ഒപ്പം താമസിച്ചിരുന്നവർ തെരുവിൽ ഉപേക്ഷിച്ചു; കാലാവധി കഴിഞ്ഞ ഇഖാമയും ഇൻഷറുൻസില്ലാത്തതും വിനയായി, ഒടുവിൽ ഇന്ത്യക്കാരൻ നാടണഞ്ഞു

Mail This Article
റിയാദ്∙ മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട പ്രവാസജീവിതത്തിനു വിരാമമിട്ട് മുംബൈ സ്വദേശി റോഷൻ അലി റംസാൻ (71) നാട്ടിലേക്ക് മടങ്ങി. രോഗവും വാർധക്യവും തളർത്തിയ അദ്ദേഹത്തെ സാമൂഹിക പ്രവർത്തകരാണ് നാട്ടിലെത്തിച്ചത്. 1994ൽ കുടുംബം പോറ്റാനായി സാധാരണ തൊഴിലാളി വീസയിൽ റിയാദിലെത്തിയ റോഷൻ, ലഭിച്ചിരുന്ന തുച്ഛമായ വരുമാനം വീട്ടിലേക്ക് അയച്ചുകൊടുത്തു. കൂടുതൽ വരുമാനം നേടുന്നതിനായി റിയാദിലെ വിവിധയിടങ്ങളിൽ ക്ലീനിങ് ജോലികളും മറ്റു ചെറിയ ജോലികളും ചെയ്തു.
ആദ്യകാലങ്ങളിൽ നാട്ടിൽ പോകാൻ ആഗ്രഹിച്ചിരുന്നെങ്കിലും സാമ്പത്തിക ബുദ്ധിമുട്ട് അതിന് തടസ്സമായി. റമസാനും പെരുന്നാളുമെല്ലാം പലതവണ കടന്നുപോയെങ്കിലും 31 വർഷം അദ്ദേഹത്തിന് അവധിക്കായി നാട്ടിൽ പോകാൻ കഴിഞ്ഞില്ല. നാല് വർഷം മുൻപ് തൊഴിലുടമ മരിച്ചതോടെ റോഷൻ അനാഥനായി. ഇഖാമയും മറ്റ് രേഖകളും പുതുക്കാൻ ആളില്ലാതായതോടെ ദുരിതത്തിലായി. പ്രായം കൂടിയതോടെ രോഗങ്ങൾ പിടിപെട്ടു. ഭക്ഷണവും മരുന്നും കൃത്യമായി ലഭിക്കാതെ വന്നതോടെ അദ്ദേഹം അവശനായി കിടപ്പിലായി.
രണ്ടു മാസം മുൻപ് ഒപ്പം താമസിച്ചിരുന്ന ബംഗ്ലാദേശ് സ്വദേശികൾ അദ്ദേഹത്തെ തെരുവിൽ ഉപേക്ഷിച്ചു. സമീപത്തുള്ളവർ തെലുങ്കാന അസോസിയേഷൻ സാമൂഹിക പ്രവർത്തകരെ വിവരം അറിയിച്ചു. തുടർന്ന് റെഡ്ക്രസന്റ് അദ്ദേഹത്തെ ഏറ്റെടുത്ത് കൊണ്ടുപോയെങ്കിലും വിവരങ്ങളൊന്നും ലഭ്യമല്ലായിരുന്നു. ഒരു മാസത്തിനു ശേഷം മലയാളി ജീവകാരുണ്യ പ്രവർത്തകൻ സിദ്ദീഖ് തുവൂരിന് പൊലീസിൽ നിന്ന് വിവരം ലഭിച്ചു. സിദ്ദീഖ് തുവൂർ പൊലീസ് സ്റ്റേഷനിലെത്തി അവശനിലയിലായിരുന്ന റോഷനെ ഏറ്റെടുത്ത് കൊണ്ടുപോയി.
രേഖകളില്ലാത്തതിനാൽ ആശുപത്രി അധികൃതർ പൊലീസിനെ അറിയിച്ചതിനെ തുടർന്ന് റോഷനെ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. റോഷന്റെ വിവരങ്ങൾ തിരിച്ചറിയാൻ പൊലീസ് സിദ്ദീഖ് തുവൂരിന്റെ സഹായം തേടി. നാടുകടത്തൽ കേന്ദ്രത്തിൽ അധികൃതരുടെ സഹായത്തോടെ നടത്തിയ ഫിംഗർപ്രിന്റ് പരിശോധനയിൽ ഇദ്ദേഹത്തിന്റെ ഇഖാമ കാലാവധി കഴിഞ്ഞതാണെന്ന് കണ്ടെത്തി. ആരോഗ്യ ഇൻഷുറൻസ് ഇല്ലാതിരുന്നതിനാൽ ചികിത്സ വൈകി.
തുടർന്ന് നാട്ടിലേക്ക് അയക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതുവരെ സിദ്ദീഖ് തുവൂർ തെലുങ്കാനയിലെയും മലയാളിയിലെയും ജീവകാരുണ്യ പ്രവർത്തകരുടെ സഹായത്തോടെ ഹോട്ടലിൽ താൽക്കാലിക താമസസൗകര്യം ഒരുക്കി. റോഷന്റെ അവസ്ഥ മനസ്സിലാക്കിയ ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർ സൗജന്യ ചികിത്സ നൽകി. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതോടെ നാട്ടിലേക്ക് പോകാനുള്ള രേഖകൾ തയ്യാറാക്കി. റോഷന്റെ ദയനീയ അവസ്ഥ മനസ്സിലാക്കിയ നാടുകടത്തൽ അധികാരികൾ എക്സിറ്റ് അനുവദിച്ചു.
ജീവകാരുണ്യ പ്രവർത്തകൻ സിദ്ദീഖ് തുവൂർ, തെലുങ്കാന സാമൂഹിക പ്രവർത്തകരായ റിസ്വാൻ, അൻവർ എന്നിവർ ചേർന്ന് വീൽചെയർ സൗകര്യത്തോടുകൂടിയ വിമാന ടിക്കറ്റ് നൽകി. 31 വർഷത്തിനു ശേഷം നാട്ടിലെത്താൻ സഹായിച്ച എല്ലാവർക്കും നന്ദി പറഞ്ഞ് റോഷൻ അലി റംസാൻ സൗദിയിലെ പെരുന്നാൾ ദിനത്തിൽ റിയാദിൽ നിന്നും സൗദി എയർലൈൻസിൽ മുംബൈയിലേക്ക് യാത്ര തിരിച്ചു. ഇന്ത്യയിലെ പെരുന്നാൾ ദിനത്തിൽ മുംബൈ വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ ബന്ധുക്കൾ കൂട്ടിക്കൊണ്ടുപോയി.