യുഎസിൽ വിമാനം വീടിനു മുകളിൽ തകർന്ന് വീണു; ഒരു മരണം

Mail This Article
മിനസോഡ∙ അയോവയിൽ നിന്ന് മിനസോഡയിലേക്ക് പോവുകയായിരുന്ന ചെറുവിമാനം മിനിയാപൊളിസിലെ പ്രാന്തപ്രദേശത്ത് ഒരു വീടിനു മുകളിൽ തകർന്ന് വീണ് ഒരു മരണം. വിമാനം മുകളിൽ പതിച്ചതിനെ തുടർന്ന് വീടിന് തീപിടിച്ച് പൂർണ്ണമായും കത്തിനശിച്ചു.
ഒറ്റ എൻജിനുള്ള SOCATA TBM7 വിമാനത്തിൽ യുഎസ് ബാങ്ക് എക്സിക്യൂട്ടീവായ ടെറി ഡോളൻ മരിച്ചു. വിമാനത്തിൽ അദ്ദേഹം മാത്രമായിരുന്നു ഉണ്ടായിരുന്നതെന്ന് രാജ്യാന്തര മാധ്യമങ്ങൾ ചെയ്തു. വിമാനം ഡോളന്റെ പേരിലാണ് റജിസ്റ്റർ ചെയ്തിരിക്കുന്നതെന്നാണ് സൂചന. ഡോളൻ മരിച്ചെങ്കിലും വിമാനം ഇടിച്ചിറങ്ങിയ വീട്ടിലുണ്ടായിരുന്ന ഒരാൾ സുരക്ഷിതമായി രക്ഷപ്പെട്ടു.
63 വയസ്സുള്ള ഡോളൻ 2023ൽ യുഎസ് ബാങ്കിന്റെ വൈസ് ചെയറും ചീഫ് അഡ്മിനിസ്ട്രേഷൻ ഓഫിസറുമായിരുന്നു. 1998 ൽ കമ്പനിയിൽ ചേർന്ന അദ്ദേഹം 26 വർഷത്തിലേറെ അവിടെ ജോലി ചെയ്തു. ചീഫ് ഫിനാൻഷ്യൽ ഓഫിസർ തുടങ്ങി വിവിധ സ്ഥാനങ്ങൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. യുഎസ് ബാങ്കിന്റെ വെൽത്ത് മാനേജ്‌മെന്റ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് സർവീസസ് ഡിവിഷനെയും അദ്ദേഹം നയിച്ചിട്ടുണ്ട്.
സമൂഹമാധ്യമത്തിൽ പ്രചരിക്കുന്ന അപകടത്തിന്റെ വിഡിയോകളിൽ വിമാനം ആകാശത്ത് നിന്ന് താഴേക്ക് പതിക്കുന്നതും പിന്നീട് ഒരു റസിഡൻഷ്യൽ ഏരിയയിൽ തകർന്നുവീഴുന്നതും കാണാം. മറ്റ് ദൃശ്യങ്ങളിൽ വിമാനം ഇടിച്ചിറങ്ങിയ വീട് അഗ്നിക്കിരയായതും പ്രാദേശിക അഗ്നിശമന സേനാംഗങ്ങൾ തീ അണയ്ക്കാൻ ശ്രമിക്കുന്നതും ദൃശ്യമാണ്.