചു. ഹർഷദും മൃദുവും മനസ്സിൽ ആഗ്രഹിച്ചതുപോലെയുള്ള ഒരു വിവാഹം അവർ വീണ്ടും നടത്തി.
64 വർഷത്തിൽ ആദ്യമായി അവർ ഇരുവരും പിരിഞ്ഞിരുന്നത് വിവാഹാഘോഷത്തിനുള്ള തയാറെടുപ്പിനു വേണ്ടി മാത്രമാണ്. ഡിസൈനർ കാങ്കൂ താപ്പയുടെ സഹായത്തോടെയാണ് കുടുംബാംഗങ്ങൾ മനോഹരമായ വിവാഹ ആചാരങ്ങൾ ആസൂത്രണം ചെയ്തതും നടപ്പിലാക്കിയതും. വ്യത്യസ്തമായ ഈ വിവാഹത്തെക്കുറിച്ചുള്ള വിശേഷങ്ങളും ചിത്രങ്ങളും ഡിസൈനർ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചതോടെ ഹർഷദ് മുത്തച്ഛന്റെയും മൃദു മുത്തശ്ശിയുടെയും പ്രണയകഥ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിക്കൊണ്ടിരിക്കുകയാണ്.