ഇപ്പോഴത്തെ ഇടിവിൽ ഓഹരികൾ വാങ്ങാനൊരുങ്ങുവാണോ? ആദ്യം ഡീമാറ്റ് അക്കൗണ്ട് തുറക്കാം

Mail This Article
ഓഹരി വിപണി കഴിഞ്ഞ ഏതാനും വർഷങ്ങളായി കുതിച്ചപ്പോൾ നിക്ഷേപം നടത്താൻ കഴിയാതെ നിരാശരായ ഒട്ടേറെ പ്പേരുണ്ട്. അത്തരക്കാർക്ക് ഇപ്പോഴത്തെ ഇടിവ് അവസരമാണ്. അങ്ങനെ ഓഹരിയിൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ ആദ്യം ഒരു ഡീമാറ്റ് അക്കൗണ്ട് വേണം. ഡിജിറ്റൽ ഫോർമാറ്റിൽ ഓഹരികളും ബോണ്ടുകളും മ്യൂച്ചൽ ഫണ്ടുകളും സൂക്ഷിക്കാനും കൈകാര്യം ചെയ്യാനും വിൽക്കാനും ഇതിലൂടെ സാധിക്കും.
സാമ്പത്തിക ആസ്തികൾ ഇലക്ട്രോണിക് രൂപത്തിൽ സുരക്ഷിതമായി സൂക്ഷിക്കുക എന്നതാണ് ഡീമാറ്റ് അക്കൗണ്ടിന്റെ പ്രാഥമിക ലക്ഷ്യം. ഇന്ത്യൻ സെക്യൂരിറ്റികളിൽ വ്യാപാരം നടത്താൻ ആഗ്രഹിക്കുന്ന എല്ലാവർക്കും ഡീമാറ്റ് അക്കൗണ്ട് ഉണ്ടായിരിക്കണമെന്ന് സെബി (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) ആവശ്യപ്പെടുന്നു.
നിക്ഷേപങ്ങൾ ഇലക്ട്രോണിക് രൂപത്തിൽ സുരക്ഷിതമായി സൂക്ഷിക്കുമ്പോൾ ഇത് മോഷണം, വ്യാജരേഖ ചമയ്ക്കൽ, അല്ലെങ്കിൽ ഭൗതിക സർട്ടിഫിക്കറ്റുകൾ നഷ്ടപ്പെടാനുള്ള സാധ്യത കുറയ്ക്കുന്നുണ്ട്.

അതുപോലെ സെക്യൂരിറ്റികൾ മറ്റൊരു ഡീമാറ്റ് അക്കൗണ്ടിലേക്ക് എളുപ്പത്തിൽ ട്രാൻസ്ഫർ ചെയ്യാൻ കഴിയും. ഒരു ഡീമാറ്റ് അക്കൗണ്ട് എല്ലാ നിക്ഷേപങ്ങളും ഒരിടത്ത് സൂക്ഷിക്കാൻ സഹായിക്കുന്നു. ഇത് നിങ്ങളുടെ പോർട്ട്ഫോളിയോ നിരീക്ഷണം എളുപ്പമാക്കും.
ഇന്ത്യയിൽ, നാഷണൽ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററി ലിമിറ്റഡും (NSDL) സെൻട്രൽ ഡിപ്പോസിറ്ററി സർവീസസ് ലിമിറ്റഡും (CDSL) ഡിമാറ്റ് അക്കൗണ്ടുകൾ നൽകുന്ന രണ്ട് പ്രധാന ഡിപ്പോസിറ്ററികളാണ്.
എങ്ങനെ തുടങ്ങാം?
ഇന്ത്യൻ പൗരന്മാർക്കും പ്രവാസി ഇന്ത്യക്കാർക്കും (NRI) ഡീമാറ്റ് അക്കൗണ്ട് തുറക്കാൻ കഴിയും. അതിന് കുറഞ്ഞത് 18 വയസാകണം. പ്രായപൂർത്തിയാകാത്തവർക്ക് രക്ഷിതാവ് വഴിയും ഡീമാറ്റ് അക്കൗണ്ട് തുറക്കാം.
∙ഡീമാറ്റ് അക്കൗണ്ട് തുറക്കുന്നത് വളരെ ലളിതമാണ്. ഡിപ്പോസിറ്ററി പാർട്ടിസിപ്പന്റ് (ഡിപി) വഴി ഓൺലൈനായി ചെയ്യാൻ കഴിയും.
