"ഹരിതകർമസേന ഫീസീടാക്കി വീടുകളിൽ നിന്ന് ശേഖരിച്ച പ്ലാസ്റ്റിക് വഴിയരികിൽ കൂട്ടിയിട്ട് കത്തിക്കുന്നു" പ്രചാരണം വ്യാജം | Fact Check

Mail This Article
കേരളത്തിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പത്ത് മുതൽ 40 വരെ അംഗങ്ങളുള്ള ഒരു സംരംഭമാണ് ഹരിതകർമസേന.വീടുകളിൽ നിന്നും അജൈവ മാലിന്യം കൃത്യമായ ഇടവേളകളിൽ സ്വീകരിച്ച് അവ മറ്റീരിയൽ കളക്ഷൻ ഫെസിലിറ്റിയിൽ എത്തിച്ച് ഇവിടെ നിന്നും മാലിന്യം തരംതിരിച്ച് റിസോഴ്സ് റിക്കവറി ഫെസിലിറ്റിയിൽ അയയ്ക്കുന്നു. തുടർന്ന് തരംതിരിച്ച മാലിന്യം പുനരുപയോഗം ചെയ്യാനുള്ള സംയോജനങ്ങൾ സാധ്യമാക്കുന്നതാണ് ഹരിതകർമ സേനയുടെ പ്രവർത്തനരീതി. എന്നാൽ ഇപ്പോൾ ഫീസ് ഈടാക്കി ഹരിത കർമസേന കൊണ്ടുപോകുന്ന പ്ലാസ്റ്റിക്ക് പരസ്യമായി കത്തിക്കുന്നെന്ന അവകാശവാദവുമായുള്ള പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ പ്രചാരണം വ്യാജമാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായി. വാസ്‌തവമറിയാം
∙ അന്വേഷണം
'50 രൂപ ഫീസ് ഈടാക്കി ഹരിത കർമസേന കൊണ്ടുപോയ പ്ലാസ്റ്റിക്ക് ആണ് ഈ കത്തിക്കുന്നത്. നമ്മൾ വീട്ടിൽ കത്തിച്ചാൽ ഫൈൻ.'' എന്ന കുറിപ്പിനൊപ്പമാണ് വിഡിയോ പ്രചരിക്കുന്നത്. വൈറൽ വിഡിയോ കാണാം
കൂട്ടിയിട്ടിരിക്കുന്ന മാലിന്യ കൂമ്പാരത്തിൽ തീ കത്തുന്നതിന്റെ ദൃശ്യമാണ് വൈറൽ വിഡിയോയിലുള്ളത്. തീകത്തുന്നതിന്റെ സമീപത്ത് നിന്ന് ഒരാൾ ഇത് ഫോണിൽ ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതും കാണാം. റിവേഴ്‌സ് ഇമേജ് പരിശോധനയിൽ സമാന ദൃശ്യങ്ങൾക്കും അതേ കുറിപ്പിനുമൊപ്പമുള്ള മറ്റൊരു വിഡിയോ ഞങ്ങൾക്ക് ലഭിച്ചു. 2024 ഫെബ്രുവരി 10-ന് ഫെയ്‌സ്ബുക്കിലാണ് ഈ വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. പോസ്റ്റ് കാണാം
നിരവധി പേരാണ് ഇതേ പോസ്റ്റ് ഷെയർ ചെയ്തിട്ടുള്ളതെന്ന് വ്യക്തമായി. ചില ഫെയ്‌സ്ബുക് പോസ്റ്റുകളിൽ സംഭവം നടന്നത് എറണാകുളം കുമ്പളങ്ങിയിലാണെന്ന കുറിപ്പുമുണ്ട്. " @ കുമ്പളങ്ങി 50 രൂപ ഫീസ് ഈടാക്കി ഹരിത കർമ്മ സേന കൊണ്ടുപോയ പ്ലാസ്റ്റിക്ക് ആണ് ഈ കത്തിക്കുന്നത്. നമ്മൾ വീട്ടിൽ കത്തിച്ചാൽ ഫൈൻ. പ്ലാസ്റ്റിക്ക് ഇല്ലെങ്കിലും യൂസർ ഫീ കൊടുത്തില്ലെങ്കിൽ ഫൈൻ വേറെ" എന്നാണ് ഒരു പോസ്റ്റിനൊപ്പമുള്ള കുറിപ്പ്
ഈ സൂചനയിൽ നിന്ന് സ്ഥിരീകരണത്തിനായി കുമ്പളങ്ങിയിലെ ചില പ്രദേശവാസികളുമായി ഞങ്ങൾ സംസാരിച്ചു. 2024 ഫെബ്രുവരി 11–ന് പെരുമ്പടപ്പ് മാര്‍ക്കറ്റിന് സമീപം തീപിടിത്തമുണ്ടായതിന്റെ ദൃശ്യങ്ങളാണിത്. നിരവധി പേർ പ്രദേശത്ത് മാലിന്യം നിക്ഷേപിക്കുന്നുണ്ട്. ഇതിന്റെയടുത്തായി ഹരിത കർമസേന ശേഖരിച്ചു വച്ച പ്ലാസ്റ്റിക്കിനാണ് തീപിടിച്ചത്. എന്നാൽ ഹരിത കർമസേനയാണ് പ്ലാസ്റ്റിക്കിന് തീയിട്ടതെന്ന പ്രചാരണം തെറ്റാണെന്നും അവർ വ്യക്തമാക്കി. മട്ടാഞ്ചേരി ഫയർ ആൻഡ് റെയ്ക്യൂ ടീമെത്തി അടിയന്തരമായി തീയണച്ചിരുന്നു.
കൂടുതൽ സ്ഥിരീകരണത്തിനായി കോർപറേഷൻ, പൊലീസ് അധികൃതരുമായും ഞങ്ങൾ സംസാരിച്ചിരുന്നു.പെരുമ്പടപ്പ് മാര്‍ക്കറ്റിന് സമീപം തീപിടിത്തമുണ്ടായത് അബദ്ധത്തിൽ സംഭവിച്ചതാണെന്നും കരുതിക്കൂട്ടി ഹരികർമസേന പ്ലാസ്റ്റിക് മാലിന്യത്തിന് തീയിട്ടതാണെന്ന അവകാശവാദം തെറ്റാണെന്നും അധികൃതർ വ്യക്തമാക്കി.
∙ വസ്തുത
പണം ഈടാക്കി വീടുകളില്‍ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക് ഹരിത കര്‍മസേന റോഡരികില്‍ കൂട്ടിയിട്ട് കത്തിച്ചെന്ന അവകാശവാദം തെറ്റാണ്.