വെളിച്ചം നിറയ്ക്കാം ഒപ്പം ഭംഗിയും കൂട്ടാം: വീട്ടിലെ ലൈറ്റിങ് മെച്ചപ്പെടുത്താനുള്ള വഴികൾ

Mail This Article
രാത്രികാലങ്ങളിൽ വീടിനുള്ളിൽ വെളിച്ചം നിറയ്ക്കുക എന്ന ഉദ്ദേശ്യത്തോടെ ട്യൂബ് ലൈറ്റുകളും ബൾബുകളും ഉപയോഗിച്ചിരുന്ന കാലം കഴിഞ്ഞു. ഇന്ന് ഇന്റീരിയർ ഡിസൈനിങ്ങിലെ പ്രധാനപ്പെട്ട ഒരു ഘടകമാണ് ലൈറ്റിങ്. ശരിയായ ലൈറ്റിങ് കൊണ്ട് വീടിന്റെ ആകെയുള്ള ലുക്ക് തന്നെ മാറ്റാനും ഓരോ മുറിക്കും ആവശ്യാനുസരണം ഏറ്റവും അനുയോജ്യമായ ലൈറ്റുകൾ തിരഞ്ഞെടുക്കാനുമുള്ള അവസരം ഇപ്പോഴുണ്ട്. ഇന്റീരിയർ ഡിസൈനിങ് അൽപം മോശമായാൽ പോലും മികച്ച ലൈറ്റിങ് കൊണ്ട് ആ പോരായ്മകൾ പരിഹരിച്ച് അകത്തളം മനോഹരമാക്കാം. ഓരോ മുറിക്കും ഏറ്റവും അനുയോജ്യമായ രീതിയിൽ ലൈറ്റിങ് നൽകേണ്ടത് എങ്ങനെയെന്ന് നോക്കാം.
ലിവിങ് / ഫാമിലി റൂമുകൾ
വ്യത്യസ്ത തരത്തിലുള്ള ലൈറ്റിങ് ഫിക്സ്ചറുകൾ ഉൾപ്പെടുത്തി മുറി ഒരുക്കുന്ന ലെയേർഡ് ലൈറ്റിങ്ങാണ് ലിവിങ് റൂമുകൾക്കും ഫാമിലി റൂമുകൾക്കും അനുയോജ്യം. കുടുംബാംഗങ്ങളും അതിഥികളും ഒത്തുകൂടുന്നതും ടിവി കാണുന്നതുമടക്കം ദീർഘനേരം സമയം പങ്കിടുന്ന സ്ഥലമായതിനാൽ സീലിങ് ലാമ്പുകൾ പോലെ പ്രധാനമായും വെളിച്ചം നൽകുന്ന ആമ്പിയന്റ് ലൈറ്റിങ്ങുകൾ തീർച്ചയായും ഉണ്ടാവണം. ഇതിനൊപ്പം തന്നെ ഫ്ലോർ ലാമ്പ്, ടേബിൾ ലാമ്പ് പോലെയുള്ള ടാസ്ക് ലൈറ്റുകളും ലിവിങ് റൂമിൽ ഉൾപ്പെടുത്താം.
വാൾ ലൈറ്റുകൾ, എൽഇഡി സ്ട്രിപ്പുകൾ പോലെയുള്ളവ അലങ്കാരവസ്തുക്കളുടെ ഭംഗി എടുത്തു കാണിക്കാനായി ഉൾപ്പെടുത്താവുന്നതാണ്. ആവശ്യാനുസരണം വ്യത്യസ്ത ലൈറ്റുകൾ ഉപയോഗിക്കാം എന്നതിന് പുറമേ ലിവിങ് റൂമിന്റെ ഭംഗി ഇരട്ടിയാക്കി തോന്നിക്കാനും ഇത് സഹായിക്കും.
അടുക്കള

ഏതെങ്കിലും ഒരു ഭാഗത്തു നിന്ന് വെളിച്ചം ലഭിക്കുക എന്നതിനപ്പുറം പാചകം ചെയ്യുന്ന സ്ഥലത്തും വൃത്തിയാക്കുന്ന സ്ഥലത്തുമെല്ലാം പ്രത്യേകം വെളിച്ചം ലഭിക്കുന്ന രീതിയിൽ വേണം അടുക്കളയിൽ ലൈറ്റിങ് നൽകാൻ. ടാസ്ക് ലൈറ്റും ആമ്പിയന്റ് ലൈറ്റിങ്ങും ഉൾപ്പെടുത്താം. കൗണ്ടർ ടോപ്പുകൾക്കു സമീപവും സിങ്കുകൾക്ക് മുകളിലും ടാസ്ക് ലൈറ്റുകൾ നൽകുന്നത് അനുയോജ്യമാണ്. ഇതിനുപുറമേ സിങ്കുകൾ ജനാലയ്ക്ക് സമീപപത്ത് സ്ഥാപിക്കാൻ ശ്രദ്ധിക്കുക.
ആംബിയന്റ് ലൈറ്റിങ് മാത്രമാണുള്ളതെങ്കിൽ പാചകം ചെയ്യുമ്പോഴോ പച്ചക്കറികൾ അരിയുമ്പോഴോ നിഴൽ തടസ്സം സൃഷ്ടിച്ചേക്കാം. അണ്ടർ ക്യാബിനറ്റ് ലൈറ്റുകൾ വെളിച്ചം നിറയ്ക്കാനും നിഴൽ വീഴുന്ന പ്രശ്നം ഒഴിവാക്കാനും സഹായിക്കും. ക്യാബിനറ്റുകൾ ക്ക് ഉള്ളിലും കൗണ്ടറുകൾക്ക് താഴെയും താരതമ്യേന കുറഞ്ഞ പ്രകാശമുള്ള ആക്സന്റ് ലൈറ്റുകളും ഉൾപ്പെടുത്താം.