∙ഫീസ്, ട്രേഡിങ് പ്ലാറ്റ്‌ഫോം, ഉപഭോക്‌തൃ സേവനങ്ങൾ തുടങ്ങിയ ആവശ്യങ്ങൾ അടിസ്ഥാനമാക്കി നിങ്ങൾക്ക് ഡിപി തിരഞ്ഞെടുക്കാം.
∙ഡിപിയുടെ വെബ്സൈറ്റ് സന്ദർശിച്ച് ഡീമാറ്റ് അക്കൗണ്ട് തുറക്കുക എന്ന ഓപ്ഷൻ നോക്കുക.
∙അപേക്ഷാ ഫോമിലെ വിവരങ്ങൾ കൃത്യമായി നൽകുക.
∙നിങ്ങളുടെ രേഖകളുടെ സ്കാൻ ചെയ്ത പകർപ്പുകൾ അപ്‌ലോഡ് ചെയ്യുക.
∙തിരിച്ചറിയൽ രേഖയ്ക്കായി പാൻ കാർഡ്, ആധാർ കാർഡ്, അല്ലെങ്കിൽ മറ്റേതെങ്കിലും സാധുവായ ഐഡി ഉപയോഗിക്കാം
∙അഡ്രസ് തെളിയിക്കാനായി ആധാർ കാർഡ്, വോട്ടർ ഐഡി, പാസ്‌പോർട്ട്, ഡ്രൈവിങ് ലൈസൻസ്, അല്ലെങ്കിൽ യൂട്ടിലിറ്റി ബിൽ (3 മാസത്തിൽ കൂടുതൽ പഴക്കമില്ലാത്തത്) ഉപയോഗിക്കാം
∙ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ നൽകണം. ബാങ്ക് സ്റ്റേറ്റ്മെന്റ് അല്ലെങ്കിൽ അക്കൗണ്ട് പാസ്ബുക്കിന്റെ പകർപ്പ്.
∙പാസ്‌പോർട്ട് സൈസ് ഫോട്ടോ, നിങ്ങളുടെ ഒപ്പിന്റെ പകർപ്പ്, റദ്ദാക്കിയ ചെക്ക് എന്നിവയും നൽകണം.
∙മൊബൈൽ നമ്പറും, ഇ മെയിൽ ഐ ഡിയും നൽകണം
∙കെവൈസി വിവരങ്ങൾ ഡിജിറ്റലായി പ്രാമാണീകരിക്കുന്നത് ഉൾപ്പെടുന്ന നോ യുവർ കസ്റ്റമർ (കെവൈസി) പരിശോധന പൂർത്തിയാക്കുക.
∙ഡിപി-ക്ലയന്റ് കരാറിൽ ഒപ്പിടുക. ഈ കരാർ ഡിപിയുടെയും അക്കൗണ്ട് ഉടമയുടെയും അവകാശങ്ങൾ, കടമകൾ, ഉത്തരവാദിത്തങ്ങൾ എന്നിവയെ വിവരിക്കുന്നു.
∙പ്രക്രിയ പൂർത്തിയായിക്കഴിഞ്ഞാൽ, നിങ്ങളുടെ ഡീമാറ്റ് അക്കൗണ്ട് നമ്പർ ലഭിക്കും.
∙സെക്യൂരിറ്റികൾ കൈവശം വയ്ക്കാൻ ഡീമാറ്റ് അക്കൗണ്ട് ഉപയോഗിക്കാം. എന്നാൽ വാങ്ങൽ, വിൽപ്പന ഓർഡറുകൾ നൽകുന്നതിന് ഒരു ട്രേഡിങ് അക്കൗണ്ട് ഉപയോഗിക്കാം.
# നിങ്ങൾ ഓഹരികളൊന്നും വാങ്ങിയില്ലെങ്കിൽ പോലും ബ്രോക്കർമാർ ഡീമാറ്റ് അക്കൗണ്ടുകൾക്ക് വാർഷിക ഫീസ് ഈടാക്കും.
∙മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾക്ക് ഡീമാറ്റ് അക്കൗണ്ട് നിർബന്ധമല്ല. എന്നാൽ മ്യൂച്വൽ ഫണ്ടുകൾ കൈവശം വയ്ക്കാൻ ഡീമാറ്റ് അക്കൗണ്ട് ഉപയോഗിക്കുന്നത് അധിക സൗകര്യം, സുരക്ഷ, പോർട്ട്‌ഫോളിയോ എല്ലാം ഒരുമിച്ച് കാണുന്നതിനുള്ള സൗകര്യം നൽകും.