ബാഹുബലിയും ലാലേട്ടനും മമ്മൂക്കയുമെല്ലാം 'ജിബിലി' സ്റ്റൈലിൽ; എഐ ഇമേജ് അപ്‌ഡേറ്റ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു

Mail This Article
GPT-4oയുടെ ഭാഗമായി പുറത്തിറങ്ങിയ ഓപ്പൺഎഐയുടെ ഏറ്റവും പുതിയ ഇമേജ് ജനറേഷൻ അപ്‌ഡേറ്റ് സാമൂഹിക മാധ്യമങ്ങളിൽ തരംഗമാകുന്നു. ജാപ്പനീസ് ആനിമേറ്റർ ഹയാവോ മിയാസാക്കിയുടെ ഐതിഹാസിക കലാശൈലി ആയ ജിബിലി (Ghibli) സ്റ്റൈലിൽ ചിത്രങ്ങൾ സൃഷ്ടിക്കാനാവുന്ന ഈ അപ്‌ഡേറ്റ് നിരവധി ഉപയോക്താക്കളെ ആകർഷിച്ചിരിക്കുകയാണ്.
OpenAI യുടെ അപ്‌ഡേറ്റ് ലൈവായതിനു ശേഷം, ഉപയോക്താക്കൾ ഇമേജ് ജനറേറ്ററിൽ വിവിധ പരീക്ഷണങ്ങൾ ആരംഭിച്ചു. സെൽഫികളും സിനിമാ രംഗങ്ങളും അപ്‌ലോഡ് ചെയ്ത് തങ്ങളുടേതായ ഭാവനയിലുള്ള ദൃശ്യങ്ങൾ നിർമ്മിക്കാമെന്ന പ്രത്യേകതയാണ് "Images in ChatGPT" എന്ന ഈ പുതിയ ഫീച്ചറിന് വലിയ ശ്രദ്ധ നേടാൻ കാരണമായത്.
ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാനും ഈ ട്രെൻഡിന്റെ ഭാഗമായിട്ടുണ്ട്. 1985-ൽ ഹയാവോ മിയാസാക്കിയും ഇസാവോ തകഹാട്ടയും ചേർന്ന് സ്ഥാപിച്ച സ്റ്റുഡിയോ ജിബിലി, കൾട്ട് ഫോളോവേഴ്‌സുള്ള ഒരു ജാപ്പനീസ് ആനിമേഷൻ സ്റ്റുഡിയോയാണ്. അതുല്യമായ ആനിമേഷൻ ശൈലി, വൈകാരിക കഥപറച്ചിൽ, പ്രകൃതിയുടെയും മാന്ത്രിക യാഥാർത്ഥ്യത്തിന്റെയും തീമുകൾ എന്നിവയ്‌ക്ക് പേരുകേട്ടതാണിത്.
അവർ നിർമിച്ച പ്രശസ്ത സിനിമകളിൽ "സ്പിരിറ്റഡ് എവേ", "ഹൗൾസ് മൂവിംഗ് കാസിൽ", "പോണ്യോ" എന്നിവ ഉൾപ്പെടുന്നു. അതേസമയം, രസകരമായ വസ്തുതയെന്നാൽ ഹയാവോ മിയാസാക്കി എഐ സാങ്കേതിക വിദ്യയിലൂടെ ചിത്രങ്ങൾ സൃഷ്ടിക്കപ്പെടുന്നതിനെ അനുകൂലിക്കാത്തവരിൽ ഒരാളാണ്.