ഹാമിൽട്ടൺ മാർത്തോമ്മാ കോൺഗ്രിഗേഷൻ ഇനി ട്രിനിറ്റി മാർത്തോമ്മാ ഇടവക

Mail This Article
ഹാമിൽട്ടൺ∙ ന്യൂസീലൻഡിലെ ഹാമിൽട്ടണിൽ ഇരുപതിൽ അധികം വർഷമായിയുള്ള ഹാമിൽട്ടൺ മാർത്തോമ്മാ കോൺഗ്രിഗേഷനെ ട്രിനിറ്റി മാർത്തോമ്മാ ഇടവകയായി ഉയർത്തി. മലേഷ്യ-സിങ്കപ്പൂർ-ഓസ്‌ട്രേലിയ-ന്യൂസീലൻഡ് ഭദ്രാസന അധിപൻ ഡോ. ഗ്രിഗോറിയോസ് മാർ സ്‌തേഫാനോസ് മാർച്ച് 20ന് ട്രിനിറ്റി മാർത്തോമ്മാ ചർച്ചിന്റെ ഉദ്ഘാടനം നിർവഹിച്ചു. അന്നേ ദിവസം കുർബാനയ്ക്കും ഡോ. ഗ്രിഗോറിയോസ് മാർ സ്‌തേഫാനോസ് കാർമികത്വം വഹിച്ചു.
തുടർന്ന് ഇടവക ദിനം, മുതിർന്ന പൗരന്മാരെ ആദരിക്കൽ ചടങ്ങ്, ഗ്രിഗോറിയോസ് മാർ സ്‌തേഫാനോസിന്റെ ജന്മദിനാഘോഷം എന്നിവ നടന്നു. റവ. സാബു സാമുവേൽ അധ്യക്ഷത വഹിച്ചു.

റവ. സാബു സാമുവേൽ ഇടവക വികാരിയും അനോജ് പി. കുര്യൻ ഇടവക സെക്രട്ടറിയുമായി പ്രവർത്തിക്കുന്നു. വൈസ് പ്രസിഡന്റ് ജോർജ് ചെറിയാൻ, ട്രസ്റ്റി ജോജി വർഗീസ്, മറ്റ് കമ്മിറ്റി അംഗങ്ങൾ എന്നിവർ ചേർന്നാണ് ഗ്രിഗോറിയോസ് മാർ സ്‌തേഫാനോസിനെ സ്വീകരിച്ചത്. മാർച്ച് 26ന് ന്യൂസീലൻഡിലെ സന്ദർശനം പൂർത്തിയാക്കി ഗ്രിഗോറിയോസ് മാർ സ്‌തേഫാനോസ് ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബെയിനിലേക്ക് യാത്രയായി.