തുടർച്ചയായ മൂന്നാം അർധസെഞ്ചറി ഒറ്റ റണ്ണിന് നഷ്ടം; ചിന്നസ്വാമിയിൽ ആർസിബിയുടെ തന്ത്രങ്ങൾ പൊളിച്ചത് ഈ 23കാരൻ– വിഡിയോ

Mail This Article
ബെംഗളൂരു∙ ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) ആർസിബിയുടെ ‘റോയൽ’ കുതിപ്പിന് തടയിട്ട് ഗുജറാത്ത് ടൈറ്റൻസ് എതിർ തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ജയിച്ചുകയറുമ്പോൾ, അവരുടെ ബാറ്റിങ് നിരയിൽ ശ്രദ്ധാകേന്ദ്രമായി ഒരു ‘അൺസങ് ഹീറോ’! തുടർച്ചയായ മൂന്നാം മത്സരത്തിലും ഗുജറാത്ത് ബാറ്റിങ്ങിന്റെ നട്ടെല്ലായി മാറിയ തമിഴ്നാട് താരം സായ് സുദർശനാണ്, ആർസിബിയുടെ തന്ത്രങ്ങൾ പൊളിച്ചടുക്കി ടീമിന് വിജയം സമ്മാനിച്ചത്. ആദ്യ രണ്ടു മത്സരങ്ങളിൽ 74, 63 എന്നിങ്ങനെ സ്കോർ ചെയ്ത സായ് സുദർശൻ, ആർസിബിക്കെതിരെ 36 പന്തിൽ 49 റൺസെടുത്താണ് പുറത്തായത്. ഏഴു ഫോറും ഒരു സിക്സും ഉൾപ്പെടുന്ന ഇന്നിങ്സ്.
ഇതോടെ, സീസണിലെ റൺവേട്ടക്കാരുടെ പട്ടികയിൽ രണ്ടാമതെത്തി ഈ 23കാരൻ. ഒന്നാമതുള്ള ലക്നൗ താരം നിക്കൊളാസ് പുരാനേക്കാൾ മൂന്നു റൺസ് മാത്രം പിന്നിൽ. ഒന്നാമതുള്ള പുരാൻ മൂന്നു മത്സരങ്ങളിൽനിന്ന് 63 ശരാശരിയിൽ 219നു മുകളിൽ സ്ട്രൈക്ക് റേറ്റോടെ നേടിയത് 189 റൺസ്. സായ് സുദർശൻ 62 ശരാശരിയിൽ 157നു മുകളിൽ സ്ട്രൈക്ക് റേറ്റോടെ നേടിയത് 186 റൺസും.
മത്സരത്തിൽ 170 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങുമ്പോൾ ഗുജറാത്തിന്റെ ആശങ്കയും ബെംഗളൂരുവിന്റെ പ്രതീക്ഷയും ജോഷ് ഹെയ്സൽവുഡും ഭുവനേശ്വർ കുമാറും ചേർന്നെറിയുന്ന പവർപ്ലേ ഓവറുകളിലായിരുന്നു. ന്യൂബോളിന്റെ പിന്തുണയുമായെത്തിയ ബെംഗളൂരു പേസ് ആക്രമണങ്ങളുടെ മുനയൊടിച്ചത് ഗുജറാത്ത് ഓപ്പണർ സായ് സുദർശന്റെ ചെറുത്തുനിൽപാണ്. ആദ്യ 11 പന്തുകളിൽ 5 റൺസ് മാത്രം നേടി ക്രീസിൽ താളം കണ്ടെത്തിയ സായ് ഇന്നിങ്സിലെ നാലാം ഓവറിലാണ് തന്റെ ആദ്യ ബൗണ്ടറി കണ്ടെത്തിയത്.
വിക്കറ്റ് സംരക്ഷിക്കുന്നതിലും റൺറേറ്റിന്റെ സമ്മർദമില്ലാതെ സ്കോറുയർത്തുന്നതിലുമുള്ള സായിയുടെ മികവ് ബെംഗളൂരുവിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചു. മുൻപ് മോശം സ്ട്രൈക്ക് റേറ്റിന്റെ പേരിൽ വിമർശനമേറ്റുവാങ്ങേണ്ടിവന്ന താരം ഐപിഎലിൽ ഗുജറാത്തിന്റെ ഏറ്റവും വിശ്വസ്തനായ ബാറ്ററുടെ റോളിലാണിപ്പോൾ.