ഡൈനിങ് റൂം
ഡൈനിങ് റൂമിന്റെ ശ്രദ്ധാകേന്ദ്രം ഡൈനിങ് ടേബിൾ തന്നെയാണ്. അതുകൊണ്ട് ഡൈനിങ് ടേബിളിന് നേരെ മുകളിലായി ആംബിയന്റ് ലൈറ്റോ ടാസ്ക് ലൈറ്റോ നൽകാം. ഒന്നിലധികം ലൈറ്റ് ഫിക്സ്ച്ചറുകൾ ഉൾപ്പെടുത്താതിരിക്കാൻ ശ്രദ്ധിക്കണം. പലഭാഗത്തുനിന്നും വെളിച്ചം ടേബിളിൽ വീണാൽ അധികമായി നിഴൽ പതിക്കാൻ കാരണമാകും എന്നതിനാലാണിത്. എന്നാൽ ഡൈനിങ് റൂമുകൾ അതിഥികൾ ഒത്തുചേർന്ന് സംസാരിക്കുന്നതിനുള്ള ഇടമായും ഉപയോഗിക്കപ്പെടാറുണ്ട്. ഇതു പരിഗണിച്ച് ഭക്ഷണ സമയത്തും ഒത്തുചേരലുകളുടെ സമയത്തും വ്യത്യസ്ത ലൈറ്റിങ് നൽകുന്നതിനു വേണ്ടി ഡിമ്മർ സ്വിച്ചുകൾ സ്ഥാപിക്കാം.
കിടപ്പുമുറികൾ
സ്വീകരണ മുറി പോലെ ലെയേർഡ് ലൈറ്റിങ് കിടപ്പുമുറിയിലും പരീക്ഷിക്കാവുന്നതാണ്. മുറിയിൽ പ്രധാനമായും വെളിച്ചം നൽകാൻ സീലിങ്ങിൽ ഉറപ്പിക്കാവുന്ന ആംബിയന്റ് ലൈറ്റിങ് തിരഞ്ഞെടുക്കാം. വായന സമയത്ത് ഉപയോഗിക്കാനായി ബെഡ് സൈഡ് ലാമ്പുകളും വാൾ ലൈറ്റുകളും ഉൾപ്പെടുത്തുന്നതാണ് ഉചിതം. ആവശ്യാനുസരണം പ്രകാശം കുറയ്ക്കുകയും കൂട്ടുകയും ചെയ്യാവുന്ന സ്മാർട്ട് ലൈറ്റുകൾ കിടപ്പുമുറികളിലേക്ക് തിരഞ്ഞെടുക്കാം.
പൊതുവേ വാം ലൈറ്റ് ശാന്തത നിറഞ്ഞ അന്തരീക്ഷം കിടപ്പുമുറിയിൽ സൃഷ്ടിക്കും. ഹെഡ് ബോർഡുകളുടെ പിൻഭാഗത്തും കിടക്കയുടെ അടിയിലും എൽ ഇ ഡി സ്ട്രിപ്പ് ലൈറ്റുകൾ ഉൾപ്പെടുത്തിയാൽ കണ്ണിലേക്ക് നേരിട്ട് പ്രകാശം പതിക്കാതെ മുറിയിൽ വെളിച്ചം നിറയ്ക്കാനാവും.
ബാത്റൂം
ബാത്റൂമിലാകെ വെളിച്ചം നിറയ്ക്കാൻ സീലിങ്ങിൽ ആംബിയന്റ് ലൈറ്റിങ് നൽകാം. അതേസമയം ബാത്റൂമിൽ കണ്ണാടി ഉണ്ടെങ്കിൽ ആമ്പിയന്റ് ലൈറ്റിങ് മൂലം നിഴൽ വീണ് പ്രതിബിംബം വ്യക്തമായി കാണാൻ സാധിച്ചില്ലെന്ന് വരാം. കണ്ണാടിക്ക് ചുറ്റും വാനിറ്റി ലൈറ്റുകൾ നൽകുന്നത് കൂടുതൽ സൗകര്യവും ബാത്റൂമിനുള്ളിൽ മികച്ച പ്രകാശവും നൽകും. ബാത്റൂമിൽ തന്നെ ടോയ്‌ലറ്റ് ഏരിയ ഉണ്ടെങ്കിൽ ആ ഭാഗത്തിന് പ്രത്യേകമായി ലൈറ്റ് നൽകണം. ഇതിനുപുറമെ മോഷൻ സെൻസർ നൈറ്റ് ലൈറ്റ് ഉൾപ്പെടുത്തിയാൽ രാത്രികാലങ്ങളിൽ ബുദ്ധിമുട്ടില്ലാതെ ബാത്റൂം ഉപയോഗിക്കാനാവും. പകലും രാത്രിയും വ്യത്യസ്ത രീതിയിലാണ് ബാത്റൂമിൽ വെളിച്ചം ആവശ്യമായി വരിക. അതിനാൽ വെളിച്ചത്തിന് അനുസൃതമായി ഉപയോഗിക്കാനാവുന്ന ഡിമ്മർ സ്വിച്ചുകൾ ഉൾപ്പെടുത്താം